
ഷാജി മണിയാറ്റ്,
ഡാളസ്
ബി.സി. 2000 ത്തിൽ, ഇന്നേക്ക് 4000 വർഷങ്ങൾക്ക് മുൻപ് യെഹോവയായ ദൈവം അബ്രഹാമിനു വാഗ്ദത്തം ചെയ്ത ഭൂമിയാണ് യിസ്രായേൽ രാജ്യം. ചെങ്കടൽ മുതൽ യൂഫ്രട്ടീസ് വരെ വിശാലമായ ഒരു രാജ്യം. ഇന്നത്തെ ഗസ്സയും, വെസ്റ്റ് ബാങ്കും ജോർഡാനും തുടങ്ങി ഇറാക്കിലെ യൂഫ്രട്ടീസ് നദി ഉൾപ്പെടുന്ന പ്രദേശം (ഉല്പ: 15:18) .
യിസ്രായേൽ 430 വർഷം ഈജിപ്തിലെ പരദേശ വാസത്തിനുശേഷം വീണ്ടും അവരുടെ വാഗ്ദത്ത ഭൂമിയിൽ തിരികെ വന്നു. കഴിഞ്ഞ 3500 വർഷത്തെ അവകാശം യിസ്രായേലിന് പറയുവാൻ കഴിയും. യിസ്രായേൽ സന്ദർശിക്കുന്ന ഓരോ വ്യക്തിക്കും കഴിഞ്ഞ 3500 വർഷത്തെ ചരിത്ര സ്മാരകങ്ങളുടെ അവശേഷിപ്പുകൾ തെളിവുകൾ സഹിതം ഇവിടെ കാണുവാൻ സാധിക്കും. ബി.സി. 1003 ൽ ദാവീദ് രാജാവ് യെരുശലേമിനെ രാജ്യത്തിന്റെ തലസ്ഥാനമാക്കി.

2000 വർഷങ്ങൾക്ക് മുൻപ് കർത്താവായ യേശുക്രിസ്തു ഈ രാജ്യത്ത് ജനിക്കുകയും വളരുകയും മരിച്ച് ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. ലോകത്തിലെ തുറക്കപ്പെട്ട കല്ലറയായി യേശുവിന്റെ ശരീരം വെച്ചിരുന്ന കല്ലറ സ്മാരകമായി ഈ രാജ്യത്ത് നിലകൊള്ളുന്നു.
യേശുക്രിസ്തുവിനെ ക്രൂശിച്ചപ്പോൾ “പിതാവേ ഇവർ ചെയ്യുന്നത് എന്ത് എന്ന് ഇവരറിയുന്നില്ല” എന്ന് കർത്താവ് പറഞ്ഞപ്പോൾ “അവന്റെ രക്തം ഞങ്ങളുടെയും ഞങ്ങളുടെ സന്തതികളുടെയും മേൽ വന്നുകൊള്ളട്ടെ എന്ന് യഹൂദ ജനത പറഞ്ഞു. ആ ശാപം ഏറ്റുവാങ്ങുവാൻ അവർക്ക് അധിക നാൾ വേണ്ടി വന്നില്ല.

എ. ഡി. 70 ൽ റോമൻ സൈന്യം ജറുശലേം ആക്രമിച്ചു. യെഹൂദർ ലോകം മുഴുവൻ ചിതറപ്പെട്ടു. അതിനുശേഷം എ. ഡി. 70 മുതൽ 638 വരെ റോമാക്കാരും എ. ഡി. 638 മുതൽ 1099 വരെ അറബ് കലീഫമാരും ഈ രാജ്യം ഭരിച്ചു.
1099 മുതൽ 1291 വരെ കുരിശുയുദ്ധക്കാരും 1517 വരെ മാമലിക്കുകളും 1517 മുതൽ 1917 വരെ തുർക്കികളും ഈ രാജ്യത്തിലെ അധികാരികളായിരുന്നു. 1917 ൽ ബ്രിട്ടീഷുകാർ ഈ രാജ്യത്തിന്റെ ഭരണം കൈവശമാക്കി. 1948 ൽ യിസ്രായേൽ രാജ്യമായി അധികാരത്തിൽ വന്നു.

