മോഷണത്തിനിടെ അയൽക്കാരി തീകൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന ആശാ പ്രവർത്തക മരിച്ചു

പത്തനംതിട്ട: കീഴ്‌വായ്പൂരില്‍ മോഷണശ്രമത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാപ്രവർത്തക ലതാകുമാരി മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ഒമ്പതാം തീയതിയാണ് സംഭവം. ലതാകുമാരിയുടെ വീട്ടില്‍ മോഷണശ്രമത്തിനിടെയാണ് സുമയ്യ ഇവരെ കെട്ടിയിട്ട് തീകൊളുത്തിയത്. സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയാണ് സുമയ്യ. ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോയിപ്രം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം കീഴ്വായ്പൂരിലെ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു ഇവരുടെ താമസം.

ഓൺലൈൻ വായ്പാ ആപ്പുകളിലും ഓഹരി വ്യാപാരങ്ങളിലും സജീവമായ സുമയ്യയ്ക്ക് അൻപതുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ഭർത്താവ് അറിയാതെയാണ് ഈ ഓൺലൈൻ ഇടപാടുകൾ നടത്തിയിരുന്നത്. കടംവീട്ടാൻ വഴി തേടി ക്വാർട്ടേഴ്സിനടുത്തു താമസിക്കുന്ന സുഹൃത്തുകൂടിയായ ലതയോട് ഒരുലക്ഷം രൂപ വായ്പ ചോദിച്ചു. ഇത് കിട്ടാതെ വന്നപ്പോൾ സ്വർണാഭരണങ്ങൾ തരണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതമറിയിച്ചതോടെ കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കി.

മുമ്പുണ്ടായ പക്ഷാഘാതത്തിന്റെ ഫലമായി ആരോഗ്യക്കുറവുള്ള ലതയെ ബലപ്രയോഗത്തിൽ കീഴ്പ്പെടുത്താമെന്ന് ഇവർക്ക് ഉറപ്പുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ഏഴുമാസം പ്രായമുള്ള ഇളയകുട്ടിയുമായി സുമയ്യ പുളിമല വീട്ടിലെത്തി. ലതയുടെ ഭർത്താവ് കീഴ്‌വായ്‌പൂരിൽ ജനസേവാകേന്ദ്രം നടത്തുന്ന രാമൻകുട്ടി വീട്ടിൽ ഇല്ലാതിരുന്നത് സൗകര്യമായി. കുട്ടിയെ അടുത്ത മുറിയിൽ കിടത്തിയ ശേഷമെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി ലതാകുമാരിയെ പിടിച്ചുകെട്ടിയിട്ട് സ്വർണാഭരണങ്ങൾ ഊരിയെടുത്തു.

ഓട്ടോയിൽകയറി നേരേ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. സുമയ്യയാണ് ആക്രമണം നടത്തിയതെന്ന് എസ്ഐ ആർ. രാജേഷിന് മൊഴി നൽകിയതോടെ രാത്രിതന്നെ ക്വാർട്ടേഴ്‌സ് പൂട്ടി സീൽ വെച്ചിരുന്നു. ഇവരെ വനിതാ പോലീസ് നിരീക്ഷണത്തിൽ കോഴഞ്ചേരിയിലെ മഹിളാ സദനത്തിലുമാക്കി.

വെള്ളിയാഴ്ച രാവിലെ വിരലടയാള വിദഗ്ധരടങ്ങുന്ന ശാസ്ത്രീയ കുറ്റാന്വേഷണസംഘം സ്ഥലത്തെത്തി. വൈകീട്ട് പോലീസ് നായയുമായി പ്രത്യേക വിഭാഗവും വന്നു. അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ സുമയ്യയാണ് കൃത്യം ചെയ്തതെന്ന് പോലീസ് ഉറപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഇവരെയെത്തിച്ച് ലതയുടെ വീട്ടിലും ക്വാർട്ടേഴ്സിലും തെളിവെടുപ്പ് നടത്തി. ക്വാർട്ടേഴ്സിലെ ശൗചാലയ ഫ്ലഷ് ടാങ്കിൽനിന്ന് ലതയുടെ നഷ്ടമായ സ്വർണാഭരണങ്ങൾ കണ്ടെത്തി. കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.