എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ വിദ്യാർഥിനി ഇനി സ്കൂളിലേക്ക് ഇല്ല.
സ്കൂളില്‍ നിന്ന് ടിസി വാങ്ങും. കുട്ടിയ്ക്ക് സ്കൂളില്‍ തുടരാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. 10 മണിക്ക് മാധ്യമങ്ങളെ കാണും എന്ന് പിതാവ് അറിയിച്ചു.
ഇന്നലെ രാത്രി മുതല്‍ കുട്ടിയ്ക്ക് ചില ശാരീരിക പ്രശ്നങ്ങളുണ്ടെന്നും തിങ്കളാഴ്ച മുതല്‍ കുട്ടി സ്കൂളില്‍ എത്തുമെന്നുമായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീടാണ് കുട്ടി ഇനി ആ സക്ൂളിലേക്കില്ലെന്ന് പിതാവ് അറിയിക്കുന്നത്. വിവാദത്തിന് പിന്നാലെ സ്കൂള്‍ രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു.
കഴിഞ്ഞ ദിവസം സ്കൂള്‍ തുറന്നെങ്കിലും ഹിജാബ് ധരിക്കണമെന്ന് ആവശ്യവുമായി മുന്നോട്ടുവന്ന വിദ്യാർഥിനി അവധിയില്‍ ആയിരുന്നു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്കിയാല് വിദ്യാർഥിനിക്ക് സ്കൂളില്‍ തുടരാം എന്ന നിലപാടിലായിരുന്നു സ്കൂള്‍ മാനേജ്മെന്റ്.