അറസ്റ്റ് ഭീതി: നെതന്യാഹു, അമേരിക്കയിലേക്ക് പറന്നത് യൂറോപ്യൻ വ്യോമാതിർത്തി ഒഴിവാക്കി

ന്യൂയോര്‍ക്ക്: അറസ്റ്റ് ഭയന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള ആകാശപാത ഒഴിവാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ യുഎസിലേക്ക് പോകവെയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക യാത്രാ വിമാനമായ ‘വിങ്‌സ് ഓഫ് സയണ്‍’ യൂറോപ്പിന്റെ ആകാശം ഒഴിവാക്കി റൂട്ട് മാറി പറന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ നെതന്യാഹു കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അറസ്റ്റ് ഭയന്ന് യുഎസിലേക്കുള്ള യാത്രയില്‍ നെതന്യാഹു യൂറോപ്യന്‍ ആകാശപാത ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാധാരണയായി യൂറോപ്പിലൂടെ പറക്കേണ്ട വിമാനം മെഡിറ്ററേനിയന്‍ കടലിന്റെ ദിശയിലേക്ക് തിരിച്ചുവിട്ടാണ് യാത്രചെയ്തത്. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെക്കുറിച്ച്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അറസ്റ്റ് ഒഴിവാക്കാനാണ് ഈ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുന്നതിനും വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നെതന്യാഹു യുഎസിലേക്ക് പുറപ്പെട്ടത്.

നെതന്യാഹുവിന്റെ വിമാനം ഫ്രഞ്ച് വ്യോമാതിര്‍ത്തി പൂര്‍ണമായും ഒഴിവാക്കിയാണ് പറന്നത്. ഗ്രീസും ഇറ്റലിയും ഒഴികെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ മുകളിലൂടെയും വിമാനം കടന്നുപോയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളഞ്ഞവഴി പറക്കേണ്ടിവന്നതോടെ നെതന്യാഹുവിന് 600 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവന്നിട്ടുണ്ടെന്നും ഫ്‌ളൈറ്റ് ട്രാക്കിങ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ വ്യോമാതിര്‍ത്തികളിലൂടെയാണെങ്കില്‍ ടെല്‍ അവീവില്‍നിന്ന് എളുപ്പത്തില്‍ ന്യൂയോര്‍ക്കിലെത്താമായിരുന്നു.

2024 നവംബറിലാണ് ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.