വാഷിംഗ്ടണ്‍: കണ്‍സർവേറ്റീവ് ആക്ടിവിസ്റ്റ് ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ കേസില്‍ 22 വയസ്സുള്ള ടെയ്ലർ റോബിൻസണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 11 മണിയോടെ യൂട്ടാ സംസ്ഥാന പോലീസും പ്രാദേശിക പോലീസും ചേർന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതെന്ന് എഫ്ബിഐ പറഞ്ഞു. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അറസ്റ്റ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിയുടെ സ്വന്തം പിതാവ് തന്നെയാണ് അയാളെ പിടികൂടാൻ സഹായിച്ചതെന്നും ഫോക്സ് ന്യൂസിനോട് ട്രംപ് വെളിപ്പെടുത്തി. ചാർളി കിർക്കിനെ വെടിവെച്ചത് താനാണെന്ന് കസ്റ്റഡിയിലുള്ള ആള്‍ അയാളുടെ പിതാവിനോട് സമ്മതിച്ചതായി രണ്ട് വൃത്തങ്ങള്‍ സിഎൻഎന്നിനോട് പറഞ്ഞു.
“ഞങ്ങള്‍ക്ക് അവനെ കിട്ടി,” എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിയെ പിടികൂടിയ വിവരം യൂട്ടാ ഗവർണർ സ്പെൻസർ കോക്സ് സ്ഥിരീകരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എഫ്ബിഐയും പുറത്തുവിട്ടു. വെടിവെപ്പിനായി ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു ഹൈ പവർ ബോള്‍ട്ട്-ആക്ഷൻ റൈഫിള്‍ എഫ്ബിഐ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.
വനപ്രദേശത്ത് നിന്നും ഒരു തൂവാലയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആയുധം കണ്ടെത്തിയതെന്ന് എഫ്ബിഐ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് അധികൃതർ കൈപ്പത്തി അടയാളം, കാല്‍പ്പാടുകള്‍, കൈത്തണ്ടയിലെ അടയാളം എന്നിവ കണ്ടെത്തി. ഈ തെളിവുകള്‍ വിശകലനം ചെയ്തുവരികയാണ്.
കൊലയാളിയെ കണ്ടെത്തുന്നതിനായി പഴുതുകളടച്ച അന്വേഷണമായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിരുന്നു.
വെടിവെച്ചയാള്‍ തന്റെ പിതാവിനോട് കുറ്റസമ്മതം നടത്തിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.പൊതു രേഖകള്‍ പ്രകാരം, വാഷിംഗ്ടണ്‍ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റില്‍ 27 വർഷത്തെ സേവനം അനുഷ്ടിച്ചയാളാണ് പ്രതിയുടെ പിതാവ്. വികലാംഗ വ്യക്തികള്‍ക്ക് പരിചരണം നല്‍കുന്നതിനായി യൂട്ടാ സംസ്ഥാനം കരാർ ചെയ്തിട്ടുള്ള ഇന്റർമൗണ്ടൻ സപ്പോർട്ട് കോർഡിനേഷൻ സർവീസസ് എന്ന കമ്ബനിയിലാണ് പ്രതിയുടെ അമ്മ ജോലി ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
കിർക്കിന്റെ സംവാദം കാണാൻ ഏകദേശം 3,000 ത്തോളം യുണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് എത്തിയത്.വെടിവയ്‌പ്പിന് ഒരു ദിവസത്തിനുശേഷം, ചാർളി കിർക്കിന്റെ കൊലപാതകവുമായി ബന്ധമുള്ളതെന്ന് കരുതുന്ന ഒരാളടെ സിസിടിവി ചിത്രങ്ങള്‍ എഫ്ബിഐ പുറത്തുവിട്ടിരുന്നു.



