48 മണിക്കൂര്‍ നീണ്ട ഇന്റര്‍നെറ്റ് നിരോധനം പിൻവലിച്ച്‌ താലിബാൻ; തെരുവിലിറങ്ങി ആഘോഷിച്ച്‌ അഫ്ഗാൻ ജനത

കാബൂള്‍: താലിബാൻ സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു. ഇതോടെ, അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷിച്ചു.

താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ബിബിസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഭാഗികമായി കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചതായി ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്ക്സും സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി ഖത്തറിലെ മുതിർന്ന താലിബാൻ വക്താവ് സുഹൈല്‍ ഷഹീനും വ്യക്തമാക്കി.

നിരോധനം പിൻവലിച്ചതോടെ ബുധനാഴ്ച വൈകുന്നേരം കാബൂളിലെ തെരുവുകളില്‍ നിരവധിപേരാണ് ഒത്തുകൂടിയത്. ഇന്റർനെറ്റ് കണക്ടിവിറ്റി പുനസ്ഥാപിച്ച സന്തോഷം ജനങ്ങള്‍ പരസ്പരം പങ്കുവെച്ചു. ദൂരദേശങ്ങളിലുള്‍പ്പെടെയുള്ളവരെ ഫോണില്‍ വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

തിങ്കളാഴ്ചയാണ് രാജ്യത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. 48 മണിക്കൂർ നീണ്ട നിരോധനം വ്യാപാരങ്ങളെയും വിമാന സർവീസുകളെയും തടസ്സപ്പെടുത്തിയിരുന്നു. അടിയന്തര സേവനങ്ങളുടെ ലഭ്യതയും പരിമിതപ്പെടുത്തി. 2021-ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം അവകാശങ്ങള്‍ ഇല്ലാതാക്കപ്പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇത് കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന ഭയവും വർദ്ധിപ്പിച്ചു.

എന്തിനാണ് സേവനങ്ങള്‍ നിർത്തിവെച്ചതെന്നതിന് താലിബാൻ സർക്കാർ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. എന്നിരുന്നാലും, കഴിഞ്ഞ മാസം വടക്കൻ ബല്‍ഖ് പ്രവിശ്യയിലെ താലിബാൻ ഗവർണറുടെ വക്താവ്, തിന്മകള്‍ തടയുന്നതിനായി ഇന്റർനെറ്റ് ലഭ്യത തടയുകയാണെന്ന് പറഞ്ഞിരുന്നു.

2021-ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം, ഇസ്ലാമിക ശരീഅത്ത് നിയമത്തിനെ വ്യാഖ്യാനിച്ച്‌ താലിബാൻ നിരവധി നിയന്ത്രണങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട നിയന്ത്രണമായിരുന്നു 12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചത്. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ കർശനമായി പരിമിതപ്പെടുത്തുകയും സർവകലാശാലകളില്‍ നിന്ന് സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പുറം ലോകവുമായുള്ള ഏക ആശ്രയമായിരുന്നു ഇന്റർനെറ്റ്. അതുകൂടി വിലക്കപ്പെട്ടതോടെ ജനങ്ങള്‍ ഏറെ പ്രയാസപ്പെട്ടു.