ഒന്നിച്ച് നിന്ന് നമുക്ക് നന്നായി വളരാം

ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: ഗുരോ, ആത്മീയയാത്ര ആന്തരികയാത്രയാണെന്നും ഏകാന്തയാത്രയാണെന്നുമെല്ലേ പറയുക.. പക്ഷേ, ഇവിടെ എല്ലാവരും ഒരുമിച്ചിരുന്നാണല്ലോ പരിശീലിക്കുന്നത്.

ഗുരു പറഞ്ഞു: മുറ്റത്ത് ഒറ്റക്ക് നില്‍ക്കുന്ന മരത്തേക്കാള്‍ ശക്തിയുണ്ട് കാട്ടില്‍ ഒരുമിച്ചു നില്‍ക്കുന്ന മരത്തിന് കാട് കാറ്റിനേയും പ്രകൃതിക്ഷോഭത്തേയും പ്രതിരോധിക്കുന്നുണ്ട്. മാത്രമല്ല, അവയുടെ വേരുകള്‍ പരസ്പരം ബന്ധിതവും ശക്തവുമാണ്.

ഒരേ ലക്ഷ്യത്തിലേക്ക് ഒരേ വഴിയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് രണ്ട് സാധ്യതയുണ്ട്. ഒറ്റക്ക് വേണമെങ്കില്‍ യാത്രചെയ്യാം.. ഒരുമിച്ചും യാത്രപോകാം. തനിച്ചുള്ളയാത്രയില്‍ അപരന്റെ ശല്യമില്ല, തന്നിഷ്ടം പോലെ പെരുമാറാം. പക്ഷേ, ഒരുമിച്ചുള്ളയാത്രയില്‍ സ്വയം നിയന്ത്രണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കണ്ണികള്‍ വിളക്കിച്ചേര്‍ത്താലേ ആ യാത്ര കൂടുതല്‍ മനോഹരമാകൂ.

ചുറ്റുപാടുകളുടെ സ്വരവ്യത്യാസങ്ങളറിഞ്ഞ് അവയോട് ഇടപഴകുമ്പോഴാണ് ജീവിതത്തിന്റെ തെളിമ നിലനില്‍ക്കുന്നത്. ബലഹീനതകളില്‍ തനിച്ചായാല്‍ നാം തളരും, എന്നാല്‍ ഒരുമിച്ചായാല്‍ തന്റേടമുണ്ടാകും..

കൂടെയുളളവര്‍ പകരുന്ന പിന്തുണയും ധൈര്യവുമാണ് ആപത്ഘട്ടങ്ങളിലെ നമ്മുടെ ബലം. തന്റേതല്ലാത്ത കാരണങ്ങള്‍ ചിലപ്പോള്‍ ജീവിതത്തില്‍ തളര്‍ച്ചയുണ്ടായേക്കാം.

പക്ഷേ, ആരെങ്കിലും താങ്ങായി കൂടെയുണ്ടാവുകയാണെങ്കില്‍ അതൊരുപക്ഷേ, ഒരു രണ്ടാം ജന്മമായേക്കാം.. നമുക്ക് ഒന്നിച്ച് നിന്ന് നന്നായി വളരാം

– ശുഭദിനം.