നാം എന്താണോ കൊടുക്കുന്നത്, അത് മാത്രമാണ് തിരിച്ചുകിട്ടുക..

ഒരു ദിവസം അയാള്‍ മാഷെ കാണാന്‍ വന്നു. അയാള്‍ പറഞ്ഞു: ഭാര്യ ഗര്‍ഭിണിയായി. കുറെകഴിഞ്ഞിട്ട് മതിയെന്ന് ഞങ്ങള്‍ ആഗ്രഹിച്ചതാണ്.

അയാള്‍ തുടര്‍ന്നു ഇപ്പോള്‍ അവള്‍ക്ക് ആറാംമാസമാണ്. എനിക്ക് എന്തായാലും ലീവ് കിട്ടില്ല. അവള്‍ ഇവിടെ ഒറ്റക്കാവും.. മാഷ് പരിഹാരം നിര്‍ദ്ദേശിച്ചു: ഒരു സ്ഥലമുണ്ട്. അവിടെ അഡ്മിറ്റാക്കാം.

പ്രസവാനന്തര ചികിത്സയും കഴിഞ്ഞ് വീട്ടില്‍ എത്തിക്കും. അയാള്‍ സന്തോഷത്തോടെ അഡ്രസ്സും ഫോണ്‍ നമ്പറും എഴുതിയെടുത്തു. മാസങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും മാഷെ അന്വേഷിച്ചെത്തി.

അയാള്‍ പറഞ്ഞു: മാഷേ, കുട്ടിക്ക് നാലുമാസമായി. ഭാര്യക്ക് ലീവ് നീട്ടാന്‍ പറ്റില്ല.. എനിക്കാണെങ്കില്‍ ജോലിക്കയറ്റവും കിട്ടി. മാഷിന് കാര്യം മനസ്സിലായി. മാഷ് പറഞ്ഞു: മൂന്ന് വയസ്സുവരെ കുട്ടിയെ നോക്കുന്ന പാക്കേജ് ഉണ്ട്. രാവിലെ വരും വൈകീട്ട് പോകും. ഫുള്‍ടൈം നില്‍ക്കണമെങ്കില്‍ പാക്കേജ് അല്പം കൂടി കൂടും.

ഫോണ്‍ നമ്പര്‍ വാങ്ങി അയാള്‍ സന്തോഷത്തോടെ പോയി.. മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും മാഷെ കാണാന്‍ അയാള്‍ ചെന്നു. അയാള്‍ തന്റെ പരാതി തുടങ്ങി. മാഷേ, കുട്ടിക്ക് നാല് വയസ്സായി. ഞങ്ങളുടെ ജോലി ഒന്നുകൂടി ടൈറ്റായി വരുന്നു. കുഞ്ഞിന്റെ വിദ്യാഭ്യാസം..

മാഷ് ചെറുചിരിയോടെ പറഞ്ഞു: ഇത് ഇത്തിരി വലിയ പാക്കേജ് ആണ്. ഡേ കെയര്‍ മുതല്‍ ഡിഗ്രി വരെ കയ്യില്‍ തരും.. കുട്ടിയെ മാസത്തില്‍ ഒരിക്കല്‍ വേണമെങ്കില്‍ ചെന്ന് കാണാം.. ആ ആഡ്രസ്സും വാങ്ങി അയാള്‍ യാത്രയായി..

വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. അന്ന് മാഷിനെ അന്വേഷിച്ച് ഒരു യുവാവ് വന്നു.. യുവാവ് തന്റെ സുഹൃത്തിന്റെ മകനാണെന്ന് മാഷിന് മനസ്സിലായി.

മകന്‍ പറഞ്ഞു: അമ്മക്കും അച്ഛനും വയസ്സായി. വല്ലാത്ത ഓര്‍മ്മക്കുറവ് ഉണ്ട്.. പിടിവാശിയും.. എനിക്ക് തീരെ സമയമില്ല. ഭാര്യക്കാണെങ്കില്‍ ജോലിയും. പിന്നെ അവള്‍ക്ക് ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യാനും സാധിക്കുന്നില്ല.. യുവാവ് പറഞ്ഞുനിര്‍ത്തി..

മാഷ് പരിഹാരം പറഞ്ഞുതുടങ്ങി: നല്ല പരിചരണത്തോടെ നോക്കുന്ന പാക്കേജുണ്ട്, മരിച്ചാല്‍ അതാത് മതപ്രകാരം സംസ്‌കരിക്കുകയും ചെയ്യും. വീട്ടില്‍ നിന്നും ആരും വരേണ്ടതില്ല..

മകന്‍ ഒത്തിരി സന്തോഷത്തോടെ നമ്പറും വാങ്ങി തിരിച്ചുപോയി.. അതേ, നാം എന്താണോ കൊടുക്കുന്നത്, അത് മാത്രമാണ് തിരിച്ചുകിട്ടുക.. ചിലതൊക്കെ അങ്ങിനെയാണ്.. വിതച്ചതേ കൊയ്യൂ…

– ശുഭദിനം.