മരണവാര്‍ത്തയെ പരിഹസിച്ച് നിത്യാനന്ദയുടെ വീഡിയോ സന്ദേശം പുറത്ത് വന്നു

ചെന്നൈ: താന്‍ മരിച്ചെന്ന വാര്‍ത്ത പ്രചരിക്കുന്നതിനെ പരിഹസിച്ച് വീഡിയോ സന്ദേശവുമായി ആള്‍ദൈവം നിത്യാനന്ദ. താന്‍ മരിച്ചെന്നും ഇല്ലെന്നും പ്രചരിപ്പിക്കുന്നവര്‍ ഒന്നിച്ചിരുന്നു ഇക്കാര്യത്തില്‍ ഒരുതീരുമാനമെടുക്കണമെന്ന് നിത്യാനന്ദ പറഞ്ഞു.

തന്നെപ്പറ്റി ഒരു മാസത്തില്‍ 4000-ലേറെ വീഡിയോകള്‍ പുറത്തിറങ്ങി. ഇതെല്ലാം പരിശോധിച്ച് എങ്ങനെ മറുപടി നല്‍കുമെന്നും എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ നിത്യാനന്ദ ചോദിച്ചു.

നിത്യാനന്ദ ജീവത്യാഗംചെയ്തുവെന്ന അദ്ദേഹത്തിന്റെ സഹോദരീപുത്രനും അനുയായിയുമായ സുന്ദരേശ്വരന്‍ പറയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നിത്യാനന്ദ സ്ഥാപിച്ച പുതിയരാജ്യമെന്ന് അവകാശപ്പെടുന്ന കൈലാസ ഇത് നിഷേധിച്ചു പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

ഇതിനൊപ്പമാണ് നിത്യാനന്ദയുടെ പുതിയ വീഡിയോയും എക്‌സിലൂടെ പുറത്തുവിട്ടത്. ഉഗാദി ആഘോഷത്തോട് അനുബന്ധിച്ച് നിത്യാനന്ദ സന്ദേശംനല്‍കുന്നതിന്റെ വീഡിയോ ലിങ്കും എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.