ധാക്ക വിമാനത്താവളത്തില്‍ വൻ തീപിടിത്തം: എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു, തീയണക്കാനുള്ള ശ്രമം തുടരുന്നു

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുള്ള ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തില്‍ വൻ തീപിടുത്തം.

തീ ആളിപ്പടരുകയും വൻതോതില്‍ പുക വ്യാപിക്കുകയും ചെയ്തതോടെ അടിയന്തരമായി വിമാന സർവീസുകളെല്ലാം നിർത്തി വയ്ക്കാൻ എയർപോർട്ട് അതോറിറ്റി നിർദേശം നല്‍കി. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഗേറ്റ് 8 ന് സമീപം തീ പടരാൻ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആദ്യം ഒമ്പത്‌ അഗ്നിശമന യൂണിറ്റുകള്‍ ഉടൻ തന്നെ സ്ഥലത്തേക്ക് എത്തിയെങ്കിലും, തീ നിയന്ത്രിക്കാനാതെ വന്നതോടെ പതിനഞ്ച് അധിക യൂണിറ്റുകള്‍ കൂടി സ്ഥലത്തെത്തിച്ചു. തീ അണയ്ക്കാൻ 28 യൂണിറ്റുകള്‍ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും, അടിയന്തരഘട്ടങ്ങള്‍ക്കായി കൂടുതല്‍ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും ഫയർ സർവീസ്, സിവില്‍ ഡിഫൻസ് മീഡിയ സെല്‍ അറിയിച്ചു. നിലവില്‍ വിമാനത്താവളത്തിലെ വിമാനങ്ങളെല്ലാം സുരക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ് സിവില്‍ ഏവിയേഷൻ അതോറിറ്റി, വ്യോമസേനയിലെ രണ്ട് ഫയർ യൂണിറ്റുകള്‍, ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ (BGB) രണ്ട് പ്ലറ്റൂണുകള്‍ എന്നിവ രക്ഷാപ്രവർത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിമാനത്താവ‍ളത്തില്‍ കുടുങ്ങിയ ആളുകളെ മാറ്റുന്നതിനൊപ്പം, സമീപ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടയാൻ നേവിയും രംഗത്തുണ്ട്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.