ഭരണതലത്തിലും പെന്തക്കോസ്തിന്റെ ചലനങ്ങൾ നടക്കട്ടെ

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ഒരുകാലത്ത് തികച്ചും അവഗണിക്കപ്പെട്ട, അകറ്റി നിർത്തിയ ഒരു കൂട്ടമായിരുന്നു പെന്തക്കോസ് സമൂഹം. വിവാഹത്തിന് ക്ഷണനമോ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുപ്പിക്കുവാനോ അവർക്ക് അനുവാദം ഇല്ലായിരുന്നു.

എന്നാൽ ഇന്ന് കേരളത്തിലും, ഇന്ത്യയുടെ മണ്ണിലും, ലോകമെമ്പാടും പെന്തക്കോസ് സമൂഹം വളർന്ന് പന്തലിച്ച് ഒരു വലിയ ശക്തിയായി മാറ്റപ്പെട്ടു. ദൈവം തന്റെ സഭയെ വളർത്തി. അതൊരു യാഥാർത്ഥ്യമാണ്. സമൂഹത്തിൽ ഒരുകാലത്ത് തിന്മ അനുഭവിച്ചു, എങ്കിലും ഈ ആധുനിക കാലഘട്ടത്തിലും പെന്തക്കോസ്ത് സഭ, വിശ്വാസികൾ നേരിടുന്ന വെല്ലുവിളികൾ സാമൂഹിക ദേശീയ തലങ്ങളിൽ വളരെയധികം, ഇതര ക്രൈസ്തവസമൂഹം അനുഭവിക്കുന്നതിൽ അധികം പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഇത് എങ്ങനെ തരണം ചെയ്യുവാൻ കഴിയും? ലോകത്തിൽ ദൈവമക്കൾക്ക് പീഡിയും കഷ്ടവും ഉണ്ട്, പ്രതിഫലം സ്വർഗ്ഗത്തിൽ ഉണ്ട് ഇതെല്ലാം യാഥാർത്ഥ്യവും, സത്യവുമാണ്. ഇന്ത്യ എന്ന മതേതര രാജ്യത്ത് നമ്മുടെ സമൂഹത്തിന് ന്യായമായി ഗവൺമെന്റിന്റെ പ്രൊട്ടക്ഷനും, സഹായങ്ങളും ആവശ്യമത്രേ. ന്യായമായിട്ടുള്ള അവകാശങ്ങൾ ഗവൺന്റെ തലത്തിൽ നിന്ന് ലഭിക്കുവാൻ നാം അർഹതപ്പെട്ടവരാണ്.

നിയമങ്ങൾ അനുസരിക്കുകയും, നികുതികൾ കൊടുക്കുകയും, രാജ്യത്തെ സ്നേഹിക്കുകയും, രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ജനമാണ് പെന്തക്കോസ്ത് സമൂഹം. ഇതര ക്രൈസ്തവസമൂഹങ്ങൾ കേരളത്തിലും, ഇന്ത്യയുടെ മണ്ണിലും അവരുടേതായ ആധിപത്യവും വേരും അവർ എന്നെന്നേക്കുമായി ഉറപ്പിച്ചു കഴിഞ്ഞു. ആര് ദേശീയ തലത്തിലും, പ്രാദേശികതലത്തിലും അധികാരത്തിൽ വന്നാലും അവർക്ക് ലഭിക്കേണ്ടതായ പരിഗണനകൾ എന്നും അവർക്ക് ലഭിച്ചിരിക്കും. അവർ അതിനുവേണ്ടി ശബ്ദം ഉയർത്തും. രാഷ്ട്രീയ തലങ്ങളിൽ അവർക്ക് പല ബന്ധങ്ങളുമുണ്ട്. അതുകൊണ്ട് എന്തെങ്കിലും പ്രകോപനങ്ങളും, പ്രശ്നങ്ങളും കടന്ന് വരുമ്പോൾ അതിൽ നിന്ന് അവർക്ക് ഒരു മോചനം പെട്ടെന്ന് ലഭിക്കുന്നു.

