ഒരു കയ്യിൽ ഫോൺ, മറുകയ്യിൽ തിരുവത്താഴം; ഇരുപ്പ് കാലിമേൽ കാൽ വച്ച്; ആർക്കും തിരുവത്താഴം എടുക്കാമെന്നും ചില പാസ്റ്റർമാർ

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

നമ്മുടെ വാഴ്ത്തപ്പെട്ടവനായ കർത്താവ് സ്ഥാപിച്ചതും, തൻ്റെ അരുമ ശിഷ്യന്മാർക്ക് കൊടുത്തതുമായ, അനുഷ്ഠാനങ്ങളിൽ ഒന്നാണ് “തിരുമേശ” അഥവാ “കർത്താവിൻ്റെ വിശുദ്ധ തിരുവത്താഴം”. “ഞാൻ വരുവോളം ഇതെൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ”. (1കൊരിന്ത്യർ 11 :24) ക്രിസ്തീയ വിശ്വാസ ജീവിതത്തിൻ്റെ അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നാണ് ഇത്. മശിഹാ തമ്പുരാൻ, ഗദശമനയിലേക്കും, കാൽവറിയിലേക്കും കാലെടുത്തു വയ്ക്കുന്നതിന് മുമ്പ് തന്നോടൊപ്പം ശുശ്രൂഷയിൽ ദിനരാത്രങ്ങൾ ചെലവഴിച്ച 12 പേരുമായി മാളിക മുറിയിൽ പെസഹാ ആചരിച്ചു.

ആ അപ്പം കരങ്ങളിൽ എടുത്ത് നുറുക്കിയപ്പോഴും, ആ പാനപാത്രം അവർക്ക് കുടിക്കുവാൻ കൊടുത്തപ്പോഴും കർത്താവ് നേരിടുവാൻ പോകുന്ന കഷ്ടാനുഭവത്തെയും, മരണത്തെയും ചൂണ്ടിക്കാണിക്കുകയായിരുന്നു.

യേശു തൻ്റെ പല ശുശ്രൂഷകളും സമൂഹത്തിൽ പരസ്യമായി ചെയ്തുവെങ്കിലും, പെസഹാ രാത്രിയിൽ അപ്പം നുറുക്കി കൊടുത്തത് താൻ പേർ ചൊല്ലി വിളിച്ച്, തന്നോടൊപ്പം ഇരിക്കുവാനും, ശുശ്രൂഷകൾ ചെയ്യുവാനും തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി മാത്രമായിരുന്നു. സമൂഹത്തിനും, പുരുഷാരത്തിനും ‘വിശപ്പു മാറുവാൻ അപ്പം നുറുക്കി കൊടുത്തു, അത്ഭുതങ്ങൾ ചെയ്തു, എങ്കിലും അവരിൽ ആർക്കും പെസഹാ രാത്രിയിൽ അപ്പം നുറുക്കി കൊടുത്തില്ല. ആധുനികതയുടെ തള്ളിക്കയറ്റം സഭകളിൽ ഉണ്ടായപ്പോൾ വിശുദ്ധന്മാർക്ക് വേണ്ടിയുള്ള വിശുദ്ധ തിരുമേശ, ആർക്കും അതിൽ പങ്കാളിയാകാം എന്ന് ചിന്തിക്കുകയും, കരുതുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുവാൻ കാരണമായി. ഇവർ ചിന്തിക്കുന്നത് ദൈവം സ്നേഹമായതുകൊണ്ട്ആരും ഇതിൽനിന്ന് മാറിനിൽക്കേണ്ട ആവശ്യമില്ലായെന്നാണ് .

പൗലോസിൻ്റെ ഭാഷയിൽ “മറ്റൊരു സുവിശേഷമാണ്”. അഥവാ “വേറൊരു സുവിശേഷമാണ്”. കൊരിന്തിൽ ഉള്ള ദൈവസഭയോട് പൗലോസ് ഇങ്ങനെ പറയുന്നു “ഞാൻ കർത്താവിൽ നിന്ന് പ്രാപിക്കുകയും നിങ്ങൾക്ക് ഏൽപ്പിച്ചു തരികയും ചെയ്തത് എന്തെന്നാൽ…….. “(1 കൊരിന്ത്യർ 11 :23) കൊരിന്തിൽ വിശ്വാസ സമൂഹത്തിനാണ് ഈ ദൂത് പൗലോസ് കൈമാറുന്നത്.

