ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് മറ്റൊരു വിമാനം ഇടിച്ച് കയറി അപകടം.
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡെല്‍റ്റ വിമാനക്കമ്ബനിയുടെ രണ്ട് വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിച്ചത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ചിറക് വേർപെട്ടു. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ബുധനാഴ്ച രാത്രി 9:56 ഓടെയായിരുന്നു സംഭവം. ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാർക്ക് ചെയ്യാൻ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചുകയറിയെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ വിൻഡ്ഷീല്‍ഡിന് കേടുപാടുകള്‍ സംഭവിച്ചതായും ഒരാള്‍ക്ക് നിസാര പരിക്കുകളുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. അപകടമുണ്ടായ ഉടൻ തന്നെ യാത്രക്കാരെ പുറത്തെത്തിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തുവെന്നാണ് വിവരം. ആർക്കും കാര്യമായ പരിക്കുകളില്ല.
നോർത്ത് കരോലിനയിലെ ഷാർലറ്റില്‍ നിന്ന് എത്തിയ എൻഡവർ എയർ ഫ്ലൈറ്റ് 5047 , വിർജീനിയയിലെ റൊനോക്കെയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എൻഡവർ ഫ്ലൈറ്റ് 5155 എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. എൻഡെവർ ഫ്ലൈറ്റ് 5155 വിമാനത്തില്‍ 28 യാത്രക്കാരും നാല് ജീവനക്കാരുമടക്കം 32 പേരുണ്ടായിരുന്നുവെന്ന് ഡെല്‍റ്റ പറഞ്ഞു. എൻഡെവർ ഫ്ലൈറ്റ് 5047 വിമാനത്തില്‍ 57 യാത്രക്കാരും 4 ജീവനക്കാരുമടക്കം 61 പേർ ഉണ്ടായിരുന്നു. യാത്രക്കാരെ വിമാനങ്ങളില്‍ നിന്ന് ഇറക്കി ഷട്ടില്‍ ബസുകളിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച യാത്രക്കാർക്ക് ഹോട്ടല്‍ മുറികള്‍ നല്‍കുകയും പുതിയ വിമാനങ്ങള്‍ ബുക്ക് ചെയ്യുകയും ചെയ്യുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.



