പാകിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു; 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു: ഏറ്റുമുട്ടല്‍ തുടരുന്നു

പാകിസ്ഥാനില്‍ ബലൂചിസ്ഥാൻ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു.

ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്. ട്രെയിനില്‍ 450 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 182 പേരെയാണ് വിഘടനവാദികള്‍ ബന്ദികളാക്കിയത്.ഇന്നലെയാണ് ബലൂച് ഭീകരർ ട്രെയിൻ റാഞ്ചിയത്. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോ‍ർട്ടുകള്‍ പുറത്തുവന്നിരുന്നു.

ട്രെയിനില്‍ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞതായും വിവരമുണ്ട്. തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവർ ഭീഷണി മുഴക്കിയിരുന്നു. എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച്‌ ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 6 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നാണ് വിവരം.

എല്ലാ യാത്രക്കാരെയും ട്രെയിനില്‍ നിന്ന് പുറത്ത് കടത്തുന്നത് വരെ ഓപ്പറേഷൻ തുടരുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചില തീവ്രവാദികള്‍ മലനിരകളിലേക്ക് ബന്ദികളെയും കൊണ്ട് കടന്നതായും സൂചനകളുണ്ട്, സുരക്ഷാ സേന ഇരുട്ടില്‍ അവരെ പിന്തുടരുന്നുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.58 പുരുഷന്മാരും 31 സ്ത്രീകളും 15 കുട്ടികളും അടങ്ങുന്ന യാത്രക്കാരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയ യാത്രക്കാരെ മറ്റൊരു ട്രെയിനില്‍ മാച്ചിലേക്ക് അയച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രക്ഷപ്പെടാൻ തീവ്രവാദികള്‍ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞുവെന്നും പക്ഷേ സുരക്ഷാ സേന തുരങ്കം വളഞ്ഞിരിക്കുകയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ശേഷിക്കുന്ന യാത്രക്കാരെ ഉടൻ രക്ഷപ്പെടുത്തുമെന്നാണ് സൈന്യം പറയുന്നത്.