ചാക്കോച്ചൻ ഉപദേശിയും ആധുനികവേലയും

( ഒരു നർമ്മ ഭാവന)

പാസ്റ്റർ മാത്യു വർഗ്ഗീസ് (ഡാളസ്)

നേരം പുലരുകയാണ്. മഞ്ഞുതുള്ളികൾ പുറത്ത് വീണു കിടക്കുന്നുണ്ട് i തണുപ്പ് പുറത്ത് വർദ്ധിച്ചു വരികയാണ്. ഉറക്കച്ചടവോടുകൂടി നമ്മുടെ ബഹുമാനപ്പെട്ട ചാക്കോച്ചൻ ഉപദേശി ചാടി എഴുന്നേറ്റ് ആരോടുമില്ലാതെ പുലമ്പി. എന്തൊരു തണുപ്പ് കൂടെ കൂടെയുള്ള ഫോൺവിളികളും ഈമെയിലുകളും കൊണ്ട് മടുത്തു.

എല്ലാവർക്കും പണമാണാവശ്യം. കഴിഞ്ഞ മാസം കിട്ടിയതു മുഴുവനും പുതിയ വീടിന് പെയിൻറ് അടിക്കുവാനും ഇലക്ട്രിക് കാർ വാങ്ങുവാനുമായി ചെലവഴിച്ചു. ഇൻറർനെറ്റും ഫോണും കമ്പ്യൂട്ടറും ഒക്കെ ഉള്ളതുകൊണ്ട് ചിലവുകൾ എന്നും വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ വിദേശ രാജ്യ സന്ദർശനത്തിൽ അഞ്ചു രാജ്യങ്ങൾ മാത്രമേ സന്ദർശിക്കുവാൻ കഴിഞ്ഞുള്ളൂ അതുകൊണ്ട് കാര്യമായി ഒന്നും ലഭിച്ചില്ല.

എല്ലാം ദൈവാനുഗ്രഹം എന്ന് വേണം പറയാൻ. ഒന്ന് പുറകോട്ട് മനസ്സ് ഓടിയപ്പോൾ ഓർക്കുവാൻ ഇഷ്ടമില്ലാത്ത ചിന്തകൾ മനസ്സിൽ കടന്നു വന്നു. കഞ്ഞി കുടിക്കുവാൻ ഇല്ലാഞ്ഞ സമയങ്ങൾ, കാലെടുത്തു വയ്ക്കുവാൻ സ്വന്തമായി ഒരു ഇടമില്ലാത്ത നാളുകൾ, നടന്നു തളർന്ന ദിനങ്ങൾ, വണ്ടിക്ക് കൈകാണിച്ചുകൊണ്ട് വഴിയിൽ നിന്ന ദിനങ്ങൾ ഇതെല്ലാം മുന്നിലൂടെ ഓടിയെത്തി.

ശോ, ഇതൊന്നും ഇനി ഓർക്കണ്ട ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ പെട്ടെന്ന് അകത്തുനിന്ന് ശോശാമ്മ വിളിക്കുന്നു. 30 ൽ പരം വർഷമായി കുടുംബജീവിതം ആരംഭിച്ചിട്ടുണ്ട്. അവളും ഒത്തിരി പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചിട്ടുണ്ട്. പ്രഭാത ഭക്ഷണം തയ്യാറായി അച്ഛാ വന്നു കഴിക്ക്. താറാവ് മുട്ട റോസ്റ്റ് ചെയ്തതും, മട്ടൻ കറിയും അമേരിക്കൻപാൻ കേക്കും, ഓറഞ്ച് ജ്യൂസും പുതിയതായി വാങ്ങിയ ഭക്ഷണമേശയിൽ നിരന്നു കഴിഞ്ഞു. വിശപ്പില്ലെങ്കിലും ചാക്കോച്ചൻ ഉപദേശി എല്ലാം തട്ടിവിട്ടു. മുഖം തുടച്ച് അല്പസമയം വിശ്രമിക്കുവാൻ മട്ടുപ്പാവിലെ പുതുപുത്തൻ ചാരുകസേരയിലേക്ക് ചാഞ്ഞിരിക്കുമ്പോൾ പെട്ടെന്ന് കയ്യിലുള്ള ഏറ്റവും വിലകൂടിയ ഫോൺ അടിക്കുവാൻ തുടങ്ങി ഇതാരാണാവോ എന്ന് ചോദിച്ചുകൊണ്ട് ഫോണിലേക്ക് തുറിച്ചുനോക്കി.

