അശ്രദ്ധമൂലം ജയമുറപ്പിച്ച കാര്യങ്ങളിൽ പോലും ചെറിയ കാരണങ്ങളില്‍ തട്ടി വീണുപോയേക്കാം

അന്ന് കാട്ടിലെ കുട്ടികളെല്ലാം കഥകേള്‍ക്കുകയാണ്. പണ്ട് ആമയും മുയലും നടത്തിയ പന്തയത്തിന്റെ കഥയായിരുന്നു അവര്‍ കേട്ടിരുന്നത്.

ഇത് കേട്ടപ്പോള്‍ മുയല് കുട്ടിക്ക് തോന്നി തന്റെ വര്‍ഗ്ഗത്തിനേറ്റ നാണക്കേട് മാറ്റണം. അതിനായി അവന്‍ തന്റെ കൂട്ടത്തിലുളള ആമക്കുട്ടിയെ പന്തയത്തിന് വിളിച്ചു.

ആമക്കുട്ടിക്ക് പന്തയത്തിന് സമ്മതം മൂളാതെ നിവൃത്തിയില്ലായിരുന്നു. മുയല്കുട്ടി തീരുമാനിച്ച ഫിനിഷ് പോയിന്റോടെ പിറ്റേ ദിവസം പന്തയം നടത്താന്‍ തീരുമാനിച്ചു.

ഏകദേശം വലിയ 5 വളവുകള്‍ക്ക് ശേഷമായിരുന്നു ആ ഫിനിഷിങ്ങ് പോയിന്റ്. മത്സരം നടന്നു. ആമക്കുട്ടി 5 വളവുകള്‍താണ്ടിയെത്തിയപ്പോഴേക്കും മുയലുകുട്ടി ഫിനിഷിങ്ങ് പോയിന്റിലെ പാറയില്‍ ഇരുന്ന് വിശ്രമിക്കുന്നുണ്ടായിരുന്നു.

അന്ന് വൈകുന്നേരം തിരിച്ച് വീട്ടിലെത്തിയ ആമക്കുട്ടിയെ എല്ലാവരും കളിയാക്കി. മുയലിനെ ബുദ്ധികൊണ്ടേ ജയിക്കാനാകൂ എന്ന് ആമക്കുട്ടിക്ക് മനസ്സിലായി.

പിറ്റേ ദിവസം മുയല്‍കുട്ടിയെ കണ്ട് ആമക്കുട്ടി വീണ്ടും മത്സരം നടത്തണമെന്ന് ആവശ്യപ്പെട്ടു. തലേദിവസം ജയിച്ച ആത്മവിശ്വാസത്തില്‍ മുയല്‍കുട്ടി പെട്ടെന്ന് തന്നെ സമ്മതിച്ചു.

ഇത്തവണ ഫിനിഷിങ്ങ് പോയിന്റ് കാണിച്ചത് ആമക്കുട്ടിയാണ്. അത്രയധികം ദൂരെയല്ലാത്ത ഒരു മരമാണ് ഫിനിഷിങ്ങ് പോയിന്റായി ആമക്കുട്ടി ചൂണ്ടിക്കാണിച്ചത്. മുയല്‍കുട്ടിക്ക് സന്തേഷമായി. മണ്ടന്‍..

ഇന്നലെ ഇത്രയധികം ദൂരം ഞാന്‍ വളരെ സിപിംളായി ഓടി തോല്‍പ്പിച്ചതാണ്. എന്നിട്ടാണ് ആ കാണുന്ന മരം. ഓട്ടം ആരംഭിച്ചു. കുറച്ച് ദൂരം ഓടിയ മുയല്‍ പെട്ടെന്ന് നിന്നു.. കാരണം ആ മരം നില്‍ക്കുന്നത് ഒരു തോട്ടിനപ്പുറത്താണ്.

വെളളം നിറഞ്ഞുനില്‍ക്കുന്ന തോട്ടില്‍ ഇറങ്ങാനാകാതെ അന്തിച്ചുനില്‍ക്കുമ്പോള്‍ ആമക്കുട്ടി പതുക്കെ ഇഴഞ്ഞുവന്ന് തോട് മറികടന്ന് ഫിനിഷിങ്ങ് പോയിന്റിലെത്തി…

ജയിക്കുമെന്ന് ഉറപ്പിച്ച പലയിടത്തും നാം ചെറിയ കാരണങ്ങളില്‍ തട്ടി വീണുപോകാറുണ്ട്. ഓവര്‍ കോണ്‍ഫിഡന്‍സ് നല്‍കുന്ന അശ്രദ്ധമൂലമാണ് ഈ കെണികള്‍ നാം തിരിച്ചറിയാതെ പോകുന്നത്.

ഇന്നലകളെ നമുക്ക് വീണ്ടെടുക്കാനാകില്ല. പക്ഷേ, നാളെ ജയിക്കണോ തോല്‍ക്കണോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ മാത്രമാണ്..

എത്ര പരിചിതമായ കാര്യമാണെങ്കിലും കൃത്യമായ ഗൃഹപാഠം നടത്തിയാകട്ടെ നമ്മുടെ മുന്നോട്ടുളള ഓരോ ചുവടും

– ശുഭദിനം.