അഫ്‌ഗാനില്‍ വൻ ഭൂകമ്പം: 20 പേര്‍ക്ക് ദാരുണാന്ത്യം; 320 പേര്‍ക്ക് പരുക്കേറ്റു, മരണസംഖ്യ ഉയരാൻ സാധ്യത

വൻ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച്‌ അഫ്ഗാനിസ്ഥാൻ. റിക്ടർ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ദുരന്തത്തില്‍ ചുരുങ്ങിയത് ഇരുപത് പേർ മരിച്ചതായി അഫ്ഗാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി 320 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ബാല്‍ഖ്, സമൻഗൻ പ്രവിശ്യകളാണ് ഭൂകമ്ബത്തില്‍ തകർന്നടിഞ്ഞത്. മരണസംഖ്യ ഇനിയും കുതിച്ചുയർന്നേക്കുമെന്നാണ് റിപ്പോർട്ടുകള്‍.

സമൻഗൻ പ്രവിശ്യയില്‍ മാത്രം 143 പേർക്ക് പരുക്കേറ്റതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ‌ഡി‌എം‌എ) വക്താവ് മുഹമ്മദുള്ള ഹമദ് പറഞ്ഞു. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ 15-ാം നൂറ്റാണ്ടില്‍ നിർമിക്കപ്പെട്ട മസാർ-ഇ-ഷെരീഫിലെ ബ്ലൂ മോസ്കും ഭൂകമ്പത്തില്‍ തകർന്നു.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ പള്ളിയുടെ മിനാരങ്ങള്‍ തകർന്നു വീണതായും റിപ്പോർട്ടുകള്‍ പറയുന്നു. അതേസമയം, കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവർത്തനം നടന്നു വരികയാണ്. രക്ഷാപ്രവർത്തകർ കെട്ടിട അവശിഷ്ടങ്ങളില്‍ നിന്നും ആളുകളെ പുറത്തെടുക്കുന്ന വീഡിയോകള്‍ എക്‌സില്‍ അടക്കം പ്രചരിക്കുന്നുണ്ട്.

ലോകത്ത് ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാൻ. ഓഗസ്റ്റില്‍, രാജ്യത്തിന്റെ കിഴക്കൻ മേഖലയില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ മലയോര ഗ്രാമങ്ങളില്‍ ജീവിച്ചിരുന്ന 2,200-ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.