മാസങ്ങള്‍ മാത്രമേ ജീവിക്കൂവെന്ന് ഡോക്ടർമാർ; അർബുദത്തെ അതിജീവിച്ച 13കാരൻ യുഎസ് സീക്രട്ട് സർവീസിൽ, പ്രഖ്യാപിച്ച് ട്രംപ് 

വാഷിങ്ടണ്‍: വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി യു.എസ്. കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത ട്രംപ് പുതിയ തീരുമാനങ്ങളും പദ്ധതികളും വിശദമാക്കിയിരുന്നു.

ദൈർഘ്യമേറിയ ട്രംപിന്റെ ഈ പ്രസംഗത്തിന് പിന്നാലെ ഒരു 13 വയസുകാരനും വാർത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. അർബുദത്തെ അതിജീവിച്ച ഡി.ജെ. ഡാനിയേലാണ് ആ 13-കാരൻ. ഡാനിയേലിനെ യു.എസിലെ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കാനുള്ള ട്രംപിന്റെ തീരുമാനം സംയുക്ത സെഷൻ ‘ഡിജെ, ഡിജെ’ എന്നാർത്തുവിളിച്ചാണ് സ്വീകരിച്ചത്. സീക്രട്ട് സർവീസ് ഡയറക്ടർ ഷോണ്‍ കറനോട് ഡാനിയേലിനെ സീക്രട്ട് സർവീസിലെടുക്കണമെന്ന് ട്രംപ് നേരത്തെ നിർദേശിച്ചിരുന്നു.

മാസങ്ങള്‍ മാത്രമേ ഡാനിയേല്‍ ജീവിക്കൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എന്നാല്‍ അതിനെയെല്ലാം 13-കാരൻ അതിജീവിച്ചു. ഒടുവില്‍ പോലീസ് ഓഫീസർ ആകണമെന്ന് കുട്ടിക്കാലം മുതലുള്ള സ്വപ്നവും സാക്ഷാത്കരിക്കപ്പെട്ടു. സംയുക്ത സെഷനില്‍വെച്ച്‌ സീക്രട്ട് സർവീസ് ഡയറക്ടർ ഡാനിയേലിന് ഓണററി അംഗത്തിനുള്ള ബാഡ്ജ് കൈമാറി.

https://twitter.com/nicksortor/status/1897128014992879640

‘2018-ലാണ് ഡാനിയേലിന് അർബുദം സ്ഥിരീകരിക്കുന്നത്. ഇനി അഞ്ച് മാസം മാത്രമേ ജീവിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എന്നാല്‍, അതിനെയെല്ലാം അവൻ അതിജീവിച്ചു. ഇപ്പോള്‍ അവന്റെ കുട്ടിക്കാലത്തെ ആഗ്രഹം സഫലമാകുകയാണ്. ഡാനിയേലിനെ യു.എസ് സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കിയിരിക്കുകയാണ്.’- ട്രംപ് പറഞ്ഞു.

ഡാനിയേലിന്റെ തലച്ചോറിനും സുഷുമ്നാനാഡിക്കുമാണ് അർബുദം ബാധിച്ചത്. ഇതുവരെ തലച്ചോറില്‍ 13 ശസ്ത്രക്രിയകളാണ് നടത്തിയത്. സീക്രട്ട് സർവീസിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഡാനിയേല്‍.