ഷാജി ആലുവിള

ജമീമ എന്ന ക്രിക്കറ്റ് വിജയിയുടെ പേര് തന്നെ ചിലർക്ക് ഇഷ്ടക്കേടായി. അത് മാറ്റർക്കുമല്ല. ബിജെപി നേതാവായ കസ്തൂരിക്കാണ്. വനിതാ ക്രിക്കറ്റ് കളിയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യയുടെ യശസ്സ് ഉയർത്തപിടിച്ച ഉടൻ തന്നെ കസ്തൂരിയുടെ തനിനിറം പുറത്തു വന്നു.

അവരുടെ രൂക്ഷ വിമർശനം ഇങ്ങനെ: ശിവനോ ഹനുമാനോ ആണ് തന്റെ വിജയത്തിന് പിന്നിലെന്ന് പറയുകയോ ജയ് ശ്രീറാം എന്നോ പറഞ്ഞിരുന്നത് എങ്കിൽ എന്തായേനെ?
ഒന്നുമാകില്ല, അല്ലങ്കിൽ എന്ത് ആകാനാ? കൂട്ടത്തിൽ പുട്ടിലെ തേങ്ങാപ്പീര പോലെ കസ്തൂരി പറഞ്ഞു: ദൈവം ജമീമയെ അനുഗ്രഹിക്കട്ടെ.
കസ്തൂരി എന്ന വാക്കിന്റെ അർത്ഥം സുഗന്ധം എന്നാണ്. സുഗന്ധ ലേപനമായി മാറേണ്ട ബി ജെ പി നേതാവ് കസ്തൂരി എന്താണ് മുറിവുണ്ടാക്കി ദുർഗന്ധം വമിപ്പിക്കുന്നത്. പ്രത്യേകിച്ച് ജമീമ എന്ന ജേതാവിനും യേശുവിനുമെതിരെ.
താരം ആരുമാകട്ടെ അവരുടെ കല എന്തുമാകട്ടെ ആ കായിക താരം ഏത് മതമോ വിശ്വാസമോ ഉയർത്തി പിടിച്ചു വിശ്വസിക്കട്ടെ അത് അവരുടെ മൗലിക അവകാശമാണ്. അതിനെ ചോദ്യം ചെയ്യാൻ കസ്തൂരിക്കല്ല ഒരു മത, രാഷ്ട്രീയ നേതാവിനും അവകാശമില്ല. കസ്തൂരി യുടെ പ്രശ്നം താരമല്ല യേശുവാണ്.
നടിയായ കസ്തൂരി ബി ജെ പി യിൽ ഈ അടുത്ത സമയത്താണ് ചേർന്നത്. അവരും സിനിമയിലെ ഒരു കലാകാരിയാണ്.
പണ്ടും ഇവർ ഇങ്ങനെയുള്ള വിവാദ പരാമർശം നടത്തിയിട്ടുണ്ട്. 2024 നവംബർ 4 ന് തെലുഗു ഭാഷ സംസാരിക്കുന്നവരെ അധിക്ഷേപിച്ച കേസിൽ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ‘രാജാക്കന്മാരുടെ അന്തപുരത്തിലെ പരിചാരകരുടെ പിന്മുറക്കാരാണ് തെലുങ്കരെന്ന’ കസ്തൂരിയുടെ പരാമർശമാണ് വളരെ വിവാദമാകുവാൻ കാരണമായത്.

വനിതാ ലോക കപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് വിജയം കൈവരിച്ചപ്പോൾ ജമീമ എന്ന ക്രിക്കറ്റ് താരം തന്റെ വിശ്വാസ കേന്ദ്രമായ യേശുവിനെ ഉയർത്തിയത്തിൽ എന്ത് തെറ്റാണ് കസ്തൂരി കണ്ടത്? അതിന് ആരുടെയും തലയിൽ ലെഡു പൊട്ടണ്ട കാര്യമില്ലല്ലോ.
കസ്തൂരിയുൾപ്പടെ ഉള്ളവർ കണ്ടിരുന്നില്ലെ മുൻ ക്രിക്കറ്റ് താരം എസ് ശ്രീ ശാന്ത് തീഹാർ ജയിലിൽ നിന്നും മോചിതനായി കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങി പുറത്തു വരുമ്പോൾ എല്ലാവർക്കും വ്യക്തമായി കാണാതക്ക വിധത്തിൽ വിശുദ്ധ ബൈബിൾ തന്റെ മാർവോട് ചേർത്ത് പിടിച്ചിരുന്നത്.

