കാരക്കോണേം തലവരിപ്പണക്കേസില്‍ ധര്‍മ്മരാജ് റസാലത്തിന് തിരിച്ചടി; ഇ.ഡി കേസ് റദ്ദാക്കണമെന്ന ഹ‍ർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റിനായി തലവരിപ്പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ എൻഫോഴ്സ് ഡയറക്ടററേറ്റിന്‍റെ നടപടി ചോദ്യം ചെയ്യുന്ന ഹ‍ർജി ഹൈക്കോടതി തള്ളി. കേസിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയ പണം ക്ലെയിം പെറ്റീഷൻ നൽകിയവർക്ക് ഇ.ഡി വിതരണം ചെയ്യുന്ന നടപടിയടക്കം ചോദ്യം ചെയ്ത് കോളേജ് ചെയർമാൻ ബിഷപ്പ് ധർമരാജ് റസാലം നൽകിയ ഹ‍ർജിയാണ് തള്ളിയത്. ഹർജി ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് തള്ളിയത്.

28 രക്ഷിതാക്കളില്‍ നിന്നായി ഏഴ് കോടി രൂപയിലധികം കോഴ വാങ്ങിയെന്നായിരുന്നു കേസ്. എന്നാല്‍, താന്‍ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും ആരോപിക്കുന്ന കുറ്റം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു ഹ‍ർജിക്കാരന്‍റെ വാദം. കോളേജ് വികസനത്തിനും പിടിഎ ഫണ്ടിനുമായാണ്‌ പണം വിനിയോഗിച്ചത്. കുറച്ചു പേർക്ക് പണം തിരികെ നൽകി എന്നും ഹർജിക്കാരൻ വാദിച്ചു.

കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസുകളാണ് ധര്‍മ്മരാജ് റസാലത്തിന് എതിരെ ഉണ്ടായിരുന്നത്. ബിഷപ്പിന്റെ ആസ്ഥാനമായ എല്‍എംഎസിലും കാരക്കോണം മെഡിക്കല്‍ കോളജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു.