വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല, കാരണമായത് ഭരദ്വാജ മഹര്‍ഷിയെന്ന് രാജസ്ഥാൻ ഗവര്‍ണര്‍

അജ്‌മീർ: വിമാനവും ഗുരുത്വാകർഷണ സിദ്ധാന്തവും കണ്ടെത്തിയത് ഇന്ത്യക്കാരെന്ന് വാദം. രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്‌ഡെയാണ് ഇത്തരം വിചിത്രമായൊരു വാദം മുന്നോട്ടുവച്ചത്.

അജ്‌മീറിലെ മഹർഷി ദയാനന്ദ് സരസ്വതി സർവകലാശാലയില്‍ നടന്ന പരിപാടിയിലാണ് ചാൻസിലർ കൂടിയായ ഗവർണർ തന്റെ വാദം മുന്നോട്ടുവച്ചത്.

റൈറ്റ് സഹോദരന്മാർ വിമാനം കണ്ടെത്തുന്നതിന് എട്ട് വർഷം മുൻപ് 1895ല്‍ ഇന്ത്യൻ ശാസ്‌ത്ര‌ജ്ഞനായ ശിവകർ ബാപുജി തല്‍പടെ ഒരു വിമാനം പറത്തിയെന്ന് ഹരിഭാവു ബാഗ്‌ഡെ പറഞ്ഞു. ഭരദ്വാജ മഹർഷി എഴുതിയ സംസ്‌കൃത ഗ്രന്ഥങ്ങളിലെ തത്വങ്ങള്‍ അനുസരിച്ചാണ് തല്‍പടെ തന്റെ വിമാനം നിർമ്മിച്ചതും പറത്തിയതും എന്ന് ഗവർണർ പറഞ്ഞു. ചിരഞ്ജിലാല്‍ വെർമ്മ എന്നയാളുടെകീഴില്‍ ഈ ഗ്രന്ഥം വായിച്ചുപഠിച്ച ശേഷമാണ് തല്‍പടെ വിമാനം നിർമ്മിച്ചതെന്നും ഹരിഭാവു ബാഗ്‌ഡെ വ്യക്തമാക്കി.

ഇതിനുപുറമേ ഗുരുത്വാകർഷണ നിയമം സംബന്ധിച്ചും ബാഗ്‌ഡെ വിചിത്രമായ വെളിപ്പെടുത്തല്‍ നടത്തി. പ്രശസ്‌ത ശാസ്‌ത്രജ്ഞൻ സർ ഐസക് ന്യൂട്ടന് മുൻപ് ഗണിതശാസ്‌ത്രജ്ഞനായ കോപ്പർ നിക്കസ് ഗുരുത്വാകർഷണം കണ്ടെത്തിയെന്നും എന്നാല്‍ ഇവർക്കെല്ലാം മുൻപ് ഇന്ത്യൻ ഗണിതശാസ്‌ത്രജ്ഞനായ ഭാസ്‌കരാചാര്യർ 11-ാം നൂറ്റാണ്ടില്‍ ഗുരുത്വാകർഷണത്തെ കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ലോക നേതൃത്വത്തിലേക്ക് ഉയർത്താൻ പരമ്ബരാഗത ശാസ്‌ത്ര അറിവും പുതിയ സാങ്കേതികവിദ്യയും ചേർന്ന് ഉപയോഗിക്കുന്നതിന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.