ദൈവവചനം പഠിപ്പിക്കുന്നത് എന്താണ്? വിശുദ്ധമേശ കർത്താവിൻ്റെ തിരുസഭയ്ക്ക് ഉള്ളതാണ്. ശരീരമാകുന്ന സഭ, ക്രിസ്തുവാകുന്ന തലയോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. മണവാളൻ ആകുന്ന ക്രിസ്തു, മണവാട്ടിയാകുന്ന സഭ. ആഴമായ ഒരു ബന്ധം ഇവിടെ കാണുന്നു. വിശുദ്ധ മേശ ചൂണ്ടിക്കാണിക്കുന്നത്, നമുക്കുവേണ്ടി കർത്താവ് സഹിച്ചതായ പങ്ക പാടുകളും, നമുക്ക് വേണ്ടി തൻെറ് ശരീരം നുറുക്കപ്പെട്ട്, ഉഴവു ചാലുകൾ പോലെ കീറപ്പെട്ട്, ഒടുവിലത്തെ തുള്ളി രക്തം വരെയും നമുക്ക് വേണ്ടി ഒഴുക്കിയെന്നുമാണ്. ആ കഷ്ടാനുഭവത്തെ ഓർക്കുന്ന ഒരു മഹൽ ശുശ്രൂഷയാണ് വിശുദ്ധ മേശ.

ഇന്ന് പല സഭകളിലും പാസ്റ്റേഴ്സ്, വിശുദ്ധ മേശ ആര് എടുത്താലും കുഴപ്പമില്ല എന്ന് പഠിപ്പിക്കുകയും, അങ്ങനെ ചെയ്യുന്നവരും ഉണ്ട്. ചിലയിടങ്ങളിൽ കർത്താവിൻ്റെ വിശുദ്ധ മേശ ആലയത്തിൻ്റെ വാതുക്കൽ വച്ചിരിക്കുകയാണ്. വരുന്നവർക്ക് ഇഷ്ടംപോലെ എടുക്കാം, കഴിക്കാം, കുടിക്കാം. മറ്റുചിലയിടങ്ങളിൽ ഇത് എല്ലാവരുടെയും മുമ്പിൽ വെച്ച് നീട്ടും. കുഞ്ഞു കുട്ടി, ആബാലവൃന്ദം ഇതിൽനിന്ന് എടുക്കുന്നത് കണ്ടിട്ടുണ്ട്. ഇത് വളരെ ദുഃഖകരമത്രെ. തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങളും, രക്ഷിക്കപ്പെടാത്ത വ്യക്തികളും, വിശുദ്ധ ജീവിതം നയിക്കാത്തവരും തിരുമേശയിൽ പങ്കാളികൾ ആകരുത്. ഇത് വിശുദ്ധ സഭയുടെ അംഗങ്ങൾക്കുള്ളതാണ്.

സമൂഹത്തിനും, നാട്ടുകാർക്കും, വന്നിരിക്കുന്ന എല്ലാവർക്കും, വഴിയേ നടന്നു പോകുന്നവർക്കും, വല്ലപ്പോഴും വരുന്നവർക്കും, ഇതിലേക്ക് കരം നീട്ടുവാൻ വ്യവസ്ഥയില്ല, പ്രമാണം അനുവദിക്കുന്നില്ല.

തികച്ചും ലാഘവത്തോടെ ഒരു കൈയിൽ ഫോണും നോക്കിക്കൊണ്ട്, കാലിൻ മേൽ കാലും വെച്ച് വിശുദ്ധ മേശയിൽ നിന്ന് എടുക്കുന്നവർ ധാരാളം ഉണ്ട്. ഭയമോ, ഭക്തിയോ ഒട്ടുമേ ഇല്ലാതെ എന്തെങ്കിലും അടുത്തിരിക്കുന്ന വ്യക്തിയോട് സംസാരിച്ചുകൊണ്ടും, ചിരിച്ചു കൊണ്ടും, യാതൊരുവിധമായ അനുതാപമോ, താഴ്മയോ, വിനയമോ ഇല്ലാതെ കരം നീട്ടുന്നത് തികച്ചും അനാത്മികതയാണ്. സാമുദായിക സഭകളിൽ വന്നുകയറിയിരിക്കുന്ന എല്ലാവർക്കും അവർ തിരുമേശ കൊടുക്കാറില്ല. വളരെ ഭയത്തോടും, ഭക്തിയോടും കാർമ്മികൻ ആ ശുശ്രൂഷ നിർവഹിക്കുന്നു. അതിൽ പങ്കെടുക്കുന്നവർ കഴിവതും മുട്ടിന്മേൽ നിന്നുകൊണ്ടാണ് വിശുദ്ധ മേശയിൽ നിന്ന് ഭക്ഷിക്കുകയും, പാനം ചെയ്യുകയുംl ചെയ്യുന്നത്.

