ഇറാനില്‍ ക്രിസ്തുമതം സ്വീകരിച്ച അഞ്ചുപേര്‍ക്ക് എട്ടുവര്‍ഷം തടവ്: ശിക്ഷ ശരിവച്ച്‌ മേല്‍ക്കോടതിയും

ടെഹ്റാൻ : ക്രിസ്തുമതം സ്വീകരിച്ച അഞ്ചുപേർക്ക് എട്ടുവർഷം വരെ തടവുശിക്ഷ വിധിച്ച്‌ ഇറാൻ കോടതി. ക്രിസ്തുമതം പ്രചരിപ്പിച്ചതിനും ഇറാന്റെ ദേശീയ സുരക്ഷയ്ക്ക് എതിരായി പ്രവർത്തിച്ചതിനും ശിക്ഷിക്കപ്പെട്ട ഇവരുടെ അപ്പീല്‍ ടെഹ്റാനിലെ അപ്പീല്‍ കോടതി തള്ളി.

ഭരണകൂടം മതവിശ്വാസികളെ നിശ്ശബ്ദരാക്കാനും വീടുകളിലെ പള്ളികള്‍ തകർക്കാനും പതിവായി ഉപയോഗിക്കുന്ന കുറ്റാരോപണമാണിത്.

ചില റിപ്പോർട്ടുകള്‍ പ്രകാരം, ഇവർക്ക് ഏഴര വർഷം മുതല്‍ 17 മാസം വരെയുള്ള ശിക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ ‘വിദേശ ബന്ധങ്ങളിലൂടെ ഇസ്ലാമിക നിയമത്തിനെതിരായ പ്രചാരണ പ്രവർത്തനം നടത്തുക’ എന്ന കുറ്റവും ചുമത്തപ്പെട്ടുവെന്നാണ് വിവരം. ഇതില്‍ ഒരാള്‍ക്ക് ഇറാനിലെ പരമോന്നത നേതാവിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു എന്ന കുറ്റത്തിന് അധിക ശിക്ഷയും ലഭിച്ചതായി സൂചനയുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഇറാനില്‍ നൂറോളം ക്രിസ്ത്യാനികളെയാണ് തടവിലാക്കിയത്. ഇവർക്കായി ആകെ 260 വർഷത്തിലേറെ തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്. 2024-ല്‍ മാത്രം 96 ക്രിസ്ത്യാനികള്‍ക്ക് ആകെ 263 വർഷത്തെ തടവ് ശിക്ഷ ലഭിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോർട്ട് ചെയ്യുന്നു. 2023-ലെ കണക്കുകളേക്കാള്‍ ആറിരട്ടി വർദ്ധനവാണിത്. മതം മാറിയ ക്രിസ്ത്യാനികളെ ഭരണകൂടം ‘രാജ്യദ്രോഹികള്‍’ ആയി കാണുകയും ‘ദേശീയ സുരക്ഷയ്ക്ക് ഭീഷണി’ എന്ന പേരില്‍ വേട്ടയാടുകയും ചെയ്യുന്നു.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌, ക്രിസ്തുമത വിശ്വാസത്തിന്റെ പേരില്‍ ഇറാനിലെ വിശ്വാസികള്‍ നേരിടുന്നത് കടുത്ത പീഡനങ്ങളാണ്. പലരും അറസ്റ്റ് ചെയ്യപ്പെടുകയും ചോദ്യം ചെയ്യലുകള്‍ക്കിടെ മർദ്ദനത്തിനും കഠിനമായ പീഡനത്തിനും ഇരയാവുകയും ചെയ്യുന്നു.തടവിലാക്കപ്പെടുന്നവർക്ക് പലപ്പോഴും മതിയായ ചികിത്സാസഹായം ഉള്‍പ്പെടെയുള്ള അടിസ്ഥാനപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പൊതുവായ പള്ളികളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നത് കൊണ്ട് അവർ രഹസ്യമായി വീടുകളില്‍ കൂടുന്നു. ഇത്തരം ‘ഭവനപ്പള്ളികള്‍’ റെയ്ഡ് ചെയ്യപ്പെടുകയും അംഗങ്ങള്‍ അറസ്റ്റിലാവുകയും ചെയ്യുന്നത് പതിവാണ്. ക്രിസ്ത്യൻ പുസ്തകങ്ങള്‍ കൈവശം വെക്കുക, ഓണ്‍ലൈൻ ക്ലാസുകളില്‍ പങ്കെടുക്കുക, സുവിശേഷപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം ഭരണകൂടം കുറ്റകൃത്യമായി കാണുന്നു.