തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി; 24 മരണം

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ബസ്സിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചുകയറി 24 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഹൈദരാബാദ്- ബിജാപൂർ ഹൈവേയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിലേക്കാണ് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന നിർമ്മാണ സാമഗ്രികൾ നിറച്ച ലോറി ഇടിച്ചുകയറിയത്. ബസില്‍ 70 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. അപകടത്തിനു പിന്നാലെ ലോറിയിലുണ്ടായിരുന്ന മെറ്റല്‍ ബസിലേക്ക് വീണു. നിരവധി യാത്രക്കാർ അതിനടിയിലായി. മെറ്റലില്‍ കുടുങ്ങി അനങ്ങാനാകാതെ സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനവും ഏറെ ദുഷ്കരമാക്കി.

ഹൈവയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടര്‍ന്ന് വാഹനം വഴി തിരിച്ചുവിട്ടതായ് പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം ഉള്‍പ്പടെ അന്വേഷണം പൂരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വാഹനാപകടത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അതീവദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതര്‍ക്ക് സാധ്യമായ സഹായം വാഗ്ദാനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.