അതിനു ശേഷം ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് ചിതറിപ്പോയ യെഹൂദർ സ്വന്തരാജ്യമായ യിസ്രായേലിലേക്ക് മടങ്ങുവാൻ തുടങ്ങി. 1948, 1949, 1956, 1967, 1973, 1982 കാലഘട്ടങ്ങളിലായി ആറ് യുദ്ധങ്ങൾ ചുറ്റുമുള്ള അറബ് രാജ്യങ്ങളുമായി നടന്നു. ഈ യുദ്ധങ്ങളിലെല്ലാം കേരളത്തിന്റെ പകുതി മാത്രം വരുന്ന യിസ്രായേൽ വിജയം വരിച്ചു.
അവരുടെ പൂർവ്വ പിതാവായ അബ്രഹാമിന്റെ പേരിൽ അമേരിക്ക കാർമ്മകിത്വം വഹിച്ച ഏബ്രഹാം അക്കോഡ് വഴി അറബുരാജ്യങ്ങളുമായി സമാധാനം സ്ഥാപിക്കുവാൻ ആഗ്രഹിച്ചിരുന്ന യിസ്രായേലിലേക്ക് ഹമാസ്സ് എന്ന തീവ്രസംഘടന നടത്തിയ 2023 ലെ ആക്രമണം ആ പ്രദേശത്തെ സമാധാനം നഷ്ടപ്പെടുത്തി.
ലോകത്തിലെ എല്ലാ ജനതക്കും സ്വന്ത രാജ്യത്ത് പാർക്കുവാൻ അവകാശമുണ്ട്. ഗസ്സയുടെ പാവപ്പെട്ട ജനതയുടെ പേരിൽ ഹമാസ്സ് എന്ന തീവ്രവാദ സംഘടനയുടെ തലവന്മാർ കോടിക്കണക്കിന് ഡോളർ പിരിച്ചെടുത്ത് ഖത്തറിലും ടർക്കിയിലുമായി സുഖവാസം നടത്തുകയാണ്.

അറുപത് ഇസ്‌ലാമിക രാജ്യങ്ങൾ ഖത്തറിൽ ഒത്തുചേർന്ന് യിസ്രായേലിനെതിരായി പ്രമേയം പാസാക്കി. വിശാലവും സമ്പൽ സമൃദ്ധവുമായ ഈ രാജ്യങ്ങൾ 10000 പേരെ വീതം കുടിയേറാൻ അനുവദിച്ചാൽ തീർക്കാവുന്ന പ്രശ്നമേ ഇതിലുള്ളൂ. ഇന്നുവരെ ഒരൊറ്റ അറബ് രാജ്യവും മറ്റൊരു രാജ്യത്തെ പൗരന്മാരെ സ്വീകരിച്ച ചരിത്രമില്ല. പാശ്ചാത്യ രാജ്യങ്ങൾ മാത്രമാണ് അഭയാർത്ഥികളെ സ്വീകരിച്ചിട്ടുള്ളത്.
ബന്ദികളായി ഹമാസ്സ് കൈവശം വെച്ചിരിക്കുന്ന മുഴുവൻ പേരെയും ആദ്യം തന്നെ വിട്ടിരുന്നു എങ്കിൽ യിസ്രായേലിന് ഈ രണ്ടുവർഷമായി യുദ്ധം ചെയ്യുവാനും 65000 പേരെ കൊല്ലുവാനുമുള്ള സാഹചര്യവും ഇല്ലാതായേനെ. ബന്ദികളെ വെച്ച് വിലപേശുമെന്നുള്ള ഹമാസിന്റെ വ്യാമോഹത്തിൽ ബാലിയാടായത് സാധുക്കളായ പലസ്തീൻ ജനതയാണ്.

ഐക്യരാഷ്ട്ര സംഘടന രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും ബലഹീനനായ സെക്രട്ടറി ജനറലിന് ബന്ദികളെ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഫോർമുല ഉണ്ടാക്കുവാൻ സാധിച്ചില്ല. പാലസ്തീൻ ജനതയുടെ ജീവന്റെ വിലപോലെയല്ലേ യുക്രൈനിലെ ജനതയുടെയും? പാലസ്തീനിലെ 65000 പേരുടെ മരണത്തിൽ നെടുവീർപ്പിടുന്ന ഇന്ത്യ, യുക്രൈനിൽ മരിച്ച ജനതയുടെ ജീവന്റെ വില അറിയാതെ പോകുന്നുവോ? അതോ റഷ്യയുടെ എണ്ണ വ്യാപാരത്തിൽ നിന്നു കിട്ടുന്ന ലാഭം യുക്രൈൻ ജനതയുടെ ജീവന്റെ വില ഇല്ലാതാക്കി കളയുന്നുവോ?

വിശുദ്ധ ബൈബിളിൽ സെക്കര്യാവ്:12:3ൽ പറയുന്നു: “അന്ത്യകാലത്ത് ഞാൻ ജെറുസലേമിനെ സകല ജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും. അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേൽക്കും” എന്നാൽ യെശയ്യാവ്: 14:31 ൽ “സകല ഫെലിസ്ത്യ ദേശവുമായുള്ളോവേ നീ അലിഞ്ഞു പോയി. യെഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു. അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കുമെന്നും” (ആമോസ്:1:6ൽ ) “ഞാൻ ഗസ്സയുടെ മതിലനകത്ത് ഒരു തീ അയക്കും. അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും” എന്നും പ്രവചിച്ചിരിക്കുന്നു.
ലോകത്ത് കഴിഞ്ഞ 3500 വർഷമായി ഒരു രാജ്യത്തിന് ഒരു ഭാഷ, ഒരേപേര്, ഒരേ ദൈവം, ഒരേ രാജ്യം. ഈ രാജ്യം യിസ്രായേൽ അല്ലാതെ വേറെ ഒരു രാജ്യത്തിനും അവകാശപ്പെടാനാ കില്ല. ഈ രാജ്യത്തിന്റെ അവകാശി ദൈവത്തിന്റെ സ്വന്തം ജനമായ യിസ്രായേൽ തന്നെ.