പാകിസ്ഥാനില്‍ ട്രെയിൻ‌ തട്ടിയെടുത്ത് 450 പേരെ ബന്ദികളാക്കി ബലൂച് ലിബറേഷൻ ആര്‍മി; ആറുപേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്.

6 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബർ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്.

പാകിസ്ഥാൻ സൈന്യം സൈനിക നടപടികള്‍ ആരംഭിച്ചാല്‍‌ കൂടുതല്‍ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച്‌ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു. റെയില്‍വേ ട്രാക്കുകള്‍ സ്ഫോടനത്തില്‍ തകർത്ത് ട്രെയിൻ നിർത്താൻ നിർബന്ധിച്ചതിന് പിന്നാലെ ഇവർ ട്രെയിനിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടികളെയും സ്ത്രീകളെയും മോചിപ്പിച്ചുവെന്നാണ് വിവരം. 120 ഓളം പേർ ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാ‌ണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ബലൂച് ലിബറേഷൻ‌ ആർമിയുടെ മജീദ് ബ്രിഗേഡാണ് ട്രെയിൻ തട്ടിയെടുത്തത്.

പാകിസ്ഥാനില്‍ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂച് ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നുണ്ട്. സാമ്ബത്തിക പ്രതിസന്ധിക്കൊപ്പം ആഭ്യന്തര കലഹങ്ങളാലും പാകിസ്ഥാൻ നട്ടം തിരിയുകയാണ്.‍‌

പതിറ്റാണ്ടുകളായി പാകിസ്ഥാൻ സർക്കാരിനെതിരെ പോരാടുന്ന നിരവധി വംശീയ വിമത ഗ്രൂപ്പുകളില്‍ ഏറ്റവും വലുതാണ് ബി‌എല്‍‌എ, ബലൂചിസ്ഥാനിലെ സമ്ബന്നമായ വാതക, ധാതു വിഭവങ്ങള്‍ അന്യായമായി ചൂഷണം ചെയ്യുന്നുവെന്നും വിഭവങ്ങള്‍ പങ്കുവക്കുന്നതില്‍ തുല്യത പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിമത വിഭാഗങ്ങള്‍ പോരാട്ടം തുടരുന്നത്.

വിസ്തീർണ്ണം അനുസരിച്ച്‌ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. രാജ്യത്തിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം 44 ശതമാനം ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും, ജനസംഖ്യ ഏറ്റവും കുറഞ്ഞ പ്രവിശ്യയാണിത്. ഗ്വാദറിലെ ലോകത്തിലെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖങ്ങളിലൊന്നാണ് പ്രവിശ്യയിലുള്ളത്.

പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാൻ, വടക്കുകിഴക്ക് ഖൈബർ പഖ്തൂണ്‍ഖ്വ, കിഴക്ക് പഞ്ചാബ്, തെക്കുകിഴക്ക് സിന്ധ് എന്നീ പ്രവിശ്യകളുമായി അതിർത്തി പങ്കിടുന്നു. പടിഞ്ഞാറ് ഇറാനുമായും വടക്ക് അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്നു. തെക്കൻ അതിർത്തി അറേബ്യൻ കടലാണ്.