ജക്കാർത്ത: ഇന്തോനേഷ്യയില്‍ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുകളിലും മരിച്ചവരുടെ എണ്ണം 442 ആയി. 402 പേരെ കാണാതായിട്ടുണ്ട്.
646 പേർക്ക് പരിക്കേറ്റതായും ദേശീയ ദുരന്ത നിവാരണ ഏജൻസി ഞായറാഴ്ച അറിയിച്ചു.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സുമാത്ര ദ്വീപിലെ രണ്ട് നഗരങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇവിടങ്ങളിലേക്ക് സഹായമെത്തിക്കാൻ ജക്കാർത്തയില്‍ നിന്ന് രണ്ട് യുദ്ധക്കപ്പലുകള്‍ അയച്ചു. അവശ്യവസ്തുക്കള്‍ പോലുമില്ലാതെ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്ന ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ എത്താൻ രക്ഷാപ്രവർത്തന സംഘങ്ങള്‍ ശ്രമിക്കുകയാണ്.
സഹായം ലഭിക്കാൻ വൈകുന്നത് കാരണം ചില പ്രദേശങ്ങളില്‍ ആളുകള്‍ സാധനങ്ങള്‍ കൊള്ളയടിക്കുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ തായ്‌ലൻഡിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഇവിടെ തുടരുകയാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്ക് 20 ലക്ഷം ബാത്ത് (ഏകദേശം $62,000) വരെ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ച ആരോപിച്ച് രണ്ട് പ്രാദേശിക ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അയല്‍ രാജ്യമായ മലേഷ്യയില്‍, 18,700 ഓളം ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് കഴിയുന്നത്. ഇവിടെ മഴ മുന്നറിയിപ്പുകള്‍ പിൻവലിക്കുകയും ആകാശം തെളിയാൻ സാധ്യതയുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
ഉഷ്ണമേഖലാ കൊടുങ്കാറ്റ് സാഹചര്യം രൂക്ഷമാക്കിയതാണ് ഇന്തോനേഷ്യയിലും തായ്‌ലൻഡിലും ഈ വർഷം ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. കാലാവസ്ഥാ മാറ്റം കാരണം മഴയുടെ തീവ്രതയും ദൈർഘ്യവും വർധിക്കുന്നത് ഇത്തരം ദുരന്തങ്ങള്‍ കൂടാൻ കാരണമാകുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു.



