ഇടുക്കിയിൽ അതിശക്തമായ മഴ; കല്ലാർ, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നു; വാഹനങ്ങൾ ഒഴുകി പോയി- വീഡിയോ

നെടുങ്കണ്ടം ∙ ഇടുക്കി ജില്ലയുടെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ പെയ്തിറങ്ങിയത് മേഘ സ്ഫോടനത്തിന് സമാനമായ മഴ. ഏകദേശം മൂന്നു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ വിവിധ അതിർത്തി പ്രദേശങ്ങളായ നെടുങ്കണ്ടം, തൂക്കുപാലം, കമ്പംമേട് പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കനത്ത മലവെള്ളപ്പാച്ചിലിൽ കൂട്ടാറിൽ ട്രാവലർ അടക്കമുള്ള വാഹനങ്ങൾ ഒഴുകി പോയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കല്ലാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്. തുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെ കല്ലാർ ഡാം തുറക്കുകയായിരുന്നു. ഇതും പ്രദേശത്ത് വെള്ളപ്പാച്ചിലിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു. 

ഇന്ന് രാവിലെ മുല്ലപ്പെരിയാർ ഡാമി ജലനിരപ്പ് 136 അടിയായി ഉയര്‍ന്നിരുന്നു. അണക്കെട്ടിലേക്കുള്ള ജലപ്രവാഹവും വര്‍ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു. 13 ഷട്ടറുകളും ഉയര്‍ത്തി 5000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഇടുക്കി ഹൈഡ്രോളിക് പ്രൊജക്ടിന്‍റെ ഭാഗമായ കല്ലാര്‍ ‍ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർ ഡാമിലെ നാല് ഷട്ടറുകളാണ് തുറന്നത്.

അതസമയം, ഇടുക്കിയില്‍ രാത്രിയില്‍ ആരംഭിച്ച ശക്തമായ മഴ തുടരുകയാണ്. തൊടുപുഴ, ഇടുക്കി, നെടുംങ്കണ്ടം, കുമളി മേഖലയിൽ മഴ ശക്തമാണ്. വണ്ടിപ്പെരിയാർ കക്കി കവലയിൽ വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിൽ നിന്നുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. തോട് കര കവിഞ്ഞതിന്നെ തുടർന്ന് വീട്ടിൽ കുടുങ്ങിയ 5 പേരെ   രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബിൽഡിങ്ങിലേക്ക് മാറ്റി. കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം ഉയര്‍ന്നിട്ടുണ്ട്. പാറക്കടവിൽ ഏലക്ക സ്റ്റോർ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. ബാലഗ്രാമിലും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി വ്യാപാരികൾ പറയുന്നു.

ഇതിനിടെ നെടുങ്കണ്ടം തൂക്കുപാലം മേഖലകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചു പോയി. സ്കൂട്ടറും കാറുമാണ് ഒലിച്ചു പോയത്. നെടുങ്കണ്ടം താന്നിമൂട് മേഖല ഒറ്റപ്പെട്ടു. മേഖലയിലേക്കുള്ള റോഡുകളിൽ അഞ്ച് അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. നെടുങ്കണ്ടം- കമ്പം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. കൂട്ടാറിൽ ട്രാവലർ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. മുണ്ടിയെരുമയിൽ നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മേഖലയിൽ നിന്നും മാറ്റുകയാണ്. ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ നിലം പതിച്ചു.

അതേസമയം, സംസ്ഥാനത്ത് 9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കടൽ പ്രക്ഷുബ്ധമായതിനാൽ കേരള  ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകരുത്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള– കർണാടക തീരത്തിനടുത്ത് അറബിക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപമെടുത്തേക്കും. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.