ഒരു കാലത്ത് ക്രിക്കറ്റിലെ മിന്നും താരമായിരുന്നു അദ്ദേഹം. ബൈബിൾ ആയിരുന്നു അന്ന് തീഹാർ കരാഗ്രഹത്തിൽ തനിക്ക് ഒരാശ്വാസം ഒപ്പം ക്രിസ്തുവിന്റെ സ്നേഹം പകരുന്ന പ്രേഷിത പ്രവർത്തകരുടെ പ്രാർത്ഥനയും. പ്രശാന്ത് ആ ബൈബിൾ പിടിച്ചത് അഭിനയമല്ല. ലോകം എന്നെ കൈവിട്ടപ്പോൾ പിടിച്ചു നിർത്തിയത് യേശുവിന്റെ പ്രതിഛായയുള്ള ബൈബിൾ ആയിരുന്നു എന്ന് ശ്രീശാന്ത് അന്ന് പറഞ്ഞു.
എത്രയോ താരങ്ങൾ വിജയം വരിച്ചിട്ട് അവരുടെ വിശ്വാസ ദൈവങ്ങളെ പുകഴ്ത്തിയിരുന്നു. അതിനൊന്നും ആരുമിവിടെ വിമർശനം ഉന്നയിച്ചില്ല.
ബഹിരാകാശ ഗവേഷണ സംഘം വിജയ പഥത്തിലെത്തിയപ്പോൾ ആ യാത്രികരുടെ വിശ്വാസ ദൈവങ്ങളെ വാഴ്ത്തുന്നതം നമ്മൾ കണ്ടതാണ്. അതിൽ ഹിന്ദുവും ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അത് കസ്തൂരി അറിഞ്ഞില്ലേ.
അല്ല അതൊന്നുമല്ല അവരുടെ വിഷയം പരാമർശം ഉണ്ടാക്കി ജമീമയെ ഒന്ന് പരിഹസിക്കുകയോ ആ താരത്തിന്റെ ഭാവി തടയുകയോ ചെയ്യുക. കസ്തൂരിക്ക് സാധിക്കാത്ത വലിയ ഒരു വിജയം ഇന്ത്യയ്ക്ക് നേടിതന്നത് ഒരു ക്രിസ്ത്യാനി അയതുകൊണ്ടോണോ ഇങ്ങനെ വാ കീറിയത് എന്നറിയില്ല. ബി ജെ പി നേതാക്കൾ ചെല്ലുന്ന സ്ഥലത്തു സ്വന്ത വിശ്വാസത്തെ ഉയർത്തിക്കാട്ടി ജയ് ശ്രീറാമെന്നും മറ്റു സ്തുതി വാക്കുകളും പറയുമ്പോൾ ആരും അതിനെ വിമർശിക്കുന്നില്ലല്ലോ.
വർഗീയ വിഷം വിതറി മത കലാപം ഉണ്ടാക്കി തമ്മിലടിപ്പിക്കുന്നത് ചിലർക്ക് ഒരു സുഖമാണ്.
ക്ഷേത്രത്തിനുള്ളിൽ ഐ ലൗ മുഹമ്മദ് (I LUV MUMAD) എന്നെഴുതി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാം വിശ്വാസികളെ അറസ്റ്റ് ചെയ്യിപ്പിച്ചു. പോലീസി ന് മുഹമ്മദ് എന്നതിലെ അക്ഷര തെറ്റ് മനസിലാപ്പോൾ ഹിന്ദുത്വ വാദികൾ അറസ്റ്റിലായി എന്ന വാർത്തയും നമ്മൾ കണ്ടു. ഇവർ കലാപത്തിന് വേണ്ടി ചെയ്തതാണെന്നും പോലീസ് വെളിപ്പെടുത്തി. ഇതൊക്കെ ഇല്ലാത്ത പ്രശനം ഉണ്ടാക്കി അന്യമതസ്ഥരെ കള്ളക്കേസിൽ കുടുക്കുകയും പീഡിപ്പിക്കുകയും ചെയ്യാൻ അല്ലെ.
ഇതാണോ നിങ്ങളുടെ ധർമ്മം. ആർ എസ് എസ് ന്റെ പഞ്ച പരിവർത്തനത്തിന്റെ ഒന്നാം ഭാഗമായ ‘സാമജികസമരസത’ യിൽ പറയുന്നത് ഇങ്ങനെയാണ്: സമൂഹത്തിൽ നിന്ന് തൊട്ടുകൂടായ്മകളും വിവേചനങ്ങളും ഇല്ലാതാകുന്നതിന് എല്ലാ ജാതികളിലെയും സമുദായങ്ങളിലെയും ആളുകളെ ഉൾപ്പെടുത്താൻ ശ്രമിക്കുക.
നമ്മുടെ വീട്ടിലോ ജോലി സ്ഥലത്തോ നമ്മെ സേവിക്കുകയും സഹായിക്കുകയും ചെയ്യുന്ന എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക. ഇങ്ങനെ പോകുന്നു ആ പ്രസ്താവന.
ഭാരതം നമ്മുടെ കുടുംബമാണ്. അതിൽ ജാതിയും മതവും വിശ്വാസങ്ങളും പലതാണ്. അനേക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ട് നമ്മുടെ രാജ്യത്ത്. അതിന് വ്യത്യസ്ത ആശയങ്ങളും ആധർശങ്ങളുമുണ്ട്.
അതിലെ നേതാക്കൾ പലരാണ്. ഇത് നമ്മുടെ രാജ്യത്തിന് ആവശ്യമാണ്. എങ്കിൽ മാത്രമേ ഭരണം മെച്ചപ്പെടുകയുള്ളൂ. അതുപോലെ തന്നെയാണ് മതവും വിശ്വാസവും. ജയപരാജയങ്ങളുടെ മുമ്പിൽ മനുഷ്യന് അവരവരുടെ വിശ്വാസം ഏതാണോ അതിനെയാണ് ഉയർത്തിപ്പിടിക്കുന്നത്. നടിയും ബി ജെ പി നേതാവുമായ കസ്തൂരി ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.



