ന്യൂഡല്‍ഹി: ഹിന്ദുക്കളെ കൂട്ടത്തോടെ ക്രിസ്ത്യാനികളാക്കാന്‍ ശ്രമിച്ചെന്ന ഉത്തര്‍പ്രദേശ് പോലിസിന്റെ കേസ് സുപ്രിംകോടതി റദ്ദാക്കി. അലഹബാദിലെ സാം ഹിഗ്ഗിന്‍ബോട്ടം യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍, ടെക്‌നോളജി ആന്‍ഡ് സയന്‍സസിലെ വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്ര ബിഹാരി ലാല്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസാണ് റദ്ദാക്കിയത്.
2022 ഫെബ്രുവരിയില്‍ ഫതഹ്പൂര്‍ ജില്ലയിലെ കോട്‌വാലി പോലിസാണ് നിരവധി പേര്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്തത്. മതിയായ പരിശോധനകള്‍ നടത്താതെയാണ് പോലിസ് കേസെടുത്തതെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. യുപി നിയമത്തിലെ ചിലഭാഗങ്ങള്‍ മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25ാം അനുഛേദത്തിന്റെ ലംഘനമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.