നാം ഗവൺന്റെിന്‌ എതിരല്ല, അധികാരികൾക്ക് കീഴ്പ്പെടുന്നവരും, അധികാരം അനുസരിക്കുന്നവരുമാണ്. എന്നാൽ എന്തുകൊണ്ട് വിശ്വാസ സമൂഹങ്ങളിൽ ഉള്ള യുവതി, യുവാക്കൾ ഗവൺമെൻെ്് തലങ്ങളിലും, രാഷ്ട്രീയ തലങ്ങളിലും കയറി തങ്ങളുടെ ദൈവികമായ കഴിവുകളും, യോഗ്യതകളും തെളിയിക്കുന്നില്ല. യേശു വരും, നമുക്കിവിടെ ഒന്നും വേണ്ട, രാഷ്ട്രീയം പാപമാണ്, ഗവൺമെന്റെ അഴിമതിയാണ് എന്നു പറഞ്ഞ നാം അങ്ങനെയെങ്കിൽ, ഇപ്പോൾ എന്തിനാണ് മന്ത്രിമാരെയും, എംഎൽഎമാരെയും വിളിച്ച് നമ്മുടെ പ്രധാന യോഗങ്ങളിൽ അവർക്ക് വേദി ഒരുക്കുന്നത്? ഇതിന്റെ പിന്നിലുള്ള രഹസ്യം അവരുമായി ഒരു ബന്ധം സ്ഥാപിക്കുക എന്നുള്ളത് മാത്രമാണ്. നമുക്ക് ഇവിടെ ഒന്നും വേണ്ട, ഗവൺമെന്റെ വേണ്ട എന്ന് പറഞ്ഞ് ഓടുന്നതിന്റെ ഇടയിൽ പലരും എന്താണ് ചെയ്യുന്നത്? വാരിക്കൂട്ടുവാനും, സംഭരിച്ചു വെക്കുവാനും മെനയുന്ന കുതന്ത്രങ്ങൾ കാണുമ്പോൾ മുക്കത്ത് വിരൽ വച്ചു പോകും. വാക്കുകളും പ്രവർത്തികളും തമ്മിൽ അറബിക്കടലും, പസഫിക്കു മഹാസമുദ്രവും തമ്മിലുള്ള അകലത്തിലും വലുതത്രെ. സുതാര്യതയില്ലാത്ത ജീവിതവും, അന്യായ ധനസമ്പാദനവും പെന്തക്കോസ്ത് സമൂഹത്തിന് ഒരു കറുത്ത പൊട്ടായി മാറി.

ഈ കാലഘട്ടത്തിൽ എബ്രായ ബാലന്മാർക്ക് തുല്യരായ കറകളഞ്ഞ ജീവിതങ്ങളെ അധികാര സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പിലൂടെ കയറ്റി വിടേണ്ടത് വളരെ ആവശ്യമത്രേ. പെന്തക്കോസ്ത് സഭകളിൽ നിന്ന് വിശ്വസ്തരായ ഭരണകർത്താക്കൾ ദാനിയേലിന് തുല്യരായി, യോസഫിന് കൂട്ടായി, മോർദേഖായിക്ക് സമനായി പുറത്തുവരുമ്പോൾ പഞ്ചായത്ത് തുടങ്ങി, ദേശത്ത് ഉന്നതമായ സ്ഥാനങ്ങൾ വഹിക്കുന്നവരായി മാറുമ്പോൾ രാജ്യം അനുഗ്രഹിക്കപ്പെടും. ഇപ്പോൾ സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.

ദൈവമില്ലാത്തവർ ഭരണതലത്തിൽ മുഷ്ടി ചുരുട്ടുന്നു. വിശ്വസ്തന്മാരെയും, സത്യസന്ധരായിട്ടുള്ളവരെയും പ്രോത്സാഹിപ്പിക്കുകയും അവരെ മുമ്പിൽ കൊണ്ട് വരികയും ചെയ്യേണ്ടത് സഭയുടെ ഉത്തരവാദിത്തമാണ്. ഇടിച്ചു താഴ്ത്തി ഒതുക്കുന്ന പ്രവണതകൾ പോകണം. രാഷ്ട്രീയമെന്ന് പറഞ്ഞാൽ അത് ചീത്തയാണ്, മോശമാണ്. ഒരുപക്ഷേ അങ്ങനെ ആയിരിക്കും. അതിനെ നല്ലതാക്കി മാറ്റുവാൻ നമ്മളിൽ ഉള്ള വെളിച്ചം ഇരുട്ട് വ്യാപരിക്കുന്ന ഇടങ്ങളിൽ പ്രകാശിക്കേണ്ടിയിരിക്കുന്നു.

