പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ദൈവസഭയിൽ വേഷം കെട്ടുകാരും, നുഴഞ്ഞുകയറ്റക്കാരും ഒന്നാം നൂറ്റാണ്ട് തുടങ്ങി ഉണ്ടായിരുന്നു. തിരുവചനത്തിൽ ധന്യനായ പൗലോസ് പറയുന്നു സാത്താൻ താനും വെളിച്ച ദൂതൻെറ് വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവൻെറ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയം അല്ല. (2 കൊരിന്ത്യർ 11 :14) ഇതാണ് നമ്പൂതിരി പാസ്റ്റർ ഇപ്പോൾ കേരളത്തിൽ ചെയ്തത്. ഇവരുടെ ദൈവം വയറും, ഇവരുടെ സുവിശേഷം ഗേഹസി സുവിശേഷവുമാണ്.
പെന്തക്കോസ്ത് ഉപദേശത്തിനും, വിശ്വാസത്തിനും വില കൊടുത്ത് ഇറങ്ങിയവർ അനവധിയുണ്ട്. അവർ ഉദരത്തിനുള്ളതല്ല ചിന്തിക്കുന്നത്, ഉയരത്തിലുള്ളതാണ് ചിന്തിക്കുന്നത്. എന്നാൽ ദൈവ സഭ തിരിച്ചറിയണം നമ്മുടെ നടുവിൽ ധാരാളം കളകൾ വളരുന്നുണ്ട്. ഭേദാ ഭേദങ്ങളെ തിരിച്ചറിയണം. കേൾക്കുന്നതെല്ലാം ദൈവശബ്ദം ആണെന്നും, കാട്ടിക്കൂട്ടുന്നത് എല്ലാം ദൈവത്തിങ്കൽ നിന്നും ആണെന്ന് ഒരിക്കലും കരുതരുത്.
ഒരിക്കൽ ദേശാന്തരികളായി നടക്കുന്ന മഹാപുരോഹിതനായ സേ്ൃഖവയുടെ പുത്രന്മാർ യേശുവിൻറെ നാമം ചൊല്ലുവാൻ കോട്ടുമെടുത്തിട്ട് ഇറങ്ങിയത് പോലെ താൽക്കാലിക ലാഭത്തിനും, മറ്റു പണിയൊന്നും കിട്ടുവാൻ കഴിയാത്തതു കൊണ്ടും, അതിനുള്ള യോഗ്യത ഇല്ലാത്തതുകൊണ്ടും, ഉപദേശി പട്ടം കെട്ടി ഇറങ്ങിയവർ അനവധിയുണ്ട്. ഇവരുടെ ലക്ഷ്യം പോക്കറ്റ് നിറയണം, അധികാരം കയ്യടക്കണം, നാടുചുറ്റി നടക്കണം,പ്രധാന കസേരയിൽ ഇരിക്കണം.
ഇങ്ങനെയുള്ളവരെ നോക്കി വേദനിക്കുന്ന ഹൃദയത്തോടെ പൗലോസ് പറയുന്നു, “ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും” ഇത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു . ദൈവജനം ബർയേശുവിനെ തിരിച്ചറിയണം. ഇങ്ങനെയുള്ള കള്ള പ്രവാചകന്മാരെയും, കള്ള അപ്പോസ്തോലന്മാരെയും പുറത്താക്കേണ്ടത് വളരെ ആവശ്യം. സഭാ നേതൃത്വം അറിയാതെയും, യാതൊരുവിധമായ രേഖകളും ഇല്ലാതെയും പാസ്റ്റർ പട്ടം കൊണ്ട് നാടുചുറ്റുന്ന വിരുതന്മാരെ വിശ്വാസികൾ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഇവർക്ക് ആരോടും കണക്ക് പറയേണ്ട.
എവിടെ, എപ്പോൾ വേണമെങ്കിലും പോകാം,വരാം. വീട് വീടാന്തരം കയറിയിറങ്ങി താവളങ്ങൾ മാറ്റിയടിക്കുകയും ചെയ്യുന്ന ഇവരുടെ ലക്ഷ്യം, വല്ലവിധേനയും ആത്മാക്കളെ നേടുക എന്നുള്ളതല്ല വല്ലവിധേനയും ആരെയെങ്കിലും വശത്താക്കുക. ഇതാണ് ഇവരുടെ അജണ്ട. അനേക നമ്പൂതിരി പാസ്റ്റർമാർ ഇന്ന് കേരളത്തിലും മറ്റിടങ്ങളിലും ദേശാന്തരികളായി ഓടിക്കൊണ്ടിരിക്കുകയാണ്. ദൈവജനം ആത്മാവിൽ ഇവരുടെ വഞ്ചനയും, പ്രവൃത്തിയില്ലാത്ത ജീവിതത്തെയും വിവേചിക്കുകയും തിരിച്ചറിയുകയും ചെയ്യണം. പാശ്ചാത്യ രാജ്യങ്ങളിൽ ക്രെഡൻഷ്യലും മറ്റും പാസ്റ്റേഴ്സിന് കൊടുക്കുന്നതിനു മുമ്പും സഭയിൽ നിയമിക്കുന്നതിന് മുമ്പും മുൻകാല ചരിത്രം പരിശോധിക്കറുണ്ട്. ഒരു ജോലിക്ക് എവിടെയെങ്കിലും അപേക്ഷിക്കുമ്പോഴും ഇത് ഉത്തരവാദിത്തപ്പെട്ടവർ ചെയ്യാറുണ്ട്. എന്തിനാണെന്ന് ചോദിച്ചാൽ ഈ വ്യക്തി പറയുന്ന ആൾ ആണോ? അതോ തട്ടിപ്പ് വീരൻ ആണോ? അതോ എന്തെങ്കിലും നൂലാമാല കേസുകളിൽ പ്രതിയാണോ? ഇതെല്ലാം അന്വേഷിക്കാറുണ്ട്.
എന്തുകൊണ്ട് നമ്മുടെ നാട്ടിലും ഇത് ചെയ്തുകൂടാ. കളറും, ബോർഡും, ബാനറും കണ്ട് അനേകർ വീണു പോയിട്ടുണ്ട്. അതുകൊണ്ട് നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു. നിൽക്കുന്നു എന്ന് കരുതുന്നവൻ വീഴാതിരിപ്പാൻ സൂക്ഷിക്കട്ടെ.
ദൈവജനം ഉണർന്ന് ജാഗ്രതയോടെ കൂട്ടായി നിൽക്കുന്നില്ല എങ്കിൽ കള്ള പ്രവാചകന്മാരും, ഹരിപ്രസാദ് തുടങ്ങിയുള്ള കൗടലയന്മാരും, കുഞ്ഞാടുകളുടെ മാംസം ഭക്ഷിക്കുവാൻ, പുറത്തുവരും. ഒരുപക്ഷേ ചിലർ പിടിക്കപ്പെടു, മറ്റുചിലർ പിടിക്കപ്പെടുകയില്ല. കള്ള ഉപദേഷ്ടാക്കന്മാരും, വ്യാജന്മാരും തിരുവചനത്തിൽ ഉടനീളം ദർശിക്കാം. അതിന്നും തുടർന്നുകൊണ്ടിരിക്കുന്നു. ദൈവമക്കൾ ജാഗ്രതയോടെ ഇരിക്കുക. നമ്പൂതിരി പാസ്റ്റർ വേഷം കെട്ടി ഇനിയും പലരും വാതിൽക്കൽ വന്നുമുട്ടും ഉണർന്നുകൊള്ളുക.



