ഖത്തറിൽ ആക്രമണം നടത്താനുള്ള തീരുമാനം എൻ്റേതല്ല, നെതന്യാഹുവിൻ്റേത്; ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ട്രംപ്

വാഷിങ്ടൺ: ഖത്തറിൽ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റേതാണെന്ന് അമേരിക്കന്‍ പ്രസിഡൻ്റ ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ ഖത്തറിന് വിവരം കൈമാറാൻ താൻ നിർദേശിച്ചെന്നും ഖത്തർ മണ്ണിൽ ഇനി ആക്രമണം ഉണ്ടാകില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് പറഞ്ഞു.

ആക്രമണം നടത്താനുളള തീരുമാനം തൻ്റേതായിരുന്നില്ലെന്നും സോഷ്യൽ മീഡിയ ആയ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്. ഹമാസിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തുകയാണെന്ന് യുഎസ് സൈന്യം എൻ്റെ ഭരണകൂടത്തെ അറിയിച്ചു. ദൗർഭാഗ്യവശാൽ ഖത്തർ തലസ്ഥാനമായ ദോഹയിലായിരുന്നു ആക്രമണം.

ദോഹയിൽ ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവിൻ്റേതാണ്, എൻ്റേതല്ല. യുഎസിൻ്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനുള്ളില്‍ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിൻ്റെയോ യുഎസിൻ്റെയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ല. അതേസമയം ഗാസയില്‍ ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകളില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന ഹമാസിനെ തുടച്ചുനീക്കുക ഉചിതമായ ലക്ഷ്യമാണെന്നും ട്രംപ് പറഞ്ഞു.

ആക്രമണ നീക്കം അറിഞ്ഞയുടനെ ഖത്തറിന് വിവരം കൈമാറാൻ മധ്യ പൂർവേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന് നിർദേശം നൽകിയിരുന്നെന്നും ട്രംപ് പറഞ്ഞു. ‘ആക്രമണത്തെക്കുറിച്ച് ഖത്തറിനെ അറിയിക്കാന്‍ സ്റ്റീവ് വിറ്റ്‌കോഫിനോട് നിര്‍ദേശിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആക്രമണം തടയാന്‍ കഴിയാത്തവിധം വൈകിപ്പോയിരുന്നു.’ അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്.

കൊല്ലപ്പെട്ടവരില്‍ ഖാലിദ് അല്‍-ഹയ്യയുടെ മകനും അടുത്ത സഹായിയും ഉള്‍പ്പെടുന്നതായാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്ബോള്‍ ഹമാസിൻ്റെ പ്രധാന നേതാക്കള്‍ ഇസ്രയേല്‍ ലക്ഷ്യം വെച്ച കെട്ടിടത്തില്‍ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അധിനിവേശത്തിന്റെ ക്രിമിനല്‍ സ്വഭാവവും ഒരു കരാറിലെത്താനുള്ള സാധ്യതകളെ ദുർബലപ്പെടുത്താനുള്ള ഇസ്രയേലിൻ്റെ ആഗ്രഹവും വെളിപ്പെടുത്തുന്നതാണ് ഇസ്രയേലിൻ്റെ ആക്രമണമെന്നും ഹമാസ് കുറ്റപ്പെടുത്തി.