പലപ്പോഴും നാം ആലയത്തിൽ മാത്രം കത്തുന്നവരാണ്. ഇതുകൊണ്ട് ലോകത്തിന് എന്ത് പ്രയോജനം? നമ്മുടെ വെളിച്ചം മറ്റുള്ളവർ കാണട്ടെ. സ്കൂൾ ബോർഡ് തുടങ്ങി, പഞ്ചായത്ത്. സിറ്റി നിയമസഭാ തെരഞ്ഞെടുപ്പ്, പാർലമെൻറ് തെരഞ്ഞെടുപ്പ് അങ്ങനെ ഓരോ ഇടത്തും യോഗ്യതയും, കഴിവും ഉള്ള വിശ്വസ്തരായ ദൈവമക്കൾ മത്സരിക്കുന്നതിൽ എന്ത് തെറ്റ്? സഭയുടെ അകത്ത് കിടന്ന വോട്ട്പിടിക്കുകയും, വിറളി കാണിക്കുകയും ചെയ്യുന്നതിലും എത്രയോ നല്ലതാണ് സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നത്. പൊതുസ്ഥലങ്ങളിൽ വിശ്വാസികൾ തങ്ങളുടെ കടമകളും, ഉത്തരവാദിത്വങ്ങളും, നിഷ്പക്ഷമായി, നീതിയോടെ ചെയ്യുമ്പോൾ ചെയ്യുമ്പോൾ ലോകം അംഗീകരിക്കും. പലപ്പോഴും വോട്ട് ചെയ്യാൻ ഉള്ള ദിവസം നാം ഉപവാസ പ്രാർത്ഥന പ്രഖ്യാപിക്കും. വോട്ട് ചെയ്യുവാൻ പോകാതെ മൂല്യതയും, മാന്യതയും ഉള്ളവരെ മുന്നോട്ടു കൊണ്ടു വരുവാൻ ശ്രമിക്കാതെ, ഗവൺമെന്റിൽ നിന്ന് ആനുകൂല്യങ്ങൾ കുറയുമ്പോൾ കരയുന്നതുകൊണ്ട് എന്ത് പ്രസക്തി? ഭരണം മോശമാകുമ്പോൾ നിലവിളിക്കുന്നതിന് പകരം നല്ല ഭരണകർത്താക്കൾ കസേരയിൽ ഇരിക്കുവാൻ നമുക്ക് നിലവിളിച്ച് പ്രാർത്ഥിക്കാം.

സഭാസമൂഹം നേരിടുന്ന സമകാലിക പ്രശ്നങ്ങൾക്ക് പരിഹാരം പലപ്പോഴും ഗവൺമെൻെ്് തലത്തിൽനിന്ന് ലഭിക്കേണ്ടതാണ്. ദൈവം സഹായിക്കും, ദൈവം വിടുവിക്കും, ശരിയാണ്. പലയിടത്തും ദൈവം മാനുഷിക കരങ്ങൾ ആണ് ഉപയോഗിച്ച് തന്റെ പ്രവർത്തി ചെയ്തത്. പലപ്പോഴും രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും പ്രവർത്തിക്കുന്നതും പാപമെന്ന് കരുതുന്നവർ ഉണ്ട്. എന്നാൽ ദുഃഖത്തോടെ പറയട്ടെ നല്ല ഭരണങ്ങൾ ദേശത്ത് നടക്കണമെങ്കിൽ, നല്ല ഭരണാധികാരികൾ എഴുന്നേൽക്കണം. വിശ്വസ്തന്മാർ മനുഷ്യരുടെ ഇടയിൽ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ദൈവം അന്വേഷിക്കുന്നത് സ്വന്തം കീശയും, പള്ളയും വീർപ്പിക്കുവാൻ നെട്ടോട്ടമോടുന്നവരെയല്ല. ദൈവ ഭക്തരായവരെയും, കൃപയിൽ നിൽക്കുന്നവരെയും അത്ര. ഇങ്ങനെയുള്ളവർ ഗവൺമെൻെ്് മേഖലകളിൽ കടന്നു വരികയാണെങ്കിൽ അത് പൊതുജനങ്ങൾക്ക്, വിശ്വാസ സമൂഹത്തിന് നിശ്ചയമായും പ്രയോജനപ്പെടും.

പെന്തക്കോസ്ത് സഭകളിൽ ഐക്യത കുറഞ്ഞുകൊണ്ടിരിക്കുന്നത് നാം നേരിടുന്ന ഒരു വെല്ലുവിളിയാണ്. പലപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയും, ബിജെപിയും തമ്മിൽ എതിർക്കുന്നതിനേക്കാൾ അധികമായി നമ്മുടെ സഭകളിൽ എതിർപ്പുകൾ പരസ്പരംവർദ്ധിക്കുന്നു. ഇത് നമ്മുടെ കെട്ടുറപ്പിന് ഉലച്ചിൽ ഉണ്ടാക്കുന്നു. ഇത് തിരിച്ചറിഞ്ഞ് സഭാ നേതൃത്വം നല്ല സ്ഥാനാർത്ഥികളെ കണ്ടെത്തുകയും അത് പഞ്ചായത്ത് ലെവൽ തുടങ്ങി, ബാങ്ക് തെരഞ്ഞെടുപ്പുകൾ, യോഗ്യമായ എല്ലാ മേഖലകളിലും നമുക്ക് സ്വാധീനം ചെലുത്തുവാൻ കഴിയുമെങ്കിൽ അത് ക്രൈസ്തവ സമൂഹത്തിന് ഒരു അനുഗ്രഹമായിരിക്കും. യോഗ്യതയുള്ളവരെ

കണ്ടെത്തുകയും മുന്നോട്ടു കൊണ്ടു വരികയും ചെയ്യുന്നത് ഏറ്റവും എന്താപേക്ഷിതമാണ്. കൈക്കൂലിയും, കരിഞ്ചന്തയും, കുഴൽപ്പണവും വർദ്ധിച്ചുവരുന്ന സമയങ്ങൾ, കാണിക്ക സഞ്ചിയിൽ കയ്യിട്ടുവാരുന്നവർ ഇവരാണ് പലപ്പോഴും നമുക്ക് ചുറ്റിലും നിൽക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഏകീകൃത മനസോടെ യോഗ്യതയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ടി ഇറങ്ങുന്നവർക്ക് കൈത്താങ്ങ് കൊടുക്കുന്ന പ്രവണത നമ്മൾക്ക് വളരെ ആവശ്യമാണ്. വിശ്വാസവും, ആരാധനയും നല്ലതാണ് നമ്മുടെ മൗലിക അവകാശങ്ങൾ ലഭിക്കണമെന്നുണ്ടെങ്കിൽ ഗവൺമെന്റെിന്‌ വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം, നല്ല ഗവൺമെന്റെ ഉണ്ടാകുവാൻ ചില പ്രവർത്തികളും ചെയ്യേണ്ടത് ആവശ്യമാണ്.

പല ഉന്നതമായ സ്ഥാപനങ്ങളിലും, സുപ്രീംകോടതി ജഡ്ജസ് ഹൈക്കോടതി ജഡ്ജസ് ഇങ്ങനെ പല നേതൃത്വ നിരകളിൽ ഉള്ളത് ഹൈന്ദവരും മുസ്ലിങ്ങളും അത്രേ. വക്കീല് പണി മോശമെന്നു പറഞ്ഞ് പുലമ്പിയവർ ഇപ്പോൾ എത്രയെത്ര കേസുകളിൽ വക്കീലന്മാരുടെ പുറകെ സഹായം തേടി പരക്കം പായുന്നു. 95% ശതമാനവും പെന്തക്കോസുകാരുടെ കേസുകൾ കൈകാര്യം ചെയ്യുന്നത് ഹൈന്ദവ വിശ്വാസത്തിൽ ഉള്ള വക്കീലന്മാരാണ് ഇതൊക്കെ എത്രയോ പരിതാപകരം. ക്രിസ്ത്യാനികൾ തുലോം കുറവാണ്, പെന്തക്കോസ്തുകാർ കരടു പോലെ എവിടെയോ ഉണ്ട് അത്രമാത്രം. നമ്മുടെ ഭാവി വാഗ്ദാനങ്ങളെ വളർത്തിയെടുത്ത് സമൂഹത്തിന്റെ തൂണുകൾ ആക്കി മാറ്റുവാൻ ദൈവസഭ ഒരുമിച്ച് പ്രവർത്തിക്കുകയും പ്രയത്നിക്കുകയും ചെയ്യുക. മഹായോഗങ്ങൾ നടത്തി ആൾ ബലം കാണിച്ചത് കൊണ്ട് എന്തു നടക്കുന്നു? നമ്മുടെ എണ്ണം കണ്ട് സാത്താന് വിറളിയില്ല എന്നാൽ അവന്റെ പ്രവർത്തികൾ അഴിഞ്ഞു പോകും ദൈവസഭ യോഗ്യതയുള്ളവരെ കണ്ടെത്തി അവരെ മുന്നോട്ട് കൊണ്ടുവരികയും,കൈത്താങ്ങ് കൊടുത്ത് പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ. നമ്മുടെ ഫണ്ടുകൾ യുവതലമുറയെ വാർത്തെടുക്കുവാൻ തിരിച്ചുവിടുന്നത് തെറ്റൊന്നുമല്ല.

അങ്ങനെയെങ്കിൽ സമൂഹത്തിനും ദേശത്തിനും മാറ്റങ്ങൾ വരും. ദൈവം അതിനായി സഭകളെ ഉണർത്തട്ടെ!