സൈന്യവും അർധസൈനിക വിഭാഗവും തമ്മില്‍ പോരടിക്കുന്ന സുഡാനില്‍ കുട്ടികള്‍ക്കുനേരേയും കൂട്ടക്കുരുതി
തെക്കൻ സുഡാനിലെ നഴ്‌സറി സ്‌കൂളില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 43 കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടെ 79 പേർ കൊല്ലപ്പെട്ടു.
കോർഡോഫാൻ സംസ്ഥാനത്തെ കലോജിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. സുഡാനില്‍ വിമതസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് (ആർഎസ്‌എഫ്) ആണ് ആക്രമണത്തിന് പിന്നിലെന്ന് സുഡാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
സുഡാനിലെ സാധാരണക്കാർക്കെതിരേ ഭീകരരായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് നടത്തുന്ന വംശഹത്യ അപലനീയമാണ്. 43 കുട്ടികളും ആറ് സ്ത്രീകളുമടക്കം 79 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റവരെ സഹായിക്കാൻ ഓടിയെത്തിയ സമീപവാസികളേയും ആർഎസ്‌എഫ് ആക്രമിച്ചുവെന്നു മന്ത്രാലയം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതേസമയം മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സർക്കാരിന്റെ അധീനതയില്‍നിന്ന് പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ എല്‍-ഫാഷർ നഗരം ആർഎസ്‌എഫ് പിടിച്ചെടുത്തത്. അതോടൊപ്പം തന്നെ കൂട്ടക്കൊലകളും അരങ്ങേറി.
ആക്രമണം രൂക്ഷമായതോടെ പതിനായിരക്കണക്കിനാളുകള്‍ ജീവനുംകൊണ്ട് പലായനം ചെയ്തു. വലിയ കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കിയാണ് ആർഎസ്‌എഫ് കൊല്ലപ്പെട്ടവരെ സംസ്‌കരിച്ചത്. അതേസമയം, കൂട്ടക്കൊലയുടെ തെളിവുകള്‍ നശിപ്പിക്കാൻ ആർഎസ്‌എഫ് ശ്രമിച്ചവെന്ന് യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നഥാനിയേല്‍ റെയ്മണ്ട് അല്‍ ജസീറയോട് പറഞ്ഞു. ഗാസയില്‍ കഴിഞ്ഞ രണ്ട് വർഷത്തെ യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ ആളുകള്‍ 10 ദിവസത്തിനുള്ളില്‍ ഇവിടെ മരിച്ചിട്ടുണ്ടാകാമെന്ന് റെയ്മണ്ട് കൂട്ടിച്ചേർത്തു.
ഏതാനും ദിവസം മുൻപ് റിസർച്ച് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളില്‍ കൂട്ടക്കൊലയുടെ തെളിവുകള്‍ പുറത്തുവന്നിരുന്നു. മൃതദേഹങ്ങളുടെ കൂമ്ബാരങ്ങളും നഗരത്തില്‍ പലയിടത്തും രക്തച്ചാലുകളും ചിത്രങ്ങളില്‍ തെളിഞ്ഞിരുന്നു. ആർഎസ്‌എഫ് നഗരം പിടിച്ചെടുത്തതിനുശേഷം 70,000-ത്തിലധികം ആളുകള്‍ നഗരത്തില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. വിചാരണയില്ലാത്ത കൊലപാതകങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, കൂട്ടക്കൊലകള്‍ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ദൃക്‌സാക്ഷികളും മനുഷ്യാവകാശ സംഘടനകളും പറയുന്നു.
അതേസമയം എല്‍ ഫാഷറിന്റെ പതനത്തോടെ സായുധകലാപം സുഡാനിലെ മറ്റു പ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. 2023 ഏപ്രിലില്‍ സുഡാനീസ് സായുധ സേന നേതാവ് ജനറല്‍ അബ്ദേല്‍ ഫത്താഹ് അല്‍ ബുർഹാനും ആർഎസ്‌എഫ് കമാൻഡർ മുഹമ്മദ് ഹംദാൻ ഡഗാലോയും തമ്മില്‍ പിണങ്ങിയതിന് പിന്നാലെയാണ് നരവേട്ട രൂക്ഷമായത്. ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ സ്വർണ്ണ ഉത്പാദകരായ സുഡാനിലെ സ്വർണ്ണമാണ് ആർഎസ്‌എഫിന് ഇന്ധനം നല്‍കുന്നത്. ദാർഫറിലെ ഈ ഖനികള്‍ നിയന്ത്രിക്കുന്ന ആർഎസ്‌എഫ് കോടികള്‍ സമ്പാദിക്കുന്നു. പകരം ആയുധങ്ങളും ഡ്രോണുകളും സംഘടിപ്പിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.