വിശുദ്ധ മേശയിൽ ഉള്ള ശേഷിപ്പ് ഇതര ക്രിസ്തീയ സമൂഹം വലിച്ചെറിയുകയില്ല. വാഴ്ത്തി അനുഗ്രഹിച്ചത് അവർ ഒരു തരിയോ, തുള്ളിയോ കളയാതെ ഉത്തരവാദിത്തപ്പെട്ടവർ ഭക്ഷിക്കുകയും, പാനം ചെയ്യുകയും ചെയ്യും. എന്നാൽ ഖേദത്തോടെ പറയട്ടെ, നമ്മുടെ പല വലിയ പ്രധാന കൂടി വരവുകളിൽ തിരുവത്താഴ ശുശ്രൂഷകൾ കഴിഞ്ഞ് എല്ലാവർക്കും ഓടിപ്പോകുവാനുള്ള തിരക്കാണ്. ആയതിനാൽ വാഴ്ത്തി അനുഗ്രഹിച്ച അപ്പവും വീഞ്ഞുകളുടെ ശേഷിപ്പും ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുന്നു. പഴയകാലങ്ങളിൽ പിതാക്കന്മാർ ഒരു അപ്പം നുറുക്കി, ഒരു കപ്പിൽ നിന്ന് മാറിമാറി കുടിച്ചു. ഒടുവിൽ സഭകളിലുള്ള മൂപ്പന്മാർ ആ കപ്പിൽ ബാക്കി ഉള്ളത്, ഊറ്റി കുടിക്കുകയും, തിന്നുകയും ചെയ്തിരുന്നു. കാലങ്ങൾ മാറി, ആളുകൾ കൂടി, സൗകര്യങ്ങളും വർദ്ധിച്ചു. ഇപ്പോൾ പഴയ രീതി ഒന്നും തന്നെ വേണ്ട. പുതിയതിലേക്ക് ജനം തിരിയുകയാണ്.

ഒരുവൻ ക്രിസ്തുവിൽ ആയാൽ പുതിയ സൃഷ്ടി ആകേണ്ടതിന് പകരം, പുതിയ, പുതിയ കലാപരിപാടികൾ ദൈവസഭ ഇപ്പോൾ കെട്ടിച്ചമച്ച് അവതരിപ്പിക്കുകയാണ്. വിശുദ്ധ മേശയ്ക്ക് നേതൃത്വം കൊടുക്കുന്നവർ മേശമേൽ ശേഷിക്കുന്നത്, ഒടുവിൽ വിശ്വാസ സമൂഹത്തിൻ്റെ ഇടയിൽ കൊടുത്ത്, വിതരണം ചെയ്തു തീർക്കേണ്ടത് ആവശ്യമാണ്. അല്ലായെങ്കിൽ അവിടങ്ങളിൽ ഉള്ള ലോക്കൽ സഭകളിൽ അത് എത്തിച്ചുകൊടുത്ത് തീർക്കുന്നതും നന്നായിരിക്കും. ഇതൊന്നും സാധ്യമല്ലെങ്കിൽ വിശ്വാസികൾ അവരവരുടെ ലോക്കൽ സഭകളിൽ മടങ്ങിപ്പോയി കർത്താവിൻ്റെ വിശുദ്ധ മേശ എടുക്കുന്നതേല്ല നല്ലത്? വലിയ കോൺഫ്രൻസുകളിൽ തിരുവത്താഴം വേണോ? വിശുദ്ധ മേശ എന്നും വിശുദ്ധ സഭയ്ക്കുള്ളതാണ്. അത് യോഗ്യമായി ചെയ്യേണ്ട പരിപാവനമായ കർമ്മമാണ്.