ഒട്ടും പരിചയമില്ലാത്ത നമ്പർ. ആരാണ് രാവിലെ വിളിക്കുന്നത്? ഉച്ചത്തിൽ ഹലോ എന്ന് സംബോധന ചെയ്തപ്പോൾ മറുതലയ്ക്കൽ കേട്ട ശബ്ദം ഏതെന്ന് പെട്ടെന്ന് ഓർമ്മയിൽ വന്നില്ല . ഇത് ഞാനാണ് കുര്യാച്ചൻ ഓർമ്മയില്ലയോ? നമ്മൾ ഒരുമിച്ച് സ്കൂളിൽ പഠിച്ചതും, സൈക്കിൾ ചവിട്ടുവാൻ പോയതും, ബൈബിൾ ക്യാമ്പിൽ പങ്കെടുത്തതും ഓർമ്മയില്ലയോ? ഒരിക്കൽ നമ്മൾ ഒരു ട്രെയിനിന്റെ കമ്പാർട്ട്മെന്റിൽ ഇരിക്കുവാൻ ഇടമില്ലാതെ ആലുവയിൽ നിന്ന് പാറശാലയ്ക്ക് യാത്ര ചെയ്തത് ഓർക്കുന്നില്ലേ ?

ഞാനിപ്പോൾ വളരെ കഷ്ടത്തിലും ബുദ്ധിമുട്ടിലും ആണ് ജീവിക്കുന്നത് ? ജീവിതമൊന്ന് മെച്ചപ്പെടുത്തുവാൻ വേണ്ടി, ഒന്ന് കരകയറുവാൻ വേണ്ടി ഒരു ചെറിയ ജോലി ചെയ്തിരുന്നു. എന്നാൽ അവിടെ ഞാൻ ഒരു ക്രിസ്ത്യാനിയായി എൻ്റെ സാക്ഷ്യം നിലനിർത്തിക്കൊണ്ട് നിന്നതുകൊണ്ട് എനിക്ക് എൻ്റെ പണി നഷ്ടമായി. ഒത്തുതീർപ്പിനും, കൈക്കൂലി കൊടുക്കുവാനും കൈക്കൂലി മേടിക്കുവാനും ഞാനന്ന് കൂട്ടുനിന്നിരുന്നെങ്കിൽ എനിക്ക് ജോലി നഷ്ടമാകുകയില്ലായിരുന്നു. എന്നാൽ ദൈവവചനത്തെ സ്നേഹിച്ചതുകൊണ്ടും ക്രിസ്തുവിനെ അറിഞ്ഞതുകൊണ്ടും പലതും എന്റെ ജീവിതത്തിൽ എനിക്ക് നഷ്ടമായി. വീട്ടിൽ മൂന്നു പെൺമക്കളുണ്ട്. അവരുടെ വിവാഹ പ്രായമൊക്കെ കഴിഞ്ഞു. കയ്യിൽ കൊടുക്കുവാൻ ഒന്നുമില്ലാത്തതുകൊണ്ട് ഇതുവരെയും ഒന്നും നടന്നിട്ടില്ല.

