വാഷിങ്ടണ്‍: നൈജീരിയയില്‍ ക്രിസ്ത്യൻ സമൂഹത്തിന് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ സൈനിക നീക്കവുമായി അമേരിക്ക.
നൈജീരിയയില്‍ സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് തയ്യാറെടുപ്പുകള്‍ ആരംഭിക്കാൻ പ്രതിരോധ വകുപ്പിന് (പെന്റഗണ്‍) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിർദേശം നല്‍കി. ക്രിസ്ത്യാനികളെ രക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപ് നൈജീരിയയില്‍ സൈനിക നടപടിക്ക് നിർദ്ദേശം നല്‍കിയത്.
‘നൈജീരിയയില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടക്കുകയാണ്. ഇത്തരം ഭീകരവാദികളെ പൂർണ്ണമായും നശിപ്പിക്കാൻ അമേരിക്ക ആവശ്യമായ നടപടികള്‍ സ്വീകരിക്കും,’ എന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത്’ വഴി അറിയിച്ചു. കൂടാതെ, നൈജീരിയയ്ക്ക് നല്‍കിവരുന്ന അമേരിക്കൻ സഹായങ്ങള്‍ ഉടൻ നിർത്തിവെക്കുമെന്നും ട്രംപ് വ്യക്തമാക്കി.
എന്നാല്‍, ട്രംപിന്റെ ആരോപണങ്ങള്‍ നൈജീരിയൻ സർക്കാർ തള്ളിക്കളഞ്ഞു. രാജ്യത്ത് മതവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് അക്രമം നടക്കുന്നതെന്ന അഭിപ്രായം തെറ്റാണെന്നും, ആക്രമണങ്ങള്‍ നിയന്ത്രിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്നും അവർ വ്യക്തമാക്കി.
സിഎൻഎൻ റിപ്പോർട്ടനുസരിച്ച്, നൈജീരിയയിലെ ജനങ്ങളില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ തീവ്രവാദി ആക്രമണങ്ങളുടെ ഇരകളാകുന്നു. പരിമിതമായ വിഭവങ്ങള്‍, സാമുദായിക-വംശീയ സംഘർഷങ്ങള്‍, ഭൂവിവാദങ്ങള്‍ തുടങ്ങിയവയാണ് രാജ്യത്ത് അക്രമങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ടില്‍ പറയുന്നു.



