ദര്‍ശനത്തിന്റെ കാവല്‍ക്കാര്‍, വചനത്തിന്റെ നാവുകള്‍

ദൈവീക നിയമങ്ങളും, ന്യായപ്രമാണവും യുഗങ്ങൾക്ക് മാറ്റം സംഭവിച്ചാലും ഒരിക്കലും മാറാത്തതാണ്. ദിനംപ്രതി പ്രകാശത്തേക്കാൾ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ലോകം, അതിനേക്കാൾ വേഗതയിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യജാതി.

യുഗങ്ങളുടെ പാറയായ ക്രിസ്തുവിന് ആധുനികതയുടെ പരിവേഷമില്ല, പരിഷ്കാരവും ഇല്ല. പ്രപഞ്ചത്തിനടിസ്ഥാനം ഇട്ടവൻ പശുത്തൊട്ടിയിൽ പിറന്നുവീണങ്കിലും, ദൈവസഭ പിറന്നു വീണത് പരിശുദ്ധാത്മാവാകുന്ന അഗ്നിയിലാണ്. ആളിക്കത്തിയ ഈ അഗ്നിയുടെ ചൂടു തട്ടിയ ജീവിതങ്ങൾ തീക്കഷണങ്ങളായി ദൈവരാജ്യത്തിനും, യേശുവിനും വേണ്ടി എഴുന്നേറ്റു. സമൂഹത്തിൽ ഇവർ പുറന്തള്ളപ്പെട്ടിരുന്നുവെങ്കിലും, ലോകത്തിൽ അവർ ജ്യോതിസ്സുകളെ പോലെ പ്രകാശിച്ചു.

സ്ഥാനമാനങ്ങളും, അധികാരങ്ങളും അന്വേഷിച്ച് അവർ ഓടിയില്ല. വോട്ട് പിടുത്തം തൊഴിലാക്കി ദേശം ചുറ്റി സഞ്ചരിച്ചില്ല. ആഗ്രഹം ഒന്നുമാത്രമായിരുന്നു വല്ല വിധേനയും ക്രിസ്തുവിനെ ഉയർത്തണം. പ്രപഞ്ച മോഹങ്ങളെ വെടിഞ്ഞു കൊണ്ട്, ഭക്തിവിരുദ്ധമായ കിഴവി കഥകളെ ശാസിച്ച അമർത്തി. അവർ ദൈവ സഭയുടെ കാവൽ ഭടന്മാരായി. വില്ലാളികൾ അവരെ വിഷമിപ്പിച്ചു എങ്കിലും കുലുങ്ങിയില്ല, കാരണം അവരുടെ ലക്ഷ്യം പടചേർത്തവനെ പ്രസാദിപ്പിക്കണം എന്നു മാത്രമായിരുന്നു.

മാനസാന്തരത്തിന് യോഗ്യമായ ഫലം ആളിക്കത്തുന്ന പരിശോധനയുടെ നടുവിലും അവർ കൈമാറി. വസ്തുക്കളും, വാഹനങ്ങളുടെ ഒരു വലിയ നിരയും, വാചാലതയും അവർക്ക് അപരിചിതമായിരുന്നു. എങ്കിലും അവർ ദൈവത്തിൻെറ് ചലിക്കുന്ന നാവുകളായിരുന്നു, അവരുടെ കലർപ്പില്ലാത്ത വചന സത്യങ്ങൾ ദേശത്തു വെടിയുണ്ട പായുന്നതിന് തുല്യമായി മനുഷ്യഹൃദയങ്ങളിൽ ചെന്നു തറച്ചു.

ലോകസ്നേഹം ദൈവത്തോട് ശത്രുത്തമാണ്എന്ന് അവർ രുചിച്ചറിഞ്ഞു. വചനം ഇങ്ങനെ പറയുന്നു “ദൈവത്തിൽ നിന്ന് ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു” 1 യോഹന്നാൻ 5:4 ഹൃദയങ്ങളിൽ ഉദയ നക്ഷത്രം പോലെ പരിശുദ്ധാത്മാവിൻെറ് തീയ്യ് ആളിയപ്പോൾ ബാബിലോൺ സംസ്കാരവും, ദേമാസ് ജീവിതവും മതിലിനു പുറത്തായി. ലോകത്തിൻെറ് തോളിൽ കയ്യിട്ടവർ യാത്ര ചെയ്തില്ല. എന്നാൽ ലോകം അവരെ കണ്ടു ഭയന്നു. വ്യാജന്മാർ പിടിക്കപ്പെട്ടു.

പൊന്നിനേക്കാൾ വിലയേറിയ വിശ്വാസവും, മുത്തുകളെക്കാൾ തിളക്കമുള്ള വചനത്തിൻെറ് സത്യങ്ങളും കടന്നുചെന്നടത്തെല്ലാം വിശ്വാസ പിതാക്കന്മാർ വാരി വിതറി. ഉയർന്ന ഇരിപ്പിടങ്ങളും,നാനാവർണ്ണത്തിലുള്ള ലൈറ്റുകളും, സ്റ്റേജുകളും, പിന്നണി ഗായകരും അവർക്കില്ലായിരുന്നു. അവരുടെ പുസ്തകം സ്റ്റേജിൽ കൊണ്ടുവന്നു വയ്ക്കുവാൻ ആരുമില്ലായിരുന്നു. എന്നാൽ തേജസിൻെറ് കർത്താവ് അവരുടെ നടുവിൽ ഇറങ്ങി. അവരുടെ ശബ്ദം കേട്ടവർ തലകൾ കുനിച്ചു.