ഇതൊക്കെ കേട്ട് ചാക്കോച്ചൻ ഉപദേശി പറഞ്ഞു കുര്യാച്ച നമ്മൾ ഒരു പക്ഷേ ഒരുമിച്ച് പഠിച്ചു കാണും .എങ്കിലും എനിക്ക് രാവിലെ ഇതൊന്നും കേൾക്കുവാൻ സമയമില്ല .അടുത്ത ദിവസങ്ങളിൽ വരുന്ന ഒന്നു രണ്ടു വിമാനയാത്രകളുടെ ക്രമീകരണങ്ങൾ ഞാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്രാവശ്യത്തെ യാത്രയിൽ എൻ്റെ ഭാര്യ ശോശാമ്മയെയും കൂടെ കൊണ്ടുപോകുന്നുണ്ട്. 30 വർഷമായി ഞാൻ തനിച്ചാണ് യാത്ര ചെയ്തുകൊണ്ടിരുന്നത്. വർഷത്തിൽ ആറുമാസത്തിലധികവും വിദേശത്തായിരുന്നു. ഏതായാലും കുര്യാച്ചൻ എന്റെ സെക്രട്ടറിയെ വിളിച്ചു കാര്യം പറ. പേരും, അഡ്രസ്സും ഒന്ന് കൊടുക്ക് ഇപ്രാവശ്യത്തെ യാത്രയിൽ സഞ്ചരിക്കുന്ന ആറാമത്തെ രാജ്യത്ത് നിന്ന് എന്തെങ്കിലും ലഭിച്ചാൽ അതുകൊണ്ട് ചിലരെയൊക്കെ സഹായിക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.

സഹോദരനും ആ വിഷയത്തിന് പ്രാർത്ഥിക്കുക. ഫോൺ വെച്ചു കഴിഞ്ഞപ്പോൾ ഭാര്യ ശോശാമ്മ കിതച്ചുകൊണ്ട് ഓടിവന്ന് ചോദിച്ചു ഞാൻ കേട്ടല്ലോ ഇപ്രാവശ്യത്തെ വിദേശയാത്രയ്ക്ക് എന്നെയും കൊണ്ടുപോകുന്നുവെന്ന്. ഇതുകേട്ട് അവറാച്ചൻ ഉപദേശി ഞെട്ടിയെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു. “ഞാനതൊക്കെ പറയും നിനക്ക് എങ്ങനെ വരാൻ കഴിയും നമ്മുടെ പത്തു മുറിയും, 11 ബാത്റൂം ഉള്ള വീടും, നാല് കാറും, രണ്ട് അൽസേഷൻ പട്ടിയും ഒക്കെ ഇവിടെ കിടക്കുമ്പോൾ അതൊക്കെ ആര് നോക്കും? അതുകൊണ്ട് നീ ഇവിടെ നമ്മുടെ വേലക്കാരിത്തി ആ പെൺകൊച്ചിനെയും കൂട്ടി തൽക്കാലം നിൽക്കുക. പിന്നെ ആറുമാസത്തേക്ക് നിനക്ക് വേണ്ടതെല്ലാം ആമസോണിൽ ഞാൻ ഓർഡർ ചെയ്തു വച്ചിട്ടുണ്ട് .അതെല്ലാം വീട്ടിൽ കൊണ്ടുവന്ന് അവർ ഡെലിവറി ചെയ്തുകൊള്ളും. പിന്നെ കൂട്ടായ്മയ്ക്കും യോഗത്തിനുമൊക്കെ വല്ലപ്പോഴും നിനക്ക് പോകണമെന്നുണ്ടെങ്കിൽ നമ്മുടെ പഴയ ഡ്രൈവർ തമ്പിയെ വിളിക്കുക അവന് മറ്റെങ്ങും അന്ന് പണി ഇല്ലെങ്കിൽ വരുമായിരിക്കും.

ഇതുകേട്ട് ഭാര്യ ശോശാമ്മ നിശ്ചലയായെങ്കിലും സമനില വീണ്ടെടുത്തുകൊണ്ട് പറഞ്ഞു. “അച്ചായാ ഉച്ചയൂണ് തയ്യാറായി. രണ്ടു വേലക്കാരിത്തി രാവിലെ വന്നില്ല. ഒരാൾ മാത്രമേ ഇന്ന് ജോലിക്ക് വന്നുള്ളൂ. അതുകൊണ്ട് ചെമ്മീൻ റോസ്റ്റും, കോഴിക്കോടൻ ബീഫും, ആലപ്പുഴ മീൻ കറിയും, നാടൻ അരി കൊണ്ടുള്ള ചോറും മാത്രമേ ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. ഏതായാലും അച്ചായന് ഇഷ്ടമുള്ള അടപ്രഥമനും ഒരുക്കിയിട്ടുണ്ട്.”

