ചിലർക്ക് സന്തോഷം, മറ്റ് ചിലർക്ക് ദുഃഖം : വിസിറ്റിംഗ് പാസ്റ്റർമാർക്ക് ദുബായ് സഭകളിൽ ഇനി പ്രസംഗിക്കാനാവില്ല

ഷാജി ആലുവിള

ഭരണവും സംവിധാനവും മാറി മാറി വരുമ്പോൾ നിയമങ്ങളും രീതികളും മാറി മാറി വരും.
ഇതുവരെ ദുബായിയും മറ്റ് ഗൾഫ് രാജ്യങ്ങളും ക്രിസ്തീയ ശുശ്രൂഷകർക്ക് വലിയ ആശ്വാസം ആയിരുന്നു. സന്ദർശന വിസയിൽ യു.എ. ഇ യിൽ എത്തുന്ന സുവിശേഷകരെ അവിടെയുള്ള എല്ലാ സഭകളും ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ഭൗതിക സഹായങ്ങൾ ധാരാളം ചെയ്തിട്ടുമുണ്ട്. ഉള്ളതും ഇല്ലാത്തതുമായ ഒരുപാട് പ്രോജക്ടുകൾക്ക് വേണ്ടി ഫണ്ടുകൾ അനേകർ ശേഖരിച്ചിട്ടുണ്ട്.

കടമെടുത്തും കാലു പിടിച്ചും കണ്ണീരുമൊഴുക്കി അവിടെയിറങ്ങിയിട്ട് ഒരു പ്രോഗ്രാമിന് വേണ്ടി അനേകരെ വിളിക്കണം. അങ്ങനെ ശുശ്രൂഷ വേണ്ടും വണ്ണം ലഭിക്കാതെ മടങ്ങി വന്ന ദൈവദാസന്മാരും അനേകരുണ്ട്.

പ്രവാചക ശുശ്രൂഷകർക്കായിരുന്നു പൊതുവെ നല്ല നേട്ടം ഉണ്ടായിരുന്നത്. ട്രാവൽ ഏജൻസി വഴി പണം കൊടുത്ത് വിസയും ഫ്ലൈറ്റ് ടിക്കറ്റും വാങ്ങി ദുബായിൽ ഇറങ്ങി കറങ്ങിയടിച്ച് ശുശ്രൂഷയുടെ പേരിൽ ഇനി ഒന്നും സമ്പാദിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. കാരണം ദുബായിൽ ഇപ്പൊൾ വിസിറ്റിംഗ് പാസ്റ്റർമാർക്ക് വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.

അവിടെയുള്ള ഏതെങ്കിലും സഭയിൽ ഒരു പാസ്റ്റർ വിസിറ്റിംഗിനു ചെന്നാൽ വിശ്വാസികൾക്കൊപ്പം ഇരിക്കുകയും ആരാധിക്കുകയും ചെയ്യാം എന്നല്ലാതെ പ്രാസംഗിക്കുവാനോ ശുശ്രൂഷിക്കുവാനോ ദുബായി സർക്കാർ ഇനി മുതൽ അനുവദിക്കില്ല.
അനേകം പെന്തക്കോസ്ത് സഭകൾ യൂ എ ഇ യിലുണ്ട്. എല്ലാ സഭകളുടെയും ആരാധന വിവിധ സമയങ്ങളിലാണ് നടന്നു വരുന്നത്. ഓരോ സഭയുടെയും ആരാധനാ പ്രോഗ്രാം സിസി ടിവി വഴി മോണിറ്റർ ചെയ്ത് അധികാരികൾക്ക് കാണത്തക്ക രീതിയിലുള്ള ക്രമീകരണമാണ് ഇപ്പൊൾ ചെയ്തിരിക്കുന്നത്. അതുകൊണ്ട് വിസിറ്റിംഗ് പാസ്‌റ്റർമാരെ ശുശ്രൂഷക്ക് പ്രോത്സാഹിപ്പിക്കുവാൻ ഇനി മുതൽ സാധിക്കില്ല.

എന്നാൽ വിസിറ്റിംഗിന് ചെല്ലുന്ന പാസ്റ്ററുടെ വിശദവിവരവും പ്രസംഗ വിഷയവും മൂന്ന് മാസം മുമ്പ് അധികാരികളെ അറിയിച്ചാൽ അധികാരികൾ പരിശോധിച്ച് അനുവാദം തരുവാൻ സാധ്യതയുമുണ്ട്.

പക്ഷേ അതൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ കൺവൻഷൻ പോലെയുള്ള സമയങ്ങളിൽ വിസിറ്റിംഗ് വിസയിൽ ക്ഷണിതാക്കളായി എത്തുന്ന മുഖ്യ പ്രാസംഗികർക്ക് ഈ നിയമം പ്രയോജനം ചെയ്യും. അതുകൊണ്ട് ദുബായിലേക്ക് വിസിറ്റിംഗ് പാസ്റ്റർമാരുടെ ഇടിച്ചുകയറ്റം ഇനി കുറയുമെന്നാണ് നിഗമനം.

ഈ നിയമം അവിടെയുള്ള എല്ലാ മതങ്ങൾക്കും അവരുടെ വിസിറ്റിംഗ് മതപുരോഹിതന്മാർക്കും ബാധകമാണ്.