ആ വെളിച്ചം കണ്ടവർ തേങ്ങി കരഞ്ഞു, അനുതാപത്തിലേക്കും, മാനസാന്തരത്തിലേക്ക് തന്നത്താൻ താഴ്ത്തി. ആരും അവരെ പിടിച്ചു മുക്കിയില്ല, മുങ്ങുവാൻ നിർബന്ധിച്ചുമില്ല. പാരമ്പര്യ ആചാരങ്ങളും, അനുഷ്ഠാനങ്ങളും പരിശുദ്ധാത്മനദിയുടെ ഒഴുക്കിൽ പെട്ടു പുറന്തള്ളപ്പെട്ടു. വേർപാട് പാലിച്ചവർ കറുത്ത പുസ്തകം മാറോട് ചേർത്തുപിടിച്ചു. അടർത്തി മാറ്റുവാൻ വൻശക്തികൾ എഴുന്നേറ്റ സമയങ്ങളിൽ എല്ലാം ക്രിസ്തുവാം പാറയിൽ അവർ നിലയുറപ്പിച്ചു. ഈശാനമൂലനും, ഫറവോനും അവരെ മാറായുടെ വെള്ളം കുടിപ്പിച്ചുവെങ്കിലും ജീവജലത്തിൻെറ് നദി എന്നുമെന്നും അവരിൽ കൂടിയൊഴുകി. സുവിശേഷത്തിൻെറ് ചലിക്കുന്ന അഗ്നി നാവുകളായി, സമൂഹത്തെ അവർ കീഴ്മേൽ മറിച്ചു.

ആധുനികതയുടെ പരിവേഷമോ, സമ്പത്തുകളുടെ കൂമ്പാരമോ ഇവരുടെ മുന്നിൽ പ്രാർത്ഥിച്ചപ്പോൾ വെളിപ്പെട്ടില്ല. അക്ഷരം കൂട്ടിയിണക്കിയ പാട്ടുകൾ ഇവർ പാടിയില്ല. ഹാമാന്‍റെ ദുഷ്ടതയും, ശൗലിൻെറ കണ്ണുകടിയും, ബലയാമിൻെറ, വഞ്ചനയും ഇവർ ദിനംതോറും സമൂഹത്തിൽ നേരിട്ടു. അതിൻെറ നടുവിലും ആത്മാവിൽ അവർ പാടി. ആ പാട്ടുകൾ പാപത്തെയും, പാരമ്പര്യത്തിന്റെയും അടിസ്ഥാനങ്ങളെ ഉഴുതുമറിച്ചു. ദൈവഭക്തന്മാർ ആത്മാവിൽ ചമച്ച പാട്ടുകൾ ദൈവസഭയ്ക്ക് ദാഹജലം ആയി മാറി. ലോകത്തിൻെറ ദൃഷ്ടിയിൽ ഇവർ ഭോഷന്മാരായിരുന്നു. മുതലുകൾക്ക് മുകളിൽ അവർ ഇരുന്നില്ല, പൊടിയിലും, ചാരത്തിലും ഇരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാറിമാറി താമസിച്ചില്ല. എന്നാൽ പരിശുദ്ധാത്മാവ് അയച്ചയിടത്തൊക്കെയും സുവിശേഷത്തിൻെറ് ഒരു നാവായി അവർ മുഴങ്ങി.

വിലകൂടിയ കാറുകളും, വിദേശയാത്രകളും അവർക്ക് കേട്ടു കേൾവി ഇല്ലായിരുന്നു. അവരുടെ പ്രാർത്ഥനകളിൽ അത് വെളിപ്പെട്ടിരുന്നില്ല. എന്നാൽ വീണ്ടെടുപ്പിൻെറ ശബ്ദം അവർ കേട്ടിരുന്നു. അലമാരയും, ഫ്രിഡ്ജ് അവർക്കില്ലായിരുന്നുവെങ്കിലും ആരാധനയും, അനുതാപവും അവരുടെ ജീവിതത്തിന്റെ തൂണുകൾ ആയിരുന്നു. ദൈവ സ്നേഹത്തിന്റെ മഞ്ഞുതുള്ളികളായി അവർ ദേശത്തെ നനച്ചു. കാണാത്ത ഒന്നിനുവേണ്ടി കഷ്ടങ്ങൾ സഹിച്ചുകൊണ്ട്, മുണ്ട് മുറുക്കിയുടുത്ത് വിശ്വാസ പിതാക്കന്മാർ യാത്ര ചെയ്തു.

ബാങ്ക് അക്കൗണ്ടില്ല എങ്കിലും ഉയരത്തിലെ നിക്ഷേപവും, ഉയരത്തിലെ അംഗീകാരവും അവരെ തേടിയെത്തി. ബിരുദങ്ങളില്ല, ഡോക്ടറേറ്റ് ഇല്ല എങ്കിലും അവർ കരം വെച്ചപ്പോൾ ഭൂതങ്ങൾ പഞ്ചായത്ത് വിട്ടു അലറി ഓടി മറഞ്ഞു. രോഗികൾ സൗഖ്യമായി. ഇതെങ്ങനെ സംഭവിച്ചു? ദൈവത്തെയും, ദൈവവചനത്തെയും മാറോടു ചേർത്തുപിടിച്ചതുകൊണ്ടും, കാലഘട്ടത്തിന്റെ കുത്തൊഴുക്കിൽ പെടാതെ, ജീർണ്ണത പറ്റാതെ, വസ്ത്രം വെള്ളയായി സൂക്ഷിച്ചത് കൊണ്ടും ഭക്തന്മാർ അഗ്നിയുടെ നാവുകൾ ആയി മാറി. ദൈവ സഭ ഇതിലേക്ക് മടങ്ങിവരണം. എങ്കിൽ നിശ്ചയമായും ദൈവപ്രവർത്തി ദേശത്തു വെളിപ്പെടും.

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്