പാകിസ്‌താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു; 260 മരണം

കാബൂള്‍: 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു പാകിസ്‌താന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന്‌ ക്രിക്കറ്റ്‌ താരങ്ങള്‍ ഉള്‍പ്പെടെ 200 മരണം.

അഫ്‌ഗാനിസ്‌ഥാന്റെ തിരിച്ചടിയില്‍ 60 പാക്‌ സൈനികരും കൊല്ലപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ഖത്തര്‍ കേന്ദ്രീകരിച്ചുള്ള ശ്രമം തുടരുകയാണ്‌. ചര്‍ച്ചകള്‍ക്കായി താലിബാന്‍ പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ്‌ യാക്കൂബ്‌ മുജാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം ഖത്തറിയിലെത്തിയിട്ടുണ്ട്‌.

അതേ സമയം, ആക്രമണത്തില്‍ പ്രതിഷേധിച്ചു പാകിസ്‌താനില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയില്‍നിന്നു പിന്മാറുകയാണെന്നു അഫ്‌ഗാനിസ്‌ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അറിയിച്ചു. അഫ്‌ഗാന്‍ ക്രിക്കറ്റ്‌ താരങ്ങളായ കബീര്‍, സിബ്‌ഘത്തുള്ള, ഹാരോണ്‍ എന്നിവരാണു കൊല്ലപ്പെട്ടത്‌. ഭീകരരുടെ ക്യാമ്ബുകളെ ലക്ഷ്യമിട്ടാണു തങ്ങള്‍ ആക്രമണം നടത്തിയതെന്നു പാകിസ്‌താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അട്ടാവുള്ള തരാര്‍ അവകാശപ്പെട്ടു.

ഇരു രാജ്യങ്ങളും 48 മണിക്കൂര്‍ വെടിനിര്‍ത്താന്‍ സമ്മതിച്ചതിനു തൊട്ടുപിന്നാലെയാണു പാക്‌സ്‌താന്‍ ആക്രമണം നടത്തിയത്‌. പാകിസ്‌താനികള്‍ ‘വിശ്വാസവഞ്ചന’ കാട്ടിയെന്ന്‌ അഫ്‌ഗാനിസ്‌ഥാന്‍ പ്രതികരിച്ചു. ദുറാന്ദ്‌ ലൈനില്‍ നടക്കുന്ന കനത്ത ഏറ്റുമുട്ടലുകളില്‍ ഏകദേശം 60 പാകിസ്‌താന്‍ സൈനികരും കൊല്ലപ്പെട്ടു. ഈ മാസം ഒന്‍പതിനാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടങ്ങിയത്‌.

പാകിസ്‌താന്‍ കാബൂളില്‍ നടത്തിയ വ്യോമാക്രമണമാണ്‌ അഫ്‌ഗാനിസ്‌ഥാനും പാകിസ്‌താനും ഇടയില്‍ സംഘര്‍ഷങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. ഇതിനു പ്രതികരണമായി അഫ്‌ഗാന്‍ താലിബാന്‍ സേന നടത്തിയ ആക്രമണങ്ങള്‍ സ്‌ഥിതി രൂക്ഷമാക്കി.ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നാണു പാകിസ്‌താന്‍ നിലപാട്‌.