ഗസ്സ: നിരവധി ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഹമാസ്. പ്രത്യേക ഉപകരണങ്ങള്‍ ഇല്ലാതെ ഇവ പുറത്തെടുത്ത് മൃതദേഹങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും ഹമാസ് അറിയിച്ചു. എന്നാല്‍, മൃതദേഹങ്ങള്‍ തിരിച്ച് തന്നില്ലെങ്കില്‍ ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യാഴാഴ്ച ഭീഷണി മുഴക്കി.
രണ്ട് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഹമാസ് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് കാറ്റ്സിന്റെ മുന്നറിയിപ്പ്. ഇതുവരെ ഒമ്പത് ബന്ദികളുടെ മൃതദേഹമാണ് ഹമാസ് കൈമാറിയത്. നേരത്തെ കൈമാറിയ പത്താമത്തെ മൃതദേഹം ബന്ദിയുടേതല്ലെന്നും ഇസ്രായേൽ അറിയിച്ചു. അതേസമയം, ഇസ്രായേൽ കൊലപ്പെടുത്തിയ 30 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി ഗസ്സക്ക് കൈമാറി. ഇതോടെ കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം 120 ആയി. തിരിച്ചറിയൽ രേഖയില്ലാതെ റെഡ്ക്രോസ് വഴിയാണ് ഇസ്രായേൽ മൃതദേഹങ്ങൾ കൈമാറിയത്.