ടെഹ്‌റാന്‍: ജൂണ്‍മാസം ഇസ്രയേല്‍ ഏകപക്ഷീയമായി തുടങ്ങിയ യുദ്ധത്തില്‍ തനിക്കും പരുക്കേറ്റിരുന്നെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍.
എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പെസഷ്‌കിയാന്റെ സ്ഥിരീകരണം. 12ദിവസം നീണ്ട ആക്രമണത്തിനിടെ ബോംബാക്രമണത്തില്‍ പെസഷ്‌കിയന്റെ കാല്‍മുട്ടിനടുത്തായാണ് പരുക്കേറ്റത്. രക്തം കട്ടപിടിച്ച് കിടക്കുന്ന അവസ്ഥയുണ്ടായെന്നും പക്ഷേ താന്‍ അതിനെ അതിജീവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡോക്ടര്‍ കൂടിയാണ് പെസഷ്‌കിയാന്‍. ഇറാഖ് യുദ്ധത്തില്‍ പരുക്കേറ്റ ഇറാന്‍ സൈനികരെ ചികില്‍സിക്കാന്‍ നേതൃത്വം നല്‍കിയത് പെസഷ്‌കിയാന്‍ ആയിരുന്നു.
താന്‍ ഉള്‍പ്പടെയുള്ള ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം. എന്നാല്‍ അത് നടപ്പായില്ല. നിയമവിരുദ്ധവും അധാര്‍മികവുമായ ആക്രമണമാണ് ഇസ്രയേല്‍ ഇറാന് നേരെ നടത്തിയതെന്നും പെസഷ്‌കിയാന്‍ തുറന്നടിച്ചു. ഇസ്രയേലിനെ ലവലേശം ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ പ്രസിഡന്റിന് ഇസ്രയേലിന്റെ ആക്രമണത്തില്‍ പരുക്കേറ്റതായി ജൂണില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമായാണ്. ടെഹ്‌റാനിലെ രഹസ്യകേന്ദ്രത്തിലെ ഭൂഗര്‍ഭ അറയില്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരുന്നതിനിടെയാണ് പെസഷ്‌കിയാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ബോംബാക്രമണത്തിന് പിന്നാലെ എമര്‍ജന്‍സി ഷാഫ്റ്റിലൂടെ പ്രസിഡന്റടക്കം രക്ഷപെടുകയും ചെയ്തിരുന്നു. ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ തന്നെ ഇസ്രയേലിന് ചാരന്‍മാര്‍ ഉണ്ടെന്ന വാദം ശരിവയ്ക്കുന്നതായിരുന്നു ഈ ആക്രമണം.