ഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പില്‍ നടന്നത് വൻ അട്ടിമറിയെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ ഹരിയാനയില്‍ നടന്നുവെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ നടന്ന നിർണ്ണായക വാർത്ത സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തല്‍. എട്ടില്‍ ഒന്ന് വോട്ടുകളും ഹരിയാനയില്‍ വ്യാജമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഒരു സ്ത്രീയുടെ ഫോട്ടോ വെച്ച് തന്നെ 223 തവണ വോട്ട് ചെയ്തുവെന്നും തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. പ റയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആണിതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഹരിയാനയില്‍ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായത്. പോസ്റ്റല്‍ വോട്ടുകളില്‍ കോണ്‍ഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാല്‍ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റല്‍ വോട്ടും പോളിങ്ങും സാധാരണ ഒരുപോലെ. എന്നാല്‍ ഹരിയാനയില്‍ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. യുവജനങ്ങളോടാണ് സംസാരിക്കുന്നതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വലിയ തട്ടിപ്പ് നടത്തിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇക്കാരണം കൊണ്ടാണ് സിസിടിവി ഫൂട്ടേജ് പുറത്തുവിടാൻ തയ്യാറാകാത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇ തു തെളിയിക്കുന്ന രേഖകള്‍ പ്രദർശിപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. 1 ,24 ,177 വോട്ടുകള്‍ വ്യാജ ഫോട്ടോ ഉപയോഗിച്ച് ചെയ്തവയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് പോലും തട്ടിപ്പ് നടന്നു. വ്യാജ വോട്ട് ചെയ്തവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവരും ഉള്‍പ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന ‘എച്ച്’ ഫയല്‍സാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരിക്കുന്നത്. രിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്ന വലിയ അട്ടിമറിയാണ് രാഹുല്‍ഗാന്ധി പുറത്തുകൊണ്ടുവന്നിട്ടുള്ളത്. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നേ ഒരു ‘ബോംബ്’ പൊട്ടുമെന്ന രാഹുലിന്റെ വാക്കുകളാണ് ഇപ്പോള്‍ തെളിവ് സഹിതം പുറത്തുവന്നിട്ടുള്ളത്.



