കരൂരില്‍ വിജയിയുടെ റാലിക്കിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും 6 കുട്ടികള്‍ ഉള്‍പ്പെടെ 31 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ നേതാവ് വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 31 ആയി .

കുട്ടികളടക്കം അനേകം പേര്‍ കുഴഞ്ഞു വീണു. നിരവധി പേരുടെ നില ഗുരുതരമാണ്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ 36 പേര്‍ മരിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതീവഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു റാലിയെന്നാണ് അറിയുന്നത്. ഉച്ചക്ക് ഒരു മണിക്ക് എത്തേണ്ടിയിരുന്ന വിജയ് വൈകിട്ട് ഏഴരയോടെയാണ് കരുരിലെത്തുന്നത്. തുടര്‍ന്നുണ്ടായ തിരക്കിലാണ് ദുരന്തമുണ്ടായത്.

അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി.

കരൂര്‍ ജില്ലാ കലക്ടറോട് സ്ഥലത്തെത്തി വൈദ്യസഹായം ഒരുക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.എഡിജിപി (ക്രമസമാധാനം) ഡേവിഡ്സണ്‍ ദേവാശിര്‍വ്വതം ദുരന്ത സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.ആരോഗ്യമന്ത്രിയും സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രിയും കരൂരിലേക്ക് ഉടന്‍ എത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.