ഹോങ്കോങ്ങ് ദുരന്തത്തില്‍ മരണ സംഖ്യ 44 ആയി: 200ലധികം പേര്‍ക്കായി തെരച്ചില്‍

ഹോങ്കോങ്ങ്: ഹോങ്കോങ്ങില്‍ 31 നിലകളുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരണ സംഖ്യ 44 ആയി.

നിരവധി പേർക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെ നില ഗുരുതരമാണ്. 279 പേരെ കാണാതായി. രണ്ടായിരത്തോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. തായ്പോയിലെ വാങ്ഫുക് കോംപ്ലക്സിലെ ഏഴ് കെട്ടിടങ്ങളില്‍ ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് തീ പടർന്നത്. ഉടൻ അഗ്നിശമനസേനാംഗങ്ങളും പൊലീസുമെത്തി അണയ്ക്കാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന്റെ മുകളിലേക്ക് തീ ആളിപ്പടർന്നു. നിരവധി പേർ കുടുങ്ങിക്കിടന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.

അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങള്‍ക്കുപുറമേ കെട്ടിയ മുളങ്കാലുകളില്‍ നിന്നാണ് തീ പടർന്നതെന്ന് അധികൃതർ അറിയിച്ചു. ഏറ്റവും തീവ്രതയേറിയ ലെവല്‍ 5 വിഭാഗത്തില്‍പ്പെട്ട അഗ്നിബാധയാണിത്. തീ നിലവില്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. രക്ഷപ്പെട്ട 900 ഓളം പേരെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി. 128 ഫയർ എൻജിനുകളും 767 ഫയർഫോഴ്‌സ് സേനാംഗങ്ങളും 400 പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. നിരവധി പാർപ്പിട സമുച്ചയങ്ങള്‍ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയിലാണിത്.

വൻ അഗ്നിബാധയില്‍ മൂന്ന് പേർ അറസ്റ്റിലായി. 52നും 68നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പുരുഷന്മാർ.തീപിടിത്തം ഉണ്ടായ പാർപ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്ബനിയുടെ ഉദ്യോഗസ്ഥർ ആണ് അറസ്റ്റില്‍ ആയത്. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളില്‍ ഏറ്റവും ഉയർന്ന അളവായ ലെവല്‍ 5 ലുള്ള അഗ്നിബാധയാണ് വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിലുണ്ടായത്.

അതിനിടെ തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ പൊലീസും അഗ്നിശമന വകുപ്പും ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 2024 ജൂലായ് മുതലാണ് ഇവിടെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

തായ് പോ ജില്ലിയിലെ സ്കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കിയിട്ടുണ്ട്. 1983ല്‍ നി‍ർമ്മിതമായ ബഹുനില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന് ചുറ്റും മുളകള്‍ കൊണ്ടുള്ള വേലിയുണ്ടായിരുന്നത് തീ വളരെ എളുപ്പത്തില്‍ പടരുന്നതിന് കാരണമായെന്ന് വിലയിരുത്തുന്നുണ്ട്.

ഡിസംബർ 7ന് നടക്കുന്ന ലെഗ്കോ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങള്‍ താത്ക്കാലത്തേക്ക് നിറുത്തിവച്ചു. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നാല്‍ അത് പുനഃപരിശോധിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ലീ പറഞ്ഞു. സംഭവത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അനുശോചനം രേഖപ്പെടുത്തി.