ജീവിതത്തില്‍ വിജയത്തിലെത്തുംവരെ കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരിക്കുക

ജപ്പാനിലെ വസുമുറ എന്ന ഗ്രാമത്തിലാണ് കൊണസ്‌കെ ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം 9-ാം ക്ലാസ്സിലെ പഠിപ്പുനിര്‍ത്തി ജോലിക്ക് പോകാന്‍ കൊണസ്‌കെ നിര്‍ബന്ധിതനായി.

അടുത്തുളള ഒരു കടയിലാണ് കൊണസ്‌കെ ആദ്യം ജോലിക്ക് പോയത്. പുലരുന്നതിന് മുമ്പേ ആ കടയെല്ലാം തുടച്ച് വൃത്തിയാക്കിയാണ് കൊണസ്‌കെയുടെ ഒരു ദിവസം ആരംഭിക്കുക.

പിന്നീട് മുതലാളിയുടെ മക്കളെ നോക്കണം. കുറച്ച് നാള്‍ കഴിഞ്ഞ് കടയില്‍ കച്ചവടം കുറഞ്ഞതിനാല്‍ ആ കട അടച്ചുപൂട്ടി. ഒരു സൈക്കിള്‍ കടയിലാണ് കൊണസ്‌കെ പിന്നീട് ജോലിക്ക് നിന്നത്.

അവിടെവെച്ചാണ് ഒരു ഇലക്ട്രിക് ബള്‍ബ് കടയിലേക്ക് കൊനസ്‌കെക്ക് ജോലി ലഭിക്കുന്നത്. അവിടത്തെ ജോലി കൊണസ്‌കെക്ക് വളരെയിഷ്ടമായി.

ഒരിക്കല്‍ കൊണസ്‌കെ പുതിയ മോഡല്‍ ഒരു ലൈറ്റ് സോക്കറ്റ് നിര്‍മ്മിച്ചു. ഇത് ഒരിക്കലും ചിലവാകില്ലെന്ന് പറഞ്ഞ് മുതലാളി ആ ആശയം മുളയിലേ നുള്ളി.

പക്ഷേ കൊണസ്‌കെ അത് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ജോലി ഉപേക്ഷിച്ച് സ്വന്തമായി കമ്പനി തുടങ്ങിയാലോ എന്നായി ആലോചന. വേണ്ടത്ര പ്രവര്‍ത്തി പരിചയമില്ല, വിദ്യാഭ്യാസമില്ല, പണമില്ല..

ഈ യാഥാര്‍ത്ഥ്യം കുറച്ച് കാലം കൂടി ജോലിയില്‍ തുടരുക എന്ന തീരുമാനത്തില്‍ കൊണസ്‌കയെ കൊണ്ടെത്തിച്ചു. ജോലി ചെയ്ത് കിട്ടുന്നതുകയില്‍ നിന്നും മിച്ചം പിടിച്ച് കുറച്ച് നാള്‍ കഴിഞ്ഞ് സ്വന്തം വീട് തന്നെ കമ്പനിയാക്കി 1918 ല്‍ കൊനസ്‌കെ തന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടു, താന്‍ നിര്‍മ്മിച്ച സോക്കറ്റുമായി ഒരുപാടലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.

പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസ്ഥയിലെത്തിയപ്പോഴാണ് 2000 സോക്കറ്റിന്റെ ഒരു വലിയ ഓര്‍ഡര്‍ കൊനസ്‌കയെ തേടിയെത്തുന്നത്.

എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൊനസ്‌കെ തന്റെ കട്ടിലിനരികില്‍ ഒരു പേനയും പേപ്പറും കരുതുമായിരുന്നു. എപ്പോഴൊക്കെ ഐഡിയകള്‍ വരുന്നോ അതെല്ലാം അദ്ദേഹം അപ്പോള്‍ തന്നെ വരച്ചിടും. ഈ ഐഡിയകളില്‍ പലതും പിന്നീട് ഉത്പന്നങ്ങളായി പുറത്തിറങ്ങി.

1989 ല്‍ കൊനസ്‌കെ വിടപറഞ്ഞെങ്കിലും അപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രൊഡക്ടുകള്‍ ഇല്ലാത്ത രാജ്യമോ കാണാത്ത ആളുകളോ ഇല്ലായിരുന്നു. ഇന്ന് 3 ലക്ഷത്തോളം ജോലിക്കാരുണ്ട് കൊണസ്‌കെയുടെ കമ്പനിയില്‍. 7500 കോടിയുടെ വാര്‍ഷിക വിറ്റുവരവ് ഉണ്ട് ആ കമ്പനിക്ക്. ആ കമ്പനിയുടെ പേരാണ് പാനസോണിക് !

കൊണസ്‌കെ മറ്റ്‌സുഷിതെ നമ്മോട് പറഞ്ഞുവെയ്ക്കുന്നത് ഇതാണ്.. ജീവിതത്തില്‍ ഒരു ഐഡിയ തിരഞ്ഞെടുക്കുക.. അത് വിജയത്തിലെത്തുംവരെ കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരിക്കുക

– ശുഭദിനം.