ചെറുതോണി (ഇടുക്കി): മകളുടെയും മരുമകളുടേയും സ്വർണം മോഷ്ടിച്ചെന്ന പരാതിയില്‍ തങ്കമണി സ്വദേശിനിയെ പോലീസ് അറസ്റ്റുചെയ്തു.
അച്ചൻകാനം പഴയചിറയില്‍ ബിൻസി ജോസാ(53)ണ് പിടിയിലായത്. ഇവരുടെ, സൈനികനായ മകനാണ് പരാതി നല്‍കിയത്. ഇവരെ ഒളിവില്‍ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്ബില്‍ അംബിക(49)യും അറസ്റ്റിലായി.
തന്റെ ഭാര്യയുടെയും സഹോദരിയുടെയും സ്വർണം മോഷ്ടിച്ച് പണയപ്പെടുത്തിയെന്നും ഈ പണം ഉപയോഗിച്ച് ആഭിചാരക്രിയയും ധൂർത്തും നടത്തിയെന്നുമാണ് ബിൻസിക്കെതിരേ മകൻ അഭിജിത്തിന്റെ പരാതി. ഇവർക്കെതിരേ തട്ടിപ്പുകേസാണ് എടുത്തിരിക്കുന്നത്. വർഷങ്ങള്‍ക്ക് മുൻപും ബിൻസി സമാനരീതിയില്‍ തട്ടിപ്പ് നടത്തി ഒളിവില്‍ പോയിരുന്നു.
പരാതിയില്‍ പറയുന്നത് ഇങ്ങനെ: മകള്‍ മീരയുടെ പത്തുപവനും മരുമകള്‍ സന്ധ്യയുടെ 14 പവനും ബിൻസി മോഷ്ടിച്ചു. ഈ സ്വർണം വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി പണം കൈക്കലാക്കി. തങ്കമണി, കാമാക്ഷി മേഖലകളിലെ വിവിധ സ്വയം സഹായ സംഘങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും ലക്ഷങ്ങള്‍ വായ്പ വാങ്ങി.
ഈ പണമൊക്കെ എന്തുചെയ്തെന്നറിയുവാൻ മക്കളും ഭർത്താവ് ജോസും പലപ്രാവശ്യം ശ്രമിച്ചു. എന്നാല്‍, സ്വർണം എടുത്തെന്ന് ഇവർ സമ്മതിച്ചില്ല. പണം എന്തിന് ചെലവഴിച്ചെന്ന് പറയുവാനും തയ്യാറായില്ല. നാട്ടില്‍നിന്നും തട്ടിയെടുത്ത പണം തിരികെ ചോദിച്ച് ആളുകള്‍ വീട്ടില്‍വന്നതോടെ ഭർത്താവും ബിൻസിയോടുള്ള നിലപാട് കടുപ്പിച്ചു. ഇതേത്തുടർന്ന് ബിൻസി ഉപ്പുതറയിലുള്ള തന്റെ അമ്മയുടെ അടുത്തേക്ക് മാറി. ഇവിടെ അന്വേഷിച്ചെത്തിയ ഭർത്താവും ബിൻസിയുടെ അമ്മയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബിൻസിയുടെ അമ്മയ്ക്ക് വെട്ടേറ്റിരുന്നു.
മകന്റെ ഭാര്യയെ ചായയില്‍ വിഷം കലർത്തി നല്കി കൊലപ്പെടുത്തുവാൻ ഇവർ ശ്രമിച്ചിരുന്നുവെന്നും ഇതിന് ബിൻസിയെ പ്രേരിപ്പിച്ചത് സുഹൃത്താണെന്നും പരാതിയിലുണ്ട്. സുഹൃത്തുമായുള്ള മൊബൈല്‍ ചാറ്റില്‍, ഇക്കാര്യം ബിൻസിയോട് നിർദേശിക്കുന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും പോലീസിന് കൈമാറിയിട്ടുണ്ട്.
തട്ടിയെടുത്ത പണം ആഭിചാരക്രിയകള്‍ക്കായി ഉപയോഗിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ വീട്ടില്‍നിന്നും വിവിധ മതചിഹ്നങ്ങളടങ്ങിയ തകിടും മറ്റും പോലീസ് കണ്ടെടുത്തു. തങ്കമണി പോലീസ് ഇൻസ്പെക്ടർ എം.പി. എബിയും സംഘവുമാണ് ബിൻസിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തെങ്കിലേ സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. എസ്.സി.പി.ഒ. സുനില്‍കുമാർ, സി.പി.ഒമാരായ പി. പ്രിനീത, ജിതിൻ എബ്രഹാം എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.



