പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു ജീവിതകഥ

കുമ്മനത്തെ വാടകവീട്ടില്‍ അച്ഛന്‍ ധനബാലനും അമ്മ വിജയമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കൊപ്പമാണ് സുനില്‍ വളര്‍ന്നത്.

തന്റെ 17-ാം വയസ്സിലാണ് സുനില്‍ ബാലന്‍ ബോഡിബില്‍ഡിങ്ങിലേക്ക് എത്തുന്നത്. ഏതൊരു കൗമാരക്കാരനും തോന്നുന്ന ഒരാഗ്രഹം. ആദ്യം അങ്ങിനെയേ കരുതിയുളളൂ.

ഹോട്ടല്‍ മാനേജ്‌മെന്റിലായിരുന്നു തുടര്‍പഠനം. പക്ഷേ, അപ്പോഴും താല്‍പര്യം ജിമ്മും അവിടത്തെ അന്തരീക്ഷവുമായിരുന്നു. പഠനം കഴിഞ്ഞ് എറണാംകുളത്താണ് ജോലി കിട്ടിയത്.

അന്നത്തെ സാഹചര്യത്തില്‍ ഷിഫ്റ്റ് അനുസരിച്ച് ജോലി ചെയ്യുന്നതിനിടയില്‍ ആഗ്രഹിച്ചപോലെ ജിമ്മില്‍ പോകാനൊന്നും സാധിച്ചിരുന്നില്ല. പിന്നീട് ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലവിട്ട് കാര്‍ വാഷിങ്ങ്, കാര്‍ പോളിഷിങ്ങ് തുടങ്ങിയ ജോലിയിലേക്ക് തിരിഞ്ഞു.

അതോടെ എന്നും വൈകീട്ട് ജിമ്മില്‍ പോകാനും സാധിച്ചു ഒപ്പം ഫീസിനുളള കാശും കയ്യില്‍ വന്നു. സ്വന്തമായി ഒരു മെഷീന്‍ വാങ്ങി വീടുകളിലും മറ്റും പോയി കാര്‍ പോളിഷ് ചെയ്യാന്‍ തുടങ്ങി.

അങ്ങനെ പലയിടത്തും അലഞ്ഞ് പണിയെടുത്ത വരുമാനം കൊണ്ടാണ് സുനില്‍ ബാലന്‍ തന്റെ ജീവിതത്തിലെ ആദ്യത്തെ ബോഡി ബില്‍ഡിങ്ങ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

വര്‍ഷങ്ങളോളം കാറുകള്‍ തേച്ചുമിനുക്കിയെടുത്ത കാശ് കൂട്ടിവെച്ചാണ് വീടും ജിമ്മും ഒരുമിച്ച് കൊണ്ടുപോയത്. ആ കഠിനാധ്വാനത്തിലൂടെയാണ് അയാള്‍ മിസ്റ്റര്‍ കോട്ടയം എന്ന പട്ടം നേടയിതും.

കഷ്ടപ്പാടാണ്, പക്ഷേ, എനിക്ക് മുന്നോട്ട് പോകാന്‍ കാരണങ്ങളുണ്ട്.. എന്ന് നിറകണ്ണുകളോടെ ഒരാള്‍ പറയുമ്പോള്‍ ആ ജീവിതം ഒരു കഥകൂടിയായി മാറുകയാണ്.. വരും തലമുറക്ക് പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും അടയാളം കാണിച്ചുകൊടുക്കാനുളള ഒരു ജീവിതകഥ.

മുന്നോട്ട് പോകാന്‍ തീരുമാനിച്ചവന്റെ മുന്നില്‍ എന്തൊക്കെ പ്രതിബന്ധങ്ങള്‍ സംഭവിച്ചാലും അതിനെയെല്ലാം മറികടന്ന് അവര്‍ മുന്നോട്ട് പോവുകതന്നെ ചെയ്യും

– ശുഭദിനം.