ഉച്ചയൂണ് കഴിഞ്ഞപ്പോൾ ഉറക്കത്തിന്റെ ആലസ്യം ചാക്കോച്ചനെ കടന്നുപിടിച്ചു. ഉരുണ്ട വയറു തടവികൊണ്ട് ജർമൻ കട്ടിലിൽ കയറി കിടക്കുമ്പോൾ പെട്ടെന്ന് തഴപ്പായയിൽ തറയിൽ കിടന്നത് മനസ്സിൽ ഓർമ്മ വന്നു. ഹോ ഇതെന്തൊരു ചിന്ത. മോശം എന്ന് പറഞ്ഞ അതിനെ ശാസിച്ചു. ഉറക്കം വരുന്നതിനു മുമ്പ് ഫെയ്സ്ബുക്ക് തുറന്നു ചിലരുടെ പോസ്റ്റുകൾക്ക് ലൈക്ക് അടിച്ചു. വാട്സാപ്പിലും, ഈമെയിലിലും ചിലർക്ക് അടുത്ത സന്ദർശനത്തിന്റെ വിവരങ്ങളും, പുതിയ പ്രോജക്ടുകളും അറിയിച്ചു.

ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ചാക്കോച്ചൻ ഒരു ചെറിയ മയക്കത്തിലേക്ക് വഴുതിവീണു. അവിടെക്കിടന്ന് താനൊരു സ്വപ്നം കണ്ടു. വെള്ള വസ്ത്രധാരിയായ ഒരു മനുഷ്യൻ പലരുടെയും പേരുകൾ വിളിക്കുന്നു. കേട്ടു പരിചയമുള്ള പല പേരുകളും വിളിച്ച കൂട്ടത്തിൽ കുര്യാച്ചന്റെ പേരും, വീട്ടിൽ പരിഭവം കൂടാതെ നാളുകൾവേലയ്ക്കുനിന്ന സാധുക്കളായ രമയുടെയും, സുധയുടെയും പേരുകൾ വിളിക്കുന്നു. ഞെട്ടി എഴുന്നേറ്റ ചാക്കോച്ചൻ ചോദിച്ചു “എവിടെ എൻ്റെ പേര്? ” പാസ്പോർട്ടിൽ പേരുണ്ട്, പട്ടണത്തിൽ പേരുണ്ട്, പഞ്ചായത്തിൽ പേരുണ്ട്, പള്ളിയിലും പേരുണ്ട്. താൻ ചിന്തിച്ചു നിശ്ചയമായും എ ൻ്റെ പേരും അവിടെയുണ്ടെന്ന്. എന്നാൽ കേട്ട ശബ്ദം ഇങ്ങനെയായിരുന്നു ഞാൻ നിന്നെ അറിയുന്നില്ല എന്നായിരുന്നു. (മത്തായി 7: 23 )

ജീവനുള്ളവൻ എന്ന് നിനക്ക് പേരുണ്ടെങ്കിലും നീ മരിച്ചവനാണ്. നിൻ്റെ പ്രവർത്തി ദൈവസന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല. ( വെളിപ്പാട് 3: 1 ) ഈ വാക്കുകൾ കേട്ടപ്പോൾ ചാക്കോച്ചന്റെ ചങ്കിടിപ്പ് വർദ്ധിച്ചു, കാലുകൾ നിശ്ചലമായി, നാവു വരണ്ടു, മുഖം വിളറി, അയ്യോ എന്ന നിലവിളിച്ചുകൊണ്ട് ചാടി എഴുന്നേറ്റു.