മതം മാറി പാസ്റ്ററായി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ്‌ പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ

തിരുവനന്തപുരം: പോലീസിന്റെ കണ്ണില്‍പ്പെടാതെ 25 വർഷക്കാലം ഒളിവ് ജീവിതം നയിച്ചിരുന്ന പോക്സോ കേസ് പ്രതി ഒടുവില്‍ പിടിയിലായി.

മതം മാറി ഒളിവില്‍ കഴിഞ്ഞിരുന്ന നിറമണ്‍കര സ്വദേശി മുത്തു കുമാർ ആണ് അറസ്റ്റിലായത്. സാം എന്ന പുതിയ പേരില്‍ ഇയാള്‍ ചെന്നൈയില്‍ കഴിയുകയായിരുന്നു ഇവിടെ നിന്നാണ് കേരള പോലീസ് മുത്തുവിനെ പിടികൂടിയത്.

മതം മാറിയ പ്രതി ചെന്നൈയില്‍ പാസ്റ്റർ ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇതിനിടെ ഇയാള്‍ തമിഴ് നാട്ടില്‍ രണ്ട് വിവാഹം കഴിച്ചു. ചെന്നൈയില്‍ ആളും പേരും മതവും മാറി കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. 2001ല്‍ ആണ് പ്രതിയുടെ പേരില്‍ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. സ്കൂള്‍ വിദ്യാർഥിയെ ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കി വീട്ടില്‍ എത്തിച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു ഇയാള്‍. പീഡനത്തിന് ഇരയായ കുട്ടിയെ ട്യൂഷൻ പഠിപ്പിച്ചിരുന്നത് മുത്തുവായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയും ചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന സമയം ഇയാള്‍ മൊബൈല്‍ ഫോണോ ബാങ്ക് അക്കൗണ്ടോ ഒന്നും ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. പബ്ലിക് ബൂത്തുകള്‍ മാറി മാറി ഉപയോഗിക്കുകയായിരുന്നു ഇയാളുടെ രീതി. വഞ്ചിയൂർ പോലീസിന്റെ അന്വേഷണത്തിലാണ് ചെന്നൈയില്‍ വെച്ച്‌ മുത്തുകുമാർ പിടിയിലായത്. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.