മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് ചവിട്ടി ട്രാക്കിലേക്കിട്ടു, യുവതിയുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ യാത്രക്കാരൻ ചവിട്ട് ട്രാക്കിലേക്കിട്ടു . ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേല്‍പ്പാലത്തിനു സമീപമാണ് സംഭവം.

സംഭവത്തില്‍ സുരേഷ് കുമാർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി സഞ്ചരിച്ച ട്രെയിനിലെ യാത്രക്കാരനായ ഇയാള്‍ മദ്യലഹരിയിലാണെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. പ്രതിയെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പിടികൂടിയത്. ഇയാള്‍ പെണ്‍കുട്ടിയെ വാതിലില്‍ നിന്ന് ചവിട്ടി തള്ളിയിടുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് സുരേഷ് കുമാർ മദ്യലഹരിയില്‍ ആക്രമണം നടത്തിയതെന്ന് യുവതിയ്ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.

അതേസമയം പുറത്തേക്കു വീണ് സാരമായി പരുക്കേറ്റു ട്രാക്കില്‍ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതില്‍ കയറ്റിയാണ് വർക്കല സ്റ്റേഷനില്‍ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശയം പോലീസിനുണ്ടായിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ സ്ഥിതി അതീവ ഗുരുതരമാണ്. കൂടാതെ ആന്തരിക രക്തസ്രാവമുണ്ടെന്നാണ് പ്രാഥമിക വിവരം.