പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചു. പിഴത്തുക നൽകാനായില്ലെങ്കിൽ തുല്യമായ കാലയളവ് ശിക്ഷ അനുഭവിക്കണം.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയ്ക്ക് കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനുമാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രതി കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ പരോള്‍ നല്‍കുകയാണെങ്കില്‍ സാക്ഷികള്‍ക്കും ഇരകള്‍ക്കും പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇയാളുടെ സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ലെന്നും സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സജിത വധക്കേസിൽ ചെന്താര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചിരുന്നു.
സജിത വധക്കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27 നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ജനുവരി 27 നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. അയൽവാസികളായ പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെ ചെന്താമര വീടിന് മുൻപിലിട്ടാണ് വെട്ടിക്കൊന്നത്. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട് ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
2019 ലാണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയായിരുന്നു. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. സജിതാ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് ചെന്താമര സുധാകരനെയും മീനാക്ഷിയെയും വെട്ടിക്കൊലപ്പെടുത്തിയത്.