ഓടയില്‍ ആദ്യം പോയയാള്‍ തിരികെ വന്നില്ല; സുഹൃത്തുക്കള്‍ തേടിയിറങ്ങി; കട്ടപ്പനയില്‍ മൂന്ന് തമിഴ് തൊഴിലാളികള്‍ക്ക് ദാരുണ മരണം

കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ഹോട്ടലിന്റെ ഓട വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്‌ മരിച്ചത്‌.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഓറഞ്ച് എന്ന ഹോട്ടലിന്റെ ഓട വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികളില്‍ ഒരാളെ കാണാതായതിനെ തുടർന്ന് മറ്റ് രണ്ട് പേർ ഇയാളെ തേടി ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് ഇവർക്കും പുറത്തുവരാൻ കഴിയാതായി. മൂവരും സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെയാണ് ഓടയില്‍ ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം.

ഓടയ്ക്കുള്ളില്‍ ഓക്സിജൻ ലഭ്യമല്ലാത്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവില്‍ മൂന്ന് പേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. രാത്രി പന്ത്രണ്ടോടെയാണ് മൂന്ന് പേരെയും കണ്ടെത്തിയത്. ഓക്സിജൻ സിലിണ്ടർ അടക്കമുള്ളവ കൊണ്ടു വന്നായിരുന്നു രക്ഷാ പ്രവർത്തനം.

കട്ടപ്പന നഗരത്തിലാണ് ഈ ദാരുണ അരങ്ങേറിയത്. നഗരവാസികളെയും അധികാരികളെയും ഒരുപോലെ ഞെട്ടിച്ച ഈ അപകടം ചൊവ്വാഴ്ച രാത്രിയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപകടത്തില്‍ മരണപ്പെട്ട മൂന്ന് തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളും ജോലിക്കായി കട്ടപ്പനയില്‍ എത്തിയവരാണ്.

നവീകരണ പ്രവർത്തനങ്ങള്‍ നടന്നുവരുന്ന ഹോട്ടലാണ് ഓറഞ്ച് എന്ന് റിപ്പോർട്ടുകള്‍ പറയുന്നു. സമീപത്തെ അഴുക്കുചാലാണ് ഇവർ വൃത്തിയാക്കാൻ ശ്രമിച്ചത്. ഈ അഴുക്കുചാലില്‍ കുടുങ്ങിയാണ് തൊഴിലാളികള്‍ക്ക് ജീവൻ നഷ്ടപ്പെട്ടത്.