ഒരുപാട് കഷ്ടപ്പെട്ടാണ് അയാള്‍ തന്റെ മകനെ വളര്‍ത്തിയത്. മകന് ജോലി കിട്ടിയതിന് ശേഷം വിവാഹം നടന്നു. വിവാഹശേഷം അവര്‍ മറ്റൊരു വീട്ടിലേക്ക് മാറി.
കുറച്ച് നാളുകള്‍ക്ക് ശേഷം അച്ഛന് ഒരു അപകടമുണ്ടായി. ചികിത്സാസഹായം തേടി അയാള്‍ മകന്റെ അടുത്തെത്തി.
പക്ഷേ, കിട്ടിയ മറുപടി അത്ര സുഖകരമായിരുന്നില്ല. മകന്‍ പറഞ്ഞു: നിങ്ങളെന്ന നല്ല സ്‌കൂളില്‍ ചേര്‍ത്തില്ല, നല്ല വസ്ത്രം തന്നില്ല, നല്ല ഭക്ഷണം തന്നില്ല. എനിക്ക് വേണ്ട കാര്യങ്ങള്‍ ഒന്നുംതന്നെ ചെയ്തു തരാത്തത് കൊണ്ട് അച്ഛനുവേണ്ടി ഇപ്പോള്‍ എനിക്ക് ഒന്നും ചെയ്യാന്‍ താല്‍പര്യമില്ല. അയാള്‍ തിരിച്ചുപോയി.
പിറ്റേദിവസം ജോലിക്ക് പോകുന്നതിനിടയില്‍ കളിപ്പാട്ടം വില്‍ക്കുന്ന ഒരു കുട്ടിയെ കണ്ടു. തന്റെ മകന് ഒരു കളിപ്പാട്ടം വാങ്ങാന്‍ അയാള്‍ ആ കുട്ടിയുടെ അടുത്തെത്തി.
ചെറുപ്രായത്തില്‍ ഈ ജോലി ചെയ്യുന്നത് കണ്ട് അയാള്‍ കാര്യമന്വേഷിച്ചു. അവന്‍ പറഞ്ഞു: അച്ഛന്‍ അപകടം പറ്റി കിടപ്പാണ്. അമ്മ വീട്ടുവേല ചെയ്താണ് വീട്ടുകാര്യങ്ങള്‍ നടത്തുന്നത്. പക്ഷേ, ഞാന്‍ കൂടി ജോലി ചെയ്താലേ കാര്യങ്ങള്‍ നടക്കൂ. അയാള്‍ കളിപ്പാട്ടം വാങ്ങി മകന് കൊടുത്ത ശേഷം അച്ഛനേയും കൂട്ടി ആശുപത്രിയിലേക്ക് പോയി.
ജീവിതം നമ്മെ ചില പാഠങ്ങള്‍ പഠിപ്പിക്കും. ചിലര്‍ അത് ഉള്‍ക്കൊള്ളും. ചിലര്‍ അത് നിഷേധിക്കും. കേട്ടറിവില്‍ നിന്നോ കണ്ടറിവില്‍ നിന്നോ കിട്ടാത്ത ചില തിരിച്ചറിവുകള്‍ അനുഭവങ്ങളില്‍ നിന്നും ലഭിക്കും.
ജീവിതത്തില്‍ നമുക്ക് എന്തൊക്കെ നഷ്ടപ്പെട്ടു.. എന്തൊക്കെ നേടി, എന്തിനൊക്കെ അമിതപ്രാധാന്യം നല്‍കി, എന്തിനെയൊക്കെ തളളിക്കളഞ്ഞു, എന്തൊക്കെ ആസ്വദിച്ചു. ഇങ്ങനെയുള്ള ഓരോ ചോദ്യങ്ങളുടേയും ജനനമാണ് നമുക്ക് ഓരോ അനുഭവങ്ങളും സമ്മാനിക്കുന്നത്.
ജീവിതമെന്ന പാഠപുസ്തകത്തെ നമുക്ക് മനസ്സിരുത്തി പഠിക്കാം, എന്തെന്നാല്‍, ഇതുവരെയുളള ജീവിതത്തിന്റെ പുനഃപരിശോധനയും ഇനിയുളള ജീവിതത്തിന്റെ കരുതലുമാണ് ആ പാഠങ്ങളോരോന്നും
– ശുഭദിനം.



