വേണ്ടതറിഞ്ഞ് വിളമ്പാന്‍ നമുക്ക് ശീലിക്കാം

പ്രഭാഷണം കഴിഞ്ഞു തന്നെ കാത്തു നില്‍ക്കുന്നയാളോട് ഗുരു തന്റെ പ്രഭാഷണത്തിന്റെ ബാക്കിയെന്നോണം പറഞ്ഞു:

എളിയ ജീവിതവും ഉയര്‍ന്ന ചിന്തയുമാണ് ജീവിതവിജയം സാധ്യമാക്കുന്നത്. ഇത് കേട്ട് അയാള്‍ പറഞ്ഞു: എളിയ ചിന്തയും കനത്ത ഭക്ഷണവുമാണ് എന്റെ അഭിപ്രായത്തില്‍ ജീവിതത്തിന് അത്യന്താപേക്ഷികം.

തന്നെ ആദ്യമായി ഒരാള്‍ എതിര്‍ത്തതിന്റെ നീരസം മറച്ചുവെച്ച് ഗുരു അയാള്‍ കാത്തുനിന്നതിന്റെ കാരണമന്വേഷിച്ചു.

അയാള്‍ പറഞ്ഞു: എനിക്ക് തത്വശാസ്ത്രം വേണ്ട.. ഒരു നേരത്തെ വയറു നിറച്ചുളള ആഹാരമാണ് എന്റെ പ്രധാന വിഷയം..

അടിസ്ഥാന ആവശ്യങ്ങളില്‍ അസംതൃപ്തരായവര്‍ക്ക് ആലങ്കാരിക കര്‍മങ്ങളിലും ചിന്തകളിലും താല്‍പര്യമുണ്ടാകില്ല. വിശന്നിരിക്കുന്നവന്റെ മുമ്പില്‍ സര്‍വ്വവിജ്ഞാനകോശം ഒരു വില കുറഞ്ഞ വസ്തുവാണ്.

ഒരേയിടത്തു പ്രത്യക്ഷപ്പെടുന്ന എല്ലാവരും ഒരേ ആവശ്യങ്ങളുള്ളവരാകില്ല. അവരുടെ കാഴ്ചപ്പാടുകളിലും ഉദ്ദേശലക്ഷ്യങ്ങളിലും വൈരുധ്യങ്ങളുണ്ടാകാം. അവ തിരിച്ചറിയാനും അതിനനുസരിച്ച് വിരുന്നൊരുക്കാനും കഴിയുന്നതാണ് ആതിഥ്യമര്യാദ.

ചില കൊടുക്കല്‍ വാങ്ങലുകളില്‍ നടപടിക്രമങ്ങളും ചടങ്ങുകളും മാത്രമേയുണ്ടാകൂ. എല്ലാ വിതരണം ചെയ്യപ്പെടും. ആര്‍ക്കും വേണ്ടതൊന്നും കിട്ടുകയുമില്ല. മററു ചിലതില്‍ ആകര്‍ഷണീയമായതൊന്നും ഉണ്ടാകില്ല.

പക്ഷേ, വാങ്ങിയവരുടെയെല്ലാം മടക്കയാത്ര മനസ്സ് നിറഞ്ഞായിരിക്കും. വേണ്ടതറിഞ്ഞ് വിളമ്പാന്‍ നമുക്കും ശീലിക്കാം

– ശുഭദിനം.