ഔരിയ: ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്ന ഭാര്യയും കാമുകനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഔരിയ ജില്ലയിലാണ് സംഭവം. പ്രഗതി യാദവ് (22), അനുരാഗ് യാദവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രഗതിയുടെ ഭര്‍ത്താവ് ദിലീപ് (25) ആണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കിപ്പുറമാണ് കൊലപാതകം.
പ്രഗതിയും അനുരാഗും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധം അംഗീകരിച്ചില്ല. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് പ്രഗതിയുടെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് ദിലീപുമായുള്ള വിവാഹം നടത്തുകയായിരുന്നു.
വിവാഹശേഷം പ്രഗതിക്കും അനുരാഗിനും തമ്മില്‍ കാണാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് ദിലീപിനെ വകവരുത്താന്‍ ഇരുവരും തീരുമാനിച്ചത്. ഇതിനായി രാമാജി ചൗധരി എന്ന വാടകക്കൊലയാളിയെയാണ് ഇവര്‍ ഏര്‍പ്പെടുത്തിയത്. പ്രതിഫലമായി രണ്ട് ലക്ഷം രൂപ നല്‍കിയതായും പോലീസ് പറയുന്നു.
മാര്‍ച്ച് 19-ന് രാമാജിയും മറ്റ് ചിലരും ചേര്‍ന്ന് ബൈക്കില്‍ ദിലീപിനെ വയലിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് അവിടെവെച്ച് മര്‍ദ്ദിക്കുകയും പലതവണ വെടിവെക്കുകയും ചെയ്തശേഷം ഇവര്‍ രക്ഷപ്പെട്ടു. വയലില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ദിലീപിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ബിധുനയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ഗ്വാളിയോറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ദിലീപ് മരിച്ചതിന് പിന്നാലെ സഹോദരന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പോലീസ് പ്രഗതിയേയും അനുരാഗിനേയും രാമാജിയേയും തിരിച്ചറിഞ്ഞത്. കൊലയ്ക്കുപയോഗിച്ച തോക്ക്, സഞ്ചരിച്ച ബൈക്ക്, രണ്ട്
ഫോണുകള്‍ എന്നിവയും പോലീസ് കണ്ടെത്തി. ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
————-



