തിമിരവും,തിരമാലയും

മനുഷ്യജീവിതം എന്നുമെന്നും നേരിടുന്ന വെല്ലുവിളികളിൽ ചിലതാണ് തിമിരവും, തിരമാലയും. തിമിരം ബാധിച്ച കണ്ണുകൾക്ക് വ്യക്തമായി ദൈവ പ്രവർത്തികൾ കാണുവാൻ കഴിയുന്നില്ല. ആ കണ്ണുകൾ തുറന്നിരിക്കുന്നു എങ്കിലും കുരുടനായ ബർത്തിമായിയുടെ കണ്ണുകൾക്ക് തുല്യമാണ്.

ഗലാത്യവിശ്വാസികളുടെ കണ്ണ് തിമരത്താൽ പിടിക്കപ്പെട്ടത് കൊണ്ട് യേശുവിനെ വരച്ചുകാട്ടിയിട്ടും, ദൈവീക തേജസ്സും, മഹത്വവും കാണുവാൻ കഴിയാത്തവണ്ണം സാത്താൻ കണ്ണുകളെ കുരുടാക്കി. അനേകരുടെ കണ്ണുകൾ ആത്മീയ തിമിരത്താൽ മങ്ങിയതുകൊണ്ട് കാണേണ്ടത് കാണുവാനും, തിരിച്ചറിയേണ്ടത് തിരിച്ചറിയുവാനും കഴിയാതെ പർവ്വതം ചുറ്റി നടക്കുകയാണ്. തിമിരവും, തിരമാലയും മരണത്തിലേക്ക് നയിക്കും. എന്നാൽ ജീവിതത്തിനു നേരെ കൊടുങ്കാറ്റുകൾ ഉയരുമ്പോൾ, മുക്കി കളയുവാൻ തിരമാല അടിച്ചുയരുമ്പോൾ തിമിരം ബാധിക്കാത്ത കണ്ണുകൾ അതുകണ്ട് ഭയപ്പെടുകയില്ല. അവൻ ഇങ്ങനെ പറയും,” ഞാനാരെ വിശ്വസിക്കുന്നു എന്ന് ഞാൻ അറിയുന്നു അവൻ എൻ ഉപനിധി”.2 തിമോത്തി 1: 12

ശരീരം മുഴുവനും വ്രണം കൊണ്ട് നിറഞ്ഞുവെങ്കിലും, സമ്പത്തുകളെല്ലാം നഷ്ടമായപ്പോഴും കണ്ണുകൾക്ക് തിമിരം ബാധിക്കാത്തതുകൊണ്ട് ഭക്തൻ പറയുകയാണ്, “അവൻ എന്നെ കൊന്നാലും ഞാൻ അവനായി തന്നെ കാത്തിരിക്കും” ഇയ്യോബ്13:15.

എന്നാൽ തിമിരം ബാധിച്ച ജീവിതം ആടി ഉലയുന്ന ഓടക്കു തുല്യമായി, എല്ലാം കണ്ട് ഭയപ്പെട്ട് പുലമ്പുകയാണ് “ഭക്തി മുറുകെ പിടിച്ചിട്ട് എന്തുകാര്യം”? “തള്ളിപ്പറയുക മരിക്കുക”. പടുകൂറ്റൻ മരണ മണിയുടെ തിരമാല ജീവിതത്തിന് നേരെ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചപ്പോൾ കൊരഹ് പുത്രന്മാർ ഇങ്ങനെ പാടി, “ദൈവം ഞങ്ങളുടെ സങ്കേതവും ബലവും, കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ”.

തിമിരം ബാധിച്ച കണ്ണുകൾ വാഗ്ദത്ത ദേശത്ത് കാണുന്നത് അനാക്യമല്ലന്മാരെയാണ്. അവർ പറയുന്നു, “നാം അവരുടെ മുമ്പിൽ വെട്ടുകിളികൾക്ക് തുല്യമത്രേ”. . ഇത് എത്രയോ പരിതാപകരമാണ്. കണ്ണുകൾ തുറക്കപ്പെട്ട ഭക്തന്മാർ ഇങ്ങനെ പാടി, ”നാം ചെന്ന് അത് കൈവശമാക്കുക ദേശം നമുക്കുള്ളതാണ്”. തിമിരം ബാധിച്ച കണ്ണുകൾ നയമാൻെറ് രഥത്തിനു പുറകെ ഓടുകയാണ്. എന്നാൽ ദർശനം പ്രാപിച്ചവൻ സധൈര്യം ഘോഷിക്കുന്നു, സോദോമും, ചപ്പും, ചവറും എനിക്ക് വേണ്ടേ, വേണ്ട. ജീവിതത്തിൻെറ് ഭദ്രതയ്ക്ക് നേരെ തിരമാലകൾ അടിച്ചുഉയരും. നാലാം യാമത്തിൽ അത് ഭയാനകമായിരിക്കും.

എന്നാൽ കണ്ണുകൾ തുറക്കപ്പെട്ടവർ, കാണണം അതിൻെറ് നടുവിൽ കൂടി നടന്നുവരുന്ന നല്ല നാഥനെ. ലോകത്തിൻെറ് തിമിരം ബാധിച്ചു ദൈവീക ദർശനവും, വെളിപ്പാടുകളും നഷ്ടപ്പെട്ട അനന്യസ് പുത്രന്മാരും, ദേമാസ് പ്രഭുക്കന്മാരും കൊടുക്കുന്ന ദൂതുകൾ മരണത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. ഇതുകണ്ടും, കേട്ടും, മനം മടുത്തു, മനം പുരട്ടുന്നു. ദൈവത്തെയും, ദൈവവചനത്തെയും അല്ല അധികമായി ഇവർ സ്നേഹിക്കുന്നത്, മാമോനെയും, അവൻെറ് കുതന്ത്രങ്ങളെയും അത്ര . മരണത്തിന് വിധിക്കപ്പെട്ടവനായി, ക്രൂരമായ പീഡയും, വേദനയും സഹിച്ചു ക്രൂശിൽ കിടക്കുന്ന കള്ളന്മാരിൽ ഒരുത്തൻെറ് തിമിരം നീങ്ങിയപ്പോൾ അവൻ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്ന മരണ ഭീതി കണ്ടിട്ടും ഭയപ്പെടാതെ വിളിച്ചു പറയുന്നു, “എന്നെ ഓർക്കണമേ”! വേദന അവനെ മുക്കിക്കൊല്ലുവാൻ ശ്രമിക്കുമ്പോഴും, കണ്ണുകൾ തുറക്കപ്പെടുന്നു. ദൈവപുത്രനെ തിരിച്ചറിയുന്നു. അത് അവനെ നിത്യതയുടെ പാന്താവിലേക്ക് നടത്തി.

തിമിരവും, തിരമാലയും വെല്ലുവിളികളാണ്, കൊടുങ്കാറ്റ് ആണ്. എന്നാൽ കണ്ണുകൾ തുറക്കപ്പെട്ടവൻ വിളിച്ചു പറയും, “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും, മരിക്കുന്നത് ലാഭവും അത്രേ”. ഭക്തനായ യോസഫിൻെറ് കണ്ണുകൾക്ക് തിമിരം ബാധിച്ചിരുന്നുവെങ്കിൽ, പ്രമാണം ലംഘിച്ച ശിംശേോൻ, കാരാഗ്രഹത്തിൽ കുടുങ്ങിയത് പോലെ, പോത്തീഫ്റിൻെറ് കാരാഗ്രഹത്തിൽ എന്നും കുടുങ്ങിക്കിടക്കുമായിരുന്നു. തിരമാല പോലെ ഉയർന്നുപൊങ്ങിയ കാരാഗ്രഹ വാസത്തിലെ ക്ലേശങ്ങൾ അവനെ മുക്കി കളയുമായിരുന്നു. പിശാച് കിണഞ്ഞ് പരിശ്രമിച്ചു എങ്കിലും അവിടെ ദയനീയമായി പരാജയപ്പെട്ടു. അനേക ഭക്തന്മാർ തിമിരം ബാധിച്ച കണ്ണുകൾ കടന്നുപിടിച്ചത് കൊണ്ട്, സ്തേഫാനോസിനെ പോലെ ജ്വലിക്കേണ്ടവർ ശിംശേോനെ പോലെ മാവു പൊടിക്കുകയാണ്. ദാനിയേലിനെ പോലെ ദേശത്തിൻെറ് ഉന്നതികളിൽ കയറണ്ടവർ, കപ്പലിൻെറ് അടിത്തട്ടിൽ ഉറങ്ങിക്കിടക്കുകയാണ്. ചെങ്കടലിൻെറ് തിരമാല കണ്ട് ഇസ്രായേൽജനം ഭയപ്പെട്ടു. മരുഭൂമിയുടെ, മാറ കണ്ടവർ അലറി കരഞ്ഞു. എന്തിന് ഞങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു? ഈ ചോദ്യം അവർ തുടരെ ചോദിച്ചു. ദൈവത്തിൻെറ് അത്ഭുതങ്ങൾ കാണുവാൻ കഴിയാത്ത തിമിരം ബാധിച്ച കണ്ണുകൾ. ഇവർക്ക് എന്തു സംഭവിച്ചു? മാറായുടെ തിരമാലകൾ അവരെ മരുഭൂമിയിൽ മുക്കി കളഞ്ഞു. ഇതൊരു ദൃഷ്ടാന്തമാണ്, നമുക്കൊരു മുന്നറിയിപ്പാണ്.

ആത്മീക സത്യങ്ങൾ ഒരു ചിത്രം കണക്കെ നമുക്കു മുമ്പിൽ സ്വർഗ്ഗസ്ഥനായ നമ്മുടെ ദൈവം വെളിപ്പെടുത്തിയിട്ടും, തിരിച്ചറിയുവാൻ കഴിയാതെ വണ്ണം ജനം പരതി നടക്കുകയാണ്. ഈശാനമൂലൻ എന്ന തിരമാല ആഞ്ഞടിക്കും. സാക്ഷാൽ നങ്കൂരമായവൻ നാം മുങ്ങി പോകുവാൻ അനുവദിക്കയില്ല, എന്നുള്ള യാഥാർത്ഥ്യം മറക്കരുത്. ലോകത്തിൻെറ് തിമരം ആത്മീക നിഷ്കളങ്കതയും, ശോഭയും ഇല്ലാതാക്കും. ജഡമോഹം, കൺമോഹം, ജീവനത്തിൻെറ് പ്രതാപങ്ങൾ ഇത് ക്യാൻസറിന് തുല്യമായ തിമിരങ്ങൾ അത്ര. അങ്കമാലി കണ്ണ് ആശുപത്രിയിൽ ഈ തിമിരത്തിന് ചികിത്സയില്ല . എന്നാൽ അരുമ നാഥൻെറ് കാൽവറി എന്ന ആശുപത്രിയിൽ അഡ്മിറ്റ് ആയി, പരിശുദ്ധാത്മാവിനാൽ ഒരു സർജറി നടക്കുന്നുവെങ്കിൽ നഷ്ടപ്പെട്ടുപോയ ദർശനം തിരികെ ലഭിക്കും, തിമിരം മാറും. തിമിരങ്ങൾ മാറുമ്പോൾ തീരുമാനങ്ങൾ പുതുക്കപ്പെടും, തിരമാലകൾ അടങ്ങും. തീർച്ചയായും അവൻ നമ്മെ സഹായിക്കും.

മലയുടെ മുകളിലും, ആലയത്തിലും മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു നാഥൻ അല്ല നാം സ്നേഹിക്കുന്നവൻ. അവൻ നമ്മെ, ഒന്നുകൂടെ തൊടുവാൻ അനുവദിക്കുമ്പോൾ എല്ലാം സ്പഷ്ടമായി കാണുവാൻ കഴിയും. തിമിരം പൂർണമായി നീങ്ങിപ്പോകും. അവൻ നടക്കുമ്പോൾ തിരമാലകൾ അടങ്ങും. സകലതും അവൻെറ് കാൽക്കീഴിൽ അത്ര. ലോകത്തിൻെറ് തിക്കിലും, തിരക്കിലും പെട്ട ആത്മീക ദർശനം മങ്ങിയെങ്കിൽ, തിമിരം ബാധിച്ചിരിക്കുന്നു. ലോകമിളകി മറിയുന്നത് കണ്ടു ഭയപ്പെടുന്നുവെങ്കിൽ ഈ തിരമാല നമ്മെ മുക്കി കളയും. വിശ്വാസത്തിൻെറ് തോണിയെ മുക്കുവാൻ, അക്കരെ എത്തിക്കാതിരിക്കുവാൻ ആഖാൻെറ് അങ്കിയും, ഹാമാൻെറ് കഴുകുമരവും നമുക്ക് മുമ്പിൽ തിരമാലയും,തിമിരവുമായി കടന്നുവരും. മുഴങ്കാലിൽ നിൽക്കുന്ന ഭക്തൻ ഇതിനെ തരണം ചെയ്തു കൊണ്ട് വിളിച്ചുപറയും. ഇത് യഹോവയാൽ സംഭവിച്ചു, മനുഷ്യൻെറ് ദൃഷ്ടിയിൽ ആശ്ചര്യമാണ്. സകല ഭക്തന്മാരും ആയുള്ളവരെ വന്നു കാണുക അവൻ എൻെറ് പ്രാണന് വേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.

ക്രിസ്തീയ ഓട്ടക്കളത്തിൽ അനേകർ തിമിരം ബാധിച്ചു തപ്പി നടക്കുകയാണ്. മറ്റു ചിലർ തിരമാലകൾ കണ്ട് ഞെട്ടി വിറച്ച് ഇനിയും മുന്നോട്ടു പോകുമോ എന്ന് ഭയത്തോടെ ചോദ്യവുമായി നിൽക്കുകയാണ്. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാലുകൾ യോർദാനിലെ വെള്ളത്തിൽ ചവിട്ടിയ മാത്രയിൽ ഒഴുക്ക് നിന്നത് പോലെ തിരമാലകൾ കെട്ടടങ്ങും. വിശ്വാസത്തിൻറെ ചുവടുകൾ മുന്നോട്ട് എടുത്തു വയ്ക്കുക. കാൽവറിയിലേക്ക് നോക്കി കണ്ണുകൾ തുറക്കുക. മങ്ങുന്ന ദർശനം മരണത്തിലേക്ക് നയിക്കും. എന്നാൽ ഭക്തനെ തളർത്താത്ത ദൈവകൃപ ഇന്നും അവൻ പകർന്നുകൊണ്ടിരിക്കുകയാണ്. ഈ തിരമാലകളെ ജയിക്കുവാൻ വിശ്വാസത്തിൻെറ് ലൈഫ് ജാക്കറ്റ് നമുക്ക് ധരിക്കാം. തിമിരം മാറുവാൻ അവൻെറ് പക്കൽ നിന്നുള്ള ലേപം മേടിച്ചു കണ്ണുകളിൽ പുരട്ടാം. ദർശനം മങ്ങാതിരിക്കട്ടെ, ഭയം വർദ്ധിക്കാതിരിക്കട്